ബ്ലാസ്റ്റേഴ്‌സിന്‍റെ എവേ മത്സരം, നിറയാത്ത ഗ്യാലറി! എന്താകും ഐഎസ്എല്‍ ഫുട്‌ബോളിന്‍റെ ഭാവി?

ഒരു പക്ഷെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഫുട്‌ബോളിന് ആരാധാകര്‍ കുറവാണ്. ഈ മത്സരം തന്നെ വേണ്ടത്ര സ്‌പോണ്‍സര്‍മാരില്ലാതെയാണ് നടത്തുന്നത്. ഇങ്ങനെയായിരുന്നില്ല ഐഎസ്എല്ലിന്റെ തുടക്കം

Kerala Blasters FC vs Mumbai City FC analysis by S biju

പുതിയ തലമുറക്ക് ഇനി സ്റ്റേഡിയത്തില്‍ വന്ന കളികാണാന്‍ താല്‍പ്പര്യമുണ്ടാവുമോ? അവര്‍ക്ക് എആര്‍ വിആര്‍ സാങ്കേതികതയിലൂടെ കിട്ടുന്ന വെര്‍ച്വല്‍ യാഥാര്‍ത്ഥ്യങ്ങളിലാകും കമ്പം. അതിനാലാണ് മുംബൈ സിറ്റിയുടെ സഹ ഉടമയായ മാഞ്ചസ്‌ററര്‍ സിറ്റി ഇംഗ്ലണ്ടിലെ ഹോംഗ്രൗണ്ടിനെ വിര്‍ച്വല്‍ റിയാലിറ്റി സ്റ്റേഡിയമാക്കി പരിവര്‍ത്തനം ചെയ്യുന്നത്.

 

Kerala Blasters FC vs Mumbai City FC analysis by S biju

 

മറ്റൊരു  ആവശ്യത്തിനാണ് മുംബൈയില്‍ ഇക്കഴിഞ്ഞ ദിവസം എത്തിയത്. സംപ്രേഷണ മേഖലയിലെ സാങ്കേതിക പരിണാമങ്ങളെക്കുറിച്ചുള്ള എക്‌സ്‌പോ കണ്ടിറങ്ങവേയാണ് മുംബൈ ലേഖകന്‍ ശ്രീനാഥ് പറഞ്ഞത്, ഇന്നത്തെ ഐഎസ്എല്ലില്‍ നമ്മുടെ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മില്‍ മത്സരം നടക്കുന്നുണ്ടെന്ന്. അന്ധേരിയിലെ അവരുടെ ഫോം ടര്‍ഫില്‍ നടക്കുന്ന മത്സരം രാത്രി എട്ടിന് നടക്കും. പട്ടിക്കെന്തോന്ന് പരുത്തി കടയില്‍ കാര്യം എന്ന മട്ടായിരുന്നു എനിക്ക്!

പഠിക്കുന്ന കാലത്ത് ഫുട്‌ബോളും ക്രിക്കറ്റും വോളിബോളുമെല്ലാം കളിച്ചിട്ടുണ്ട്. ഹോക്കിയില്‍ ജില്ലാ ലീഗില്‍ കോളജ് ടീമിന് വേണ്ടി ഗോള്‍വലയം കാത്തിട്ടുണ്ട്. ക്രിക്കറ്റില്‍ അണ്ടര്‍ 18, ജില്ലാ തലം വരെ കളിച്ചിട്ടുണ്ട്. മാധ്യമ പഠനം കഴിയുമ്പോള്‍ പയനിയര്‍ പത്രത്തില്‍ ദക്ഷിണേന്ത്യന്‍ സ്‌പോര്‍ട്‌സ് കറസ്‌പോണ്ടന്ററ് അവസരവും കിട്ടിയതാണ്. എന്തു കൊണ്ടോ കായിക മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ എനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. കളിക്കാരനായി തുടരാന്‍ വിരോധമുണ്ടായിരുന്നില്ല. എന്തായാലും ശ്രീനാഥിന്റെ പ്രേരണയില്‍ അഥവാ നിര്‍ബന്ധത്തിലാണ് ഞാന്‍ അങ്ങനെ ആദ്യമായി ഐഎസ്എല്‍ കാണാനായി അന്ധേരിയിലെ സ്റ്റേഡിയത്തില്‍ എത്തിയത്.

ഞായറാഴ്ചയായിട്ടും മുംബൈയിലെ തിരക്കിന് വലിയ കുറവൊന്നുമില്ല. ആദ്യ പകുതി പിന്നിടുമ്പോഴാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. അപ്പോഴേക്കും മുംബൈ സിറ്റി ഒരു ഗോളിന് മുന്നിലായിരുന്നു. പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുംബൈ സിറ്റി എഫ്‌സിയില്‍ പങ്കാളിത്തവും മേല്‍നോട്ടവുമുണ്ടെന്ന് ശ്രീനാഥ് പറഞ്ഞു. എന്തായാലും രണ്ട് ക്ലബ്ബുകളുടേയും ചുരുക്കപ്പേര് എഫ് സി ആണല്ലോ എന്ന് ഞാനും പറഞ്ഞു.

എന്തായാലും സ്റ്റേഡിയത്തിലേക്ക് കടക്കും മുമ്പ് ശ്രീനാഥ് എനിക്ക് മുന്നറിയിപ്പ് തന്നു. കേരളത്തിലുള്ള പോലെ വലിയ ജനക്കൂട്ടത്തെ കാണികളായി പ്രതീക്ഷിക്കരുത്. അത് ശരിവയ്ക്കുന്നതായിരുന്നു സ്റ്റേഡിയത്തിലെ കാഴ്ച. കളിക്കളവും മത്സരവും ഒക്കെ കൊള്ളാം. പക്ഷേ താരതമ്യേന ചെറിയ ഗ്യാലറി. ഒരു നിലമാത്രം. നമ്മുടെ നാട്ടിലെ ശരാശരി സ്റ്റേഡിയത്തിലെ ഗാലറിക്ക്‌പോലും ഇതിലും കൂടുതല്‍ വലിപ്പം കാണും. എന്നിട്ടും അന്ധേരിയിലെ സ്റ്റേഡിയം നിറഞ്ഞിട്ടില്ല. അയ്യായിരം പേര്‍ വരുമെന്ന് ശ്രീനാഥ് പറഞ്ഞു.

അതില്‍ തന്നെ നല്ലൊരു പങ്ക് നമ്മുടെ മഞ്ഞപ്പട. അവരാണ് പ്രധാന ആരവ സംഘം. നിറം മഞ്ഞയായതിനാല്‍ അവര്‍ ഒരു ചെറിയ അലയിളക്കം നടത്താനൊക്കെ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ചെന്നു, അധികം താമസിയാതെ അവര്‍ക്ക് അത് വലിയ തിരമാലയാക്കാനുള്ള കോപ്പായി. സന്ദീപ് സിംഗിന്റെ പാസ്, കുതിച്ചെത്തിയ ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നല്ലൊരു ഗോളാക്കി മാറ്റിയതോടെയാണ് നമ്മുടെ മഞ്ഞപ്പട ഉഷാറായത്.

Kerala Blasters FC vs Mumbai City FC analysis by S biju

എന്തുകൊണ്ട് ഐഎസ്എല്ലിനെ കുറിച്ചുള്ള സാമാന്യ അറിവ് എനിക്ക് കുറവായി എന്നതിനെക്കുറിച്ച്  ചിന്തിച്ചു. അപ്പോഴാണ് ശ്രീനാഥ് ആ കാര്യം പറഞ്ഞത്. ഒരു പക്ഷെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഫുട്‌ബോളിന് ആരാധാകര്‍ കുറവാണ്. ഈ മത്സരം തന്നെ വേണ്ടത്ര സ്‌പോണ്‍സര്‍മാരില്ലാതെയാണ് നടത്തുന്നത്. ഇങ്ങനെയായിരുന്നില്ല ഐഎസ്എല്ലിന്റെ തുടക്കം. കേരളത്തില്‍ പോലും ഐഎസ്എല്‍ സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ക്ക് ഇപ്പോള്‍ വലിയ താല്‍പര്യമില്ല. സംപ്രേഷണം ചെയ്യുന്നവര്‍ പോലും ഒരു ബാധ്യത പോലെയാണ് അത് ചെയ്തത്.

ഇങ്ങനെയാണെങ്കില്‍ ഐഎസ്എലിന്റെ ഭാവി എന്താവുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മത്സരവേദിയില്‍ സംഘാടകര്‍ക്ക് ഉഷാറ് കുറവ്. പണ്ടൊക്കെ ചിയര്‍ ഗേള്‍സും ഡിജെയുമെല്ലാം ഉഷാറാക്കുക പതിവായിരുന്നു. ഇപ്പോള്‍ അതൊന്നും കാണുന്നില്ല. ആവേശം ഉണര്‍ത്താന്‍ ഒരു ഡിജെ അനൗണ്‍സര്‍ മുംബൈ, മുംബൈ എന്നുറക്കെ വിളിച്ചു കൂവിയെങ്കിലും മുംബൈ സിറ്റിയുടെ കാണികള്‍ക്ക് അതൊന്നും വലിയ ആവേശമായില്ല. എന്നു മാത്രമല്ല നമ്മുെടെ ആരാധകര്‍ ഡിജെയെ കളിയാക്കി മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

അന്ധേരിയിലെ ഐഎസ്എല്‍ മത്സരത്തിലെ സംഘാടകര്‍ താരമാക്കാന്‍ ശ്രമിച്ചത് കളിക്കാരേക്കാള്‍ മറ്റു രണ്ടു പേരെയാണ്. ഒന്ന് ഐഎസ്എല്ലിലെ മുതലാളി നിതാ മുകേഷ് അംബാനി, ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് അധ്യക്ഷ എന്ന നിലിയില്‍ റിലയന്‍സ് മുതലാളി മുകേഷ് അംബാനിയുടെ ഭാര്യ നിതയെ പരമാവധി സ്റ്റേഡിയത്തിലും ടിവിയിലും പ്രാധാന്യത്തോടെ കാണിച്ചു. കാണികള്‍ താരങ്ങളുടെ പേരൊക്കെ പറയുന്നുണ്ട്. അപ്പോഴും ടിവി സംപ്രേഷണം സംഘം തേടുന്നത് മറ്റൊരു മുതലാളിയേയിരുന്നു, ആലിയ ഭട്ടിനെ. മുംബൈ സിറ്റി ക്ലബ്ബ് സഹ ഉടമ രണ്‍ബീര്‍ കപൂറിന്റെ പ്രിയതമ ആലിയ ആയിരുന്നു നിത കഴിഞ്ഞാലുള്ള താരം. അവര്‍ കളിയില്‍ വലിയ ആവേശം ഒന്നും പ്രകടിപ്പിക്കുന്നില്ലായിരുന്നു. പക്ഷേ കളിക്കാരെക്കാള്‍ മുതലാളിമാരെ പ്രീതിപ്പെടുത്തിയല്ലേ പറ്റൂ, സംഘാടകര്‍ക്ക്.

എന്തായാലും സമനില ഭേദിച്ച് മുംബൈ ഒരു ഗോളുകൂടി അടിച്ചതോടെയാണ് അവരുടെ ആരാധകര്‍ക്ക് ആവേശമായത്. അവര്‍ ഉഷാര്‍ ആയപ്പോള്‍ നമ്മുടെ മഞ്ഞപ്പടയും ഉണര്‍ന്നു. രണ്ടാം പാതി കഴിഞ്ഞ് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം പരുക്കനായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹകോച്ച് കളിക്കളത്തിലേക്ക് ഇറങ്ങുമോ എന്ന വിധമായിരുന്നു, പിരിമുറുക്കം. ( മറ്റൊരു മത്സരത്തിന് കളിക്കാര്‍ മത്സരം പൂര്‍ത്തിയാകും മുമ്പ് തിരിച്ചു വിളിച്ചതിന് കോച്ച് പുറത്താണ്). ഇതിനിടയില്‍ സ്റ്റേഡിയത്തില്‍ പലരും ഏറ്റുമുട്ടുന്നു. വിദേശ കളിക്കാര്‍ ഏറ്റുമുട്ടാന്‍ ശ്രമിക്കുന്നു. നമ്മുടെ കളിക്കാര്‍ അവരെ പിടിച്ചു മാറ്റുന്നു. പരിക്കേറ്റ കളിക്കാര്‍ സ്‌ട്രെച്ചറില്‍ കയറാന്‍ വിസമ്മതിക്കുന്നു. അങ്ങനെ പലവിധ നാടകങ്ങള്‍ കളിക്കാര്‍ക്കും ഒഫിഷ്യല്‍സിനും മഞ്ഞകാര്‍ഡും ചുവപ്പു കാര്‍ഡുമൊക്കെ വീഴുന്നു. ആകെ ജഗപൊക

ഒടുവില്‍ കേരളം കളം നിറഞ്ഞ് കളിച്ചെങ്കിലും ഒരു ഗോളിന് തോറ്റു. പുറത്തേക്കിറങ്ങിയപ്പോള്‍ ധാരാളം മലയാളി ആരാധകരെ കണ്ടു. ഇവരെല്ലാം മുംബൈ മലയാളികളാണോ എന്ന് ഞാന്‍ ശ്രീനാഥിനോട് ചോദിച്ചു. പലരും കേരളത്തില്‍ നിന്ന് വന്നവരാകാമെന്ന് ശ്രീനാഥ് പറഞ്ഞു. അവര്‍ക്ക് സൗജന്യ ടിക്കറ്റ് കിട്ടിയിട്ടുണ്ടാകുമോ?  

ഏകദിന ക്രിക്കറ്റില്‍ പോലും വേണ്ടത്ര കാണികളില്ല എന്നാണ് അഹമദാബാദിലെ അനുഭവം. ബിസിസിഐ സെക്രട്ടറി ജയ് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണ്. മത്സരം നടന്നത് പ്രധാനമന്ത്രി മോദിയുടെ തട്ടകത്തില്‍. അദ്ദേഹത്തിന്റെ പേരിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. എന്നിട്ടും കാണികള്‍ കുറവ്. വന്നവരില്‍ പലരും സംഘാടകര്‍ തന്നെ നല്‍കിയ ടിക്കറ്റില്‍. വന്ന സ്ത്രീകള്‍ക്ക് പലര്‍ക്കും കളിയെപ്പറ്റി ഒന്നും അറിയില്ല. പലരും നേരത്തെ കളിക്കളം വിടുകയും ചെയ്തു.

പുതിയ തലമുറക്ക് ഇനി സ്റ്റേഡിയത്തില്‍ വന്ന കളികാണാന്‍ താല്‍പ്പര്യമുണ്ടാവുമോ? അവര്‍ക്ക് എആര്‍ വിആര്‍ സാങ്കേതികതയിലൂടെ കിട്ടുന്ന വെര്‍ച്വല്‍ യാഥാര്‍ത്ഥ്യങ്ങളിലാകും കമ്പം. അതിനാലാണ് മുംബൈ സിറ്റിയുടെ സഹ ഉടമയായ മാഞ്ചസ്‌ററര്‍ സിറ്റി ഇംഗ്ലണ്ടിലെ ഹോംഗ്രൗണ്ടിനെ വിര്‍ച്വല്‍ റിയാലിറ്റി സ്റ്റേഡിയമാക്കി പരിവര്‍ത്തനം ചെയ്യുന്നത്. അതൊരു ഗെയിം ചേഞ്ചായിരിക്കും. ലോകത്തിന്റെ ഏതു കോണിലിരുന്ന് തങ്ങളുടെ വീടിന്റെയോ ഹോട്ടലിന്റെയോ സൗകര്യത്തിലിരുന്ന് കളിയനുഭവം കൃത്യമായി ആഴത്തില്‍ അനുഭവിക്കാം എന്ന് വരുമ്പോള്‍ തലമുറ മൈതാനങ്ങളിലേക്ക് വരുമോ? നമ്മളും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios