കാമുകിയുടെ ബർഗർ കഴിച്ചു; ജഡ്ജിയുടെ മകനെ റിട്ട. പോലീസുദ്യോഗസ്ഥന്‍റെ മകന്‍ വെടിവച്ച് കൊലപ്പെടുത്തി
വീടിന്‍റെ സെക്യൂരിറ്റി ഗാർഡിന്‍റെ കൈയില്‍ നിന്നും തോക്ക് തട്ടിയെടുത്താണ് പതിനേഴുകാരന്‍ സുഹൃത്തിനെ വെടിവച്ചത്. പിന്നാലെ, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാമുകിയുടെ ബർഗർ കഴിച്ചതിന് കൗമാരക്കാരനായ കാമുകൻ സുഹൃത്തിനെ കൊലപ്പെടുത്തി. പാക്കിസ്ഥാനിലാണ് സംഭവം. ഫെബ്രുവരി 8 ന് നടന്ന ഈ ദാരുണ സംഭവത്തിന്‍റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. കൊലപാതകം നടത്തിയ 17 -കാരൻ ഒരു റിട്ടയേർഡ് സീനിയർ പോലീസ് സൂപ്രണ്ടിന്‍റെ (എസ്എസ്‌പി) മകനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവ് ഒരു ജഡ്ജിയുടെ മകനാണെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിചേര്‍ക്കുന്നു.
മുൻ എസ്എസ്പി നസീർ അഹമ്മദ് മിർ ബഹറിന്‍റെ മകനാണ് കൊലപാതകം നടത്തിയ ദാനിയാൽ നസീർ മിർ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, 'സംഭവ ദിവസം ദാനിയാൽ തന്‍റെ കാമുകി ഷാസിയയെ കറാച്ചിയിലെ ഡിഫൻസ് ഹൗസിംഗ് അതോറിറ്റി (ഡിഎച്ച്എ) യിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. ഈ സമയം കൊല്ലപ്പെട്ട അലി കെറിയോ, ദാനിയേലിന്‍റെ സഹോദരൻ അഹ്മർ കെറിയോയ്‌ക്കൊപ്പം അതേ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കാമുകിയെ സല്‍ക്കരിക്കാനായി ഡാനിയൽ രണ്ട് സിങ്കർ ബർഗറുകൾ, ഒന്ന് തനിക്കും മറ്റൊന്ന് ഷാസിയക്കുമായി ഓർഡർ ചെയ്തിരുന്നു.
ഡാനിയലും ഷാസിയയും ബർഗറുകൾ കഴിച്ചു കൊണ്ടിരിക്കുന്നത് ഇടയിൽ മുറിയിലേക്ക് കയറി വന്ന അലി കെറിയോ ഷാസിയയുടെ ബർഗർ എടുത്ത് പകുതി ഭാഗം കഴിച്ചു, പിന്നെ ബാക്കിയുള്ളത് അവൾക്ക് തിരികെ നൽകി. അലി കെറിയോയുടെ ഈ പ്രവൃത്തിയിൽ കുപിതനായ ഡാനിയൽ രണ്ടാമതൊന്ന് ആലോചിക്കാതെ, വീടിന്‍റെ സെക്യൂരിറ്റി ഗാർഡിന്‍റെ കൈയില്‍ നിന്നും തോക്ക് തട്ടിയെടുത്ത് അലിയെ വെടിവയ്ക്കുകയായിരുന്നു.
സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വേടിയേറ്റ അലിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ ഇയാള്‍ മരണത്തിന് കീഴടങ്ങിയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 24) പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഉന്നത അധികാരികൾക്ക് അയച്ചതായാണ് പാകിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അറസ്റ്റിലായ ഡാനിയൽ ഇപ്പോൾ ജയിലിലാണ്. വിഷയത്തിൽ കോടതിയില്‍ നിയമനടപടികൾ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'കോഴി ഒരു വികാര ജീവി'; വികാരം വരുമ്പോള്‍ നിറം മാറുമെന്ന് പഠനം