വാഷ് ബേസിനും ക്ലോസറ്റും ഒന്നിച്ച്, സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ജപ്പാന്‍കാരുടെ ടോയിലറ്റ്!
ഫ്‌ളഷിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിങ്ക് ഒരു വാഷ് ബേസിന്‍ ആയി ഉപയോഗിക്കാം. ഇവിടെ ആളുകള്‍ക്ക് കൈ കഴുകാന്‍ സാധിക്കും
ഒരു ടോയിലറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ചര്‍ച്ചാവിഷയം. ജപ്പാന്‍കാര്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ച ഈ ടോയിലറ്റിന് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ഇത്രമാത്രം ബുദ്ധിപൂര്‍വ്വം ആലോചിച്ച് ടോയിലറ്റ് ഡിസൈന്‍ ചെയ്ത ജപ്പാന്‍കാരുടെ ബുദ്ധിയെ ഇപ്പോള്‍ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ. വളരെ ഒതുക്കമുള്ളതും എന്നാല്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരവുമാണ് എന്നതാണ് ഈ ടോയിലറ്റിന്റെ പ്രത്യേകത.
ദൈനംദിന ഉപയോഗ വസ്തുക്കളുടെ നിര്‍മ്മാണത്തിലും മറ്റെന്തെങ്കിലും സൂത്രപ്പണികളുടെ കാര്യത്തിലും അന്നും ഇന്നും ലോകത്തെ നയിക്കുന്നത് ജപ്പാന്‍ തന്നെയാണ്. ഒരു ജാപ്പനീസ് കുടുംബത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊണ്ട്, അതായത് സ്ഥലത്തിന്റെയും മറ്റ് വിഭവങ്ങളുടെയും പരമാവധി ഉപയോഗത്തിനായി നിര്‍മ്മിച്ച ഒരു ടോയിലറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിക്കാന്‍ കാരണം.
ഒരു സിങ്ക് ഘടിപ്പിച്ചിരിക്കുന്ന ജാപ്പനീസ് ടോയിലറ്റിന്റെ ഫോട്ടോയാണ് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫ്‌ളഷിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന സിങ്ക് ഒരു വാഷ് ബേസിന്‍ ആയി ഉപയോഗിക്കാം. ഇവിടെ ആളുകള്‍ക്ക് കൈ കഴുകാന്‍ സാധിക്കും, കൈ കഴുകിയ ഈ അഴുക്കുവെള്ളം ഫ്‌ളഷ് ടാങ്കിലേക്ക് പോകുന്നു. അത് ടോയിലറ്റ് ഫ്‌ളഷ് ചെയ്യാന്‍ വീണ്ടും ഉപയോഗിക്കുന്നു.
സ്ഥലം ലാഭിക്കുന്നതിനും ജലം സംരക്ഷിക്കുന്നതിനുമുള്ള ഈ സമര്‍ത്ഥമായ സാങ്കേതികത നെറ്റിസണ്‍മാരെ ആകര്‍ഷിച്ചു കഴിഞ്ഞു. ഈ ടോയിലറ്റ്-വാഷ്‌ബേസിന്റെ ഫോട്ടോ ഒക്ടോബര്‍ 11-നാണ് @fasc1nate എന്ന ട്വിറ്റര്‍ ഉപയോക്താവ് ഓണ്‍ലൈനില്‍ പങ്കിട്ടത്. ഈ ട്വീറ്റിന് ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. എപ്പോഴും നിരവധി പേരാണ് ട്വീറ്റ് റീട്വീറ്റ് ചെയ്യുന്നത്.
'പല ജാപ്പനീസ് ടോയിലറ്റുകളിലും, ഹാന്‍ഡ് വാഷ് സിങ്ക് ഘടിപ്പിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് കൈ കഴുകാനും അടുത്ത ഫ്‌ളഷിനായി വെള്ളം വീണ്ടും ഉപയോഗിക്കാനും കഴിയും. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ജപ്പാന്‍ ഇങ്ങനെ ലാഭിക്കുന്നത്. 'ഈ വാചകങ്ങളോടെയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്.