99 കോടി ലോട്ടറിയടിച്ചു, ഒറ്റരൂപ കിട്ടിയില്ല, 'ഭാഗ്യക്കേടി'ന്റെ കഥ 31 വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തി 77 -കാരി
തിരികെ വീട്ടിലെത്തിയ ശേഷം കൂട്ടുകാരിയാണ് സ്റ്റാറ്റൻ ദ്വീപിലെ ആർക്കോ 99 കോടി രൂപ ലോട്ടറിയടിച്ചിട്ടുണ്ട് എന്ന കാര്യം ജാനെറ്റിനെ വിളിച്ചു പറഞ്ഞത്. ജാനെറ്റ് ഉടനെ തന്നെ പത്രം പരിശോധിച്ചു.
ലോട്ടറി അടിക്കുക എന്നാൽ ഒരാളുടെ ഭാഗ്യം പോലെയാണ് എന്ന് പറയാറുണ്ട്. എന്നാൽ, ഒരു നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി അടിച്ചിട്ട് ആ തുക കയ്യിൽ കിട്ടാനുള്ള ഭാഗ്യമില്ലാതെയായാൽ എന്ത് ചെയ്യും? അങ്ങനെ സംഭവിച്ചു- ന്യൂയോർക്കിലുള്ള ജാനെറ്റ് വാലെന്റി എന്ന 77 -കാരിയാണ് 31 വർഷങ്ങൾക്ക് ശേഷം ആ കഥ വെളിപ്പെടുത്തിയത്.
1991 -ലാണ് ജാനെറ്റിന് ലോട്ടോ ജാക്ക്പോട്ട് അടിക്കുന്നത്. സമ്മാനത്തുക പന്ത്രണ്ട് മില്ല്യൺ ഡോളർ അതായത് 99 കോടിയിലധികം. എന്നാൽ, അവർക്ക് തനിക്കാണ് ആ സമ്മാനം ലഭിച്ചത് എന്ന് പറയാൻ സാധിച്ചിരുന്നില്ല. ജാനെറ്റ് കാണിച്ച ചെറിയൊരു ശ്രദ്ധക്കുറവാണ് കോടീശ്വരിയാകാനുള്ള അവരുടെ അവസരം ഇല്ലാതാക്കിയത്. ജാനെറ്റ് പറയുന്നത് പ്രകാരം 1991 ജൂലൈ മാസത്തിലാണ് അവരാ ടിക്കറ്റ് എടുത്തത്. ആ ടിക്കറ്റും മറ്റ് ചില ടിക്കറ്റുകളും കൂടി മേശയിൽ വച്ച് ജാനെറ്റ് ലോട്ടറിഫലം പരിശോധിക്കുകയായിരുന്നു. ടിക്കറ്റുകൾക്കൊന്നും സമ്മാനമില്ലാത്തതിനാൽ തന്നെ അവരാ ടിക്കറ്റുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കുകയും ചെയ്തു.
എന്നാൽ, അങ്ങനെ ഉപേക്ഷിച്ച ടിക്കറ്റുകളുടെ കൂട്ടത്തിൽ അവർ ഒരു ലോട്ടറി ടിക്കറ്റ് പരിശോധിക്കാതെയാണ് ഉപേക്ഷിച്ചത്. അതായിരുന്നു ഈ 99 കോടി സമ്മാനമടിച്ച ലോട്ടറി. ശേഷം ജാനെറ്റ് തന്റെ രണ്ട് കുട്ടികളെയും അമ്മയേയും കൂട്ടി ഒരു സുഹൃത്തിന്റെ വീട്ടിൽ വീക്കെൻഡ് ആഘോഷിക്കാനും പോയി. അപ്പോഴും 99 കോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റാണ് താൻ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചിരിക്കുന്നത് എന്നതിനെ കുറിച്ച് യാതൊരറിവും അവർക്കില്ലായിരുന്നു.
തിരികെ വീട്ടിലെത്തിയ ശേഷം കൂട്ടുകാരിയാണ് സ്റ്റാറ്റൻ ദ്വീപിലെ ആർക്കോ 99 കോടി രൂപ ലോട്ടറിയടിച്ചിട്ടുണ്ട് എന്ന കാര്യം ജാനെറ്റിനെ വിളിച്ചു പറഞ്ഞത്. ജാനെറ്റ് ഉടനെ തന്നെ പത്രം പരിശോധിച്ചു. അതിൽ ആ നമ്പറുണ്ടായിരുന്നു. താനെടുത്ത ടിക്കറ്റിന്റെ നമ്പറും ജാനറ്റിന് ഓർമ്മയുണ്ടായിരുന്നു. അതേ നമ്പറിന് തന്നെയാണ് സമ്മാനം ലഭിച്ചിരിക്കുന്നത് എന്ന് കണ്ടപ്പോൾ അവൾ സ്തംഭിച്ചുപോയി. എന്നാൽ, ആ ടിക്കറ്റ് ഒരിടത്തും ഉണ്ടായിരുന്നില്ല. ചവറ്റുകുട്ട നോക്കിയപ്പോൾ അതും കാലിയാക്കിയിരുന്നു. അഭിഭാഷകരുടെ സഹായം വരെ ജാനെറ്റ് തേടി. എന്നാൽ, ആ ലോട്ടറി ടിക്കറ്റ് ഹാജരാക്കുക എന്നതല്ലാതെ സമ്മാനത്തുക കിട്ടാൻ മറ്റൊരു മാർഗവും ഇല്ല എന്ന് അവർ അവളോട് പറഞ്ഞു.
ഭർത്താവ് മരിച്ച ജാനെറ്റ് തനിച്ചായിരുന്നു രണ്ട് മക്കളെ വളർത്തുന്നത്. തനിക്ക് കിട്ടിയ മഹാഭാഗ്യം കൈപ്പറ്റാൻ സാധിക്കാതിരുന്നത് എക്കാലത്തേക്കുമായി ജാനെറ്റിന് വേട്ടയാടി. 30 വർഷങ്ങൾക്ക് ശേഷം ജാനെറ്റ് ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
വായിക്കാം: പോണ്ടിച്ചേരി യാത്രയിൽ ആപ്പിൾ പെൻസിൽ നഷ്ടപ്പെട്ടു, മുംബൈ സ്വദേശിനി വീട്ടിലെത്തിയതിന് പിന്നാലെ സർപ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: