ഹൃദയഭേദകം, വധുവും വരനും ഹാളിലേക്ക്, ആകെയെത്തിയത് അഞ്ചേയഞ്ചുപേർ, തകർന്നുപോയി എന്ന് യുവതി
ഒമ്പത് വർഷമായി ദമ്പതികൾ ഒരുമിച്ചാണ് കഴിയുന്നത്. ഈ വിവാഹദിനത്തിന് വേണ്ടി ഒരുപാട് കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും.
ഒരുപാട് പേരെ ക്ഷണിച്ചുകൊണ്ട് വിവാഹം കഴിക്കുന്നവരുണ്ട്. അതുപോലെ തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടവരെ മാത്രം ക്ഷണിച്ചുകൊണ്ട് വിവാഹം കഴിക്കുന്നവരും ഉണ്ട്. എന്തൊക്കെയായാലും, വിവാഹത്തിന് കാര്യമായി ക്ഷണിച്ചിട്ടും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയില്ലെങ്കിൽ നമുക്ക് ചിലപ്പോൾ സഹിക്കാനാവില്ല. അതുപോലെ ഒരു അനുഭവമാണ് യുഎസ്സിലെ ഒറിഗോണിൽ നിന്നുള്ള കലിന മേരി എന്ന യുവതിക്കും ഉണ്ടായത്.
ഹൃദയഭേദകമായ സംഭവത്തെ കുറിച്ച് മേരി തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. വരനായ ഷെയ്നിനോടൊപ്പം റിസപ്ഷൻ ഏരിയയിലേക്ക് കടന്നു വരുമ്പോൾ ആകെ വളരെ കുറച്ചുപേർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ദമ്പതികളുടെ മകനാണ് ഇവർക്കൊപ്പം ഇവിടേക്ക് ഇവരെ ആനയിക്കാൻ ഉണ്ടായിരുന്നത്. അത് മാത്രമാണ് ആ ചടങ്ങിൽ തങ്ങൾക്ക് സന്തോഷം തന്നത് എന്നാണ് മേരി പറയുന്നത്. ക്ഷണിച്ചവരിൽ ഭൂരിഭാഗം പേരും എത്താത്തത് തന്നെ വേദനിപ്പിച്ചു എന്നും അവർ പറയുന്നു.
25 പേരെ കത്തയച്ചും 75 പേരെ ഓൺലൈൻ വഴിയും ക്ഷണിച്ചിരുന്നു. എന്നാൽ, അവരിൽ ബഹുഭൂരിഭാഗവും എത്തിയില്ല എന്നും അതൊരു ദുഃസ്വപ്നം പോലെ തോന്നുന്നു എന്നുമാണ് മേരി പറയുന്നത്. ആകെ അഞ്ചുപേർ മാത്രമാണ് ഈ ക്ഷണിച്ചവരിൽ വിവാഹത്തിന് എത്തിയതത്രെ.
ഒമ്പത് വർഷമായി ദമ്പതികൾ ഒരുമിച്ചാണ് കഴിയുന്നത്. ഈ വിവാഹദിനത്തിന് വേണ്ടി ഒരുപാട് കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും. 'ഒരു മണിക്കാണ് എല്ലാവരോടും എത്താൻ പറഞ്ഞത്. 1.15 -ന് എന്റെ അമ്മ എനിക്ക് മെസ്സേജ് അയച്ചു. ആരും വന്നില്ല എന്നായിരുന്നു മെസ്സേജ്. ഒടുവിൽ രണ്ട് മണിക്കാണ് ഞാനും ഭർത്താവും അവിടെ എത്തുന്നത്. അവിടെ ആരും ഉണ്ടായിരുന്നില്ല. 40 പേരെയെങ്കിലും പ്രതീക്ഷിച്ച് തയ്യാറാക്കിയിരുന്ന സ്ഥലത്ത് ആകെയുണ്ടായിരുന്നത് അഞ്ച് പേരായിരുന്നു' എന്നാണ് മേരി കുറിച്ചത്.
എന്തായാലും, പിന്നീട് താനും ഭർത്താവും ചേർന്ന് ഡാൻസ് ചെയ്തുവെന്നും വന്നിരുന്ന അതിഥികൾ ഒപ്പം ചേർന്നുവെന്നും മേരി പറയുന്നു. എന്തിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും മേരി ഒരു പോസ്റ്റിട്ടു. അതിൽ പറയുന്നത് ഇപ്പോഴും താനും ഭർത്താവും വേദനയിലും ദേഷ്യത്തിലും തന്നെയാണ്. എങ്കിലും അതിനെ മറികടക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ് എന്നാണ്.