പത്താം ക്ലാസ് പോലും പാസാകും മുമ്പ് ബാങ്കിൽ തൂപ്പുകാരിയായി ചേർന്നു, ഇന്ന് അസി. ജനറൽ മാനേജർ

പുസ്തകങ്ങളും മറ്റും വാങ്ങുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ കടമ്പ. അതിനുള്ള പണം അവളുടെ പക്കൽ ഉണ്ടായിരുന്നില്ല. എന്നാൽ അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അവളെ സഹായിച്ചു. ഒടുവിൽ പത്താം ക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ അവൾ പാസ്സായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

joined as sweeper in bank now AGM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്റ് ജനറൽ മാനേജറാണ് പ്രതീക്ഷ ടൊണ്ടൽവാക്കർ. എന്നാൽ, 37 വർഷങ്ങൾക്ക് മുൻപ് ആ ബാങ്കിൽ അവൾ ജോലിയ്ക്ക് ചേർന്നത് ഒരു തൂപ്പുകാരിയായിട്ടായിരുന്നു. വിശ്വസിക്കാൻ പ്രയാസമായിരിക്കാം. എന്നാൽ, അവൾക്ക് തന്റെ സ്വപ്‍നത്തിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു. അത് നേടിയെടുക്കണമെന്നുള്ള വാശിയുണ്ടായിരുന്നു. അതുകൊണ്ടാണ് പത്താം ക്ലാസ് പോലും പാസ്സാവാത്ത, ചെറുപ്പത്തിൽ തന്നെ വിധവയായ, ജീവിതത്തിൽ ഏറെ വെല്ലുവിളികൾ നേരിട്ട പ്രതീക്ഷ ജീവിതത്തിൽ നിരാശരായവർക്ക് പ്രതീക്ഷയും, മാതൃകയുമാകുന്നത്.  

1964 -ൽ പൂനെയിൽ ഒരു പിന്നോക്ക കുടുംബത്തിലായിരുന്നു അവളുടെ ജനനം. പതിനാറാമത്തെ വയസ്സിൽ വിവാഹം. എസ്ബിഐയിൽ ബുക്ക് ബൈൻഡറായി ജോലി ചെയ്തിരുന്ന സദാശിവ് കാടുവായിരുന്നു ഭർത്താവ്. ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞതിനാൽ പഠിക്കാനൊന്നും സാധിച്ചില്ല. പത്താംക്ലാസ് പോലും പൂർത്തിയാക്കാനായില്ല. വിവാഹശേഷം താമസിയാതെ, മകൻ വിനായക് ജനിച്ചു. കുട്ടിയെ സ്വന്തം മാതാപിതാക്കളെ കാണിക്കാൻ അവളും ഭർത്താവും അവളുടെ വീട്ടിലേയ്ക്ക് പോയി. എന്നാൽ മടങ്ങും വഴി ഒരു അപകടത്തിൽ പെട്ട് അവളുടെ ഭർത്താവ് മരണപ്പെട്ടു. അങ്ങനെ വെറും 20 -ാമത്തെ വയസ്സിൽ ഭർത്താവ് മരിച്ചു, അവൾ വിധവയായി തീർന്നു.

ആ സമയത്ത്, അവൾ ഭർത്താവിന് ബാക്കി കിട്ടാനുള്ള ശമ്പളത്തുക വാങ്ങാനായി ബാങ്ക് വരെ പോയി. "എനിക്ക് ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പഠിപ്പില്ലാത്ത എനിക്ക് എന്ത് ജോലി കിട്ടാനാ. എന്റെ അവസ്ഥ ഞാൻ അവരോട് പറഞ്ഞു. എങ്ങനെയെങ്കിലും ഒരു ജോലി വേണമെന്ന് അപേക്ഷിച്ചു" പ്രതീക്ഷ ഓർത്തു. അങ്ങനെയാണ് ബാങ്കിൽ തൂപ്പുകാരിയായി പാർട്ട് ടൈം ജോലി അവൾക്ക് ലഭിക്കുന്നത്. അവൾ രാവിലെ തന്നെ ബാങ്കിൽ എത്തും. ബാങ്കിന്റെ പരിസരം തൂത്തുവാരുക, ശുചിമുറികൾ വൃത്തിയാക്കുക, ഫർണിച്ചറുകൾ പൊടി തട്ടുക  അങ്ങനെ എല്ലാം ജോലികളും മുടക്കം കൂടാതെ ചെയ്യും. മാസം 60 - 65 വരെ രൂപയായിരുന്നു ശമ്പളം. ബാക്കിയുള്ള സമയം മറ്റ് ചെറിയ ചെറിയ ജോലികൾക്കും പോയിരുന്നു. മുംബൈ പോലുള്ള നഗരത്തിൽ ജീവിക്കാനും, മകനെ നോക്കാനും അവൾക്ക് നല്ലപോലെ അധ്വാനിക്കേണ്ടി വന്നു.

എന്നാൽ, ബാങ്കിൽ ജോലി ചെയ്യുന്ന മറ്റുള്ളവരെ കണ്ടപ്പോൾ അവൾക്കും അവരിൽ ഒരാളാകാൻ ആഗ്രഹം തോന്നി. ഒരിക്കലും നടക്കാൻ സാധ്യതയില്ലെങ്കിലും, ഒന്ന് ശ്രമിച്ചുനോക്കാൻ തന്നെ അവൾ തീരുമാനിച്ചു. അതിന് ആദ്യം പത്താം ക്ലാസ്സ് പാസാകണമായിരുന്നു. എങ്ങനെ പരീക്ഷ പാസാകാമെന്ന് അവിടെയുള്ള മറ്റ് ബാങ്ക് ഉദ്യോഗസ്ഥരോട് അവൾ തിരക്കി. അവളുടെ ആത്മവിശ്വാസം കണ്ട് കൂടെയുള്ളവർ അത്ഭുതപ്പെട്ടു. അവർ അവളെ പരീക്ഷാ ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കുകയും പഠിക്കാൻ ഒരു മാസത്തെ അവധി അനുവദിക്കുകയും ചെയ്തു.  

പുസ്തകങ്ങളും മറ്റും വാങ്ങുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ കടമ്പ. അതിനുള്ള പണം അവളുടെ പക്കൽ ഉണ്ടായിരുന്നില്ല. എന്നാൽ അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും അവളെ സഹായിച്ചു. ഒടുവിൽ പത്താം ക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ അവൾ പാസ്സായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സഹപ്രവർത്തകരുടെ സഹായത്തോടെ പഠിച്ച് 12-ാം ക്ലാസ് പാസായി. 1993 ൽ അവൾ വീണ്ടും വിവാഹിതയായി. ബാങ്കിൽ തന്നെയുള്ള പ്രമോദ് ടൊണ്ടൽവാക്കറായിരുന്നു വരൻ. തുടർന്ന്, അവൾ മുംബൈയിലെ ഒരു നൈറ്റ് കോളേജിൽ ചേർന്നു. 1995 -ൽ മനഃശാസ്ത്രത്തിൽ ബിരുദം നേടി. ബാങ്കിൽ ആദ്യം ക്ലാർക്കായിട്ടാണ് അവൾ ചേർന്നത്. പിന്നീട് ട്രെയിനി ഓഫീസറാക്കി. പിന്നെ പടിപടിയായി ഉയർന്ന് ഇപ്പോൾ അസിസ്റ്റന്റ് ജനറൽ മാനേജറുമായി. ഇനി വിരമിക്കാൻ രണ്ട് വർഷം മാത്രമേ ബാക്കിയുള്ളൂ. അത് കഴിഞ്ഞാൽ പ്രകൃതിചികിത്സയിൽ ഒരു കരിയർ പിന്തുടരാനാണ് അവൾ ആഗ്രഹിക്കുന്നത്. അതിനായി 2021 -ൽ ഒരു കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios