ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവനക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്
അവളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെങ്കില്‍ ജീവന്‍ നിലനിർത്തിയിരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിർത്താന്‍ എമ്മയുടെ കുടുംബം തീരുമാനിച്ചു.
ഇംഗ്ലണ്ടിലെ പിറ്റ്സീയിലെ എസെക്സ് കെഫ്‍സി ജോലിക്കാരിയായ എമ്മ പ്രൈസ് എന്ന 32 -കാരി ഒരു വര്‍ഷം നീണ്ട അബോധാവസ്ഥയില്‍ നിന്നും ഉണർന്ന് പറഞ്ഞത് ജോലി സ്ഥലത്തെ പീഡനത്തെ കുറിച്ച്. ഒരു വര്‍ഷം മുമ്പ് അമിതമായ വേദന സംഹാരി മരുന്നുകൾ കഴിച്ചതിന് പിന്നാലെയാണ് എമ്മ കോമയിലായത്. കഴിച്ച വേദനാ സംഹാരി മരുന്നുകള്‍ തലച്ചോറിന് ക്ഷതമുണ്ടാക്കിയതിനെ തുടർന്നാണ് എമ്മ കോമയിലേക്ക് വീഴാന്‍ കാരണമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. എമ്മയുടെ അവസ്ഥ കണ്ട കുടുംബം ബാസിൽഡണിൽ നിന്നും പീറ്റ്സിലെത്തുകയും അവളുടെ ചികിത്സ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, എന്തിനാണ് എമ്മ അമിതമായി വേദനാ സംഹാരി മരുന്നുകള്‍ കഴിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
മാസങ്ങളോളും നീണ്ട കാത്തിരിപ്പിനൊടുവില്‍ എമ്മയ്ക്ക് ബോധം വരാതായതോടെ അവളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെങ്കില്‍ ജീവന്‍ നിലനിർത്തിയിരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിർത്താന്‍ എമ്മയുടെ കുടുംബം തീരുമാനിച്ചു. ഹൃദയഭേദകമായ ആ തീരുമാനം കൈകൊണ്ട് അധികം വൈകും മുന്നേ ആരോഗ്യ പ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തി എമ്മ ജീവിതത്തിലേക്ക് തിരിച്ച് വന്നു. എമ്മ തന്‍റെ കുടുംബത്തെ തിരിച്ചറിഞ്ഞെന്ന് അവളെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകരും അറിയിച്ചു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ എമ്മ തനിക്ക് കെഎഫ്‍സിയില്‍ നിന്നും ഭീഷണിപ്പെടുത്തലുകള്‍ നേരിടേണ്ടി വന്നെന്നായിരുന്നു പറഞ്ഞത്. വാര്‍ത്ത പുറത്ത് വന്നതോടെ സംഭവത്തില്‍ കെഎഫ്‍സി അന്വേഷണത്തിന് ഉത്തരവിട്ടു.
എട്ട് വർഷമായി എമ്മ കെഎഫ്‌സിയിൽ ജോലി ചെയ്യുകയായിരുന്നു. ജോലി സ്ഥലത്തെ മറ്റ് ജീവനക്കാര്‍ ജോലി ചെയ്യാതിരിക്കുമ്പോള്‍ തനിക്ക് അമിത ജോലി ചെയ്യേണ്ടിവന്നിരുന്നെന്ന് എമ്മ വീട്ടുകാരോട് നേരത്തെയും പരാതിപ്പെട്ടിരുന്നു. അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് പലപ്പോഴും കരഞ്ഞ് കൊണ്ടാണ് എമ്മ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയിരുന്നതെന്നും കുടുംബവും ആരോപിച്ചു. എമ്മയുടെ വീട്ടുകാര്‍ ഇത് സംബന്ധിച്ച് കെഎഫ്‍സി മാനോജരോട് സംഭവത്തിന് മുമ്പ് തന്നെ പരാതി പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്രയൊക്കെ നടന്നിട്ടും സംഭവത്തില്‍ കെഎഫ്‍സി നടപടികളൊന്നും എടുക്കാതിരുന്നതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കിയതെന്നും വീട്ടുകാര്‍ ആരോപിച്ചു. "ഈ പ്രയാസകരമായ സമയത്ത് എമ്മയ്ക്കും അവളുടെ കുടുംബത്തിനുമൊപ്പമാണ് ഞങ്ങള്‍. ഒരു ബിസിനസ്സ് എന്ന നിലയിൽ എല്ലാ ടീം അംഗങ്ങൾക്കും സുരക്ഷിതമായ ഒരു തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതില്‍ ഞങ്ങൾക്ക് നിര്‍ബന്ധമാണ്. ഈ ആരോപണങ്ങൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്, വിഷയത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചു കഴിഞ്ഞു," എമ്മയുടെ വിഷയം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ കെഎഫ്‍സി അറിയിച്ചു.
ഒരുകാലത്ത് അഞ്ചിൽ ഒരു ഭാഗം വെള്ളത്തിൽ; ചൊവ്വയുടെ ഉള്ളറകളിൽ ജല സാന്നിധ്യം സ്ഥിരീകരിച്ച് നാസ