വിദേശത്തു നിന്നുള്ള സ്ത്രീകൾക്ക് 'വില'യിട്ട് യുവാവ്, വൻരോഷം, കേസെടുത്ത് പൊലീസ്
'150 രൂപയാണ് ഇവരുടെ വില' എന്നാണ് ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഇയാൾ പറയുന്നത്. മറ്റുള്ളവർക്കും ഇതുപോലെ ഇയാൾ വില നിശ്ചയിക്കുന്നുണ്ട്. 200, 500, 300 എന്നിങ്ങനെയാണ് വില പറയുന്നത്.
സ്ത്രീകളെ വില്പനച്ചരക്കുകളായി കാണുന്ന പുരുഷന്മാർ എല്ലായിടത്തും എല്ലാക്കാലവും ഉണ്ട്. ചിലരാവട്ടെ സ്ത്രീകളുടെ നേരെ അതിക്രമം കാണിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ്. സമാനമായി പെരുമാറിയ ഒരു യുവാവിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു.
ജയ്‍പൂരിലാണ് സംഭവം. ടൂറിസ്റ്റുകളായ സ്ത്രീകൾക്ക് നേരെ അനുചിതമായ പരാമർശം നടത്തിയതിനാണ് യുവാവിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമാനമായ അനേകം പോസ്റ്റുകൾ യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു വീഡിയോയിൽ യുവാവ് കുറച്ച് വിദേശികളായ സ്ത്രീകളുടെ അടുത്ത് നിൽക്കുന്നത് കാണാം. പിന്നീട്, അവർ ഓരോരുത്തർക്കും ഇയാൾ വില നിശ്ചയിക്കുകയാണ്.
ജയ്പൂരിലെ അമേർ ഫോർട്ടിനടുത്താണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. '150 രൂപയാണ് ഇവരുടെ വില' എന്നാണ് ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി ഇയാൾ പറയുന്നത്. മറ്റുള്ളവർക്കും ഇതുപോലെ ഇയാൾ വില നിശ്ചയിക്കുന്നുണ്ട്. 200, 500, 300 എന്നിങ്ങനെയാണ് വില പറയുന്നത്. എന്നാൽ, യുവാവിന്റെ സംസാരം ഹിന്ദിയിൽ ആയിരുന്നു എന്നതിനാൽ തന്നെ വിദേശ വനിതകൾക്ക് ഇയാൾ എന്താണ് പറയുന്നത് എന്ന് മനസിലാകുന്നില്ല. അവർ ക്യാമറയിൽ നോക്കി കൈവീശുന്നത് കാണാം.
യുവാവ് പകർത്തിയ വീഡിയോ വലിയ രോഷമാണ് നെറ്റിസൺസിന്റെ ഇടയിൽ ഉണ്ടാക്കിയിരിക്കുന്നത്. നിരവധിപ്പേർ ഇയാളെ വിമർശിച്ചുകൊണ്ട് പോസ്റ്റിട്ടു. ഇതുകൊണ്ടാണ് മറ്റ് രാജ്യത്ത് നിന്നുള്ള ടൂറിസ്റ്റുകൾ ഇന്ത്യയിലേക്ക് വരാത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് മര്യാദ എന്താണ് എന്ന് പഠിപ്പിക്കുകയാണ് വേണ്ടത് എന്നാണ് ഒരാൾ കമന്റ് നൽകിയത്.
ഇയാൾക്കെതിരെ കേസെടുത്ത് തക്കതായ ശിക്ഷ തന്നെ നൽകണം എന്ന് പറഞ്ഞവരും ഒരുപാടുണ്ട്. അതേസമയം പോസ്റ്റിൽ ജയ്‍പൂർ പൊലീസിനെ ടാഗ് ചെയ്തവരുമുണ്ട്. ഇതിന് മറുപടിയായി യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നും അന്വേഷണം നടക്കുകയാണ് എന്നുമാണ് പൊലീസ് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം