'വരൂ താമസിക്കൂ, 27 ലക്ഷം നേടൂ'; ടസ്കാൻ പർവത നിരകൾക്ക് സമീപം താമസിക്കാൻ പണം വാഗ്ദാനം ചെയ്ത് സർക്കാർ
'റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024' എന്നാണ് പദ്ധതിയുടെ പേര്. ഈ പ്രവിശ്യയിൽ ആരെങ്കിലും ഒരു വീട് വാങ്ങുകയാണെങ്കിൽ, ആ വ്യക്തിക്ക് 10,000 മുതൽ 30,000 യൂറോ വരെ (9 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ) പ്രാദേശിക സര്‍ക്കാര്‍ നല്‍കും.
ആഡംബര പൂർണമായ ഒരു സ്ഥലത്ത് താമസിക്കാൻ ആരെങ്കിലും നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്താൽ എന്തായിരിക്കും നിങ്ങളുടെ നിലപാട്? തീർച്ചയായും ഭൂരിഭാഗം ആളുകളും ആ വാഗ്ദാനം നിരസിക്കാൻ സാധ്യതയില്ല. അത്തരത്തിൽ ഒരു മോഹന വാഗ്ദാനവുമായി താമസിക്കാൻ ആളുകളെ തേടുകയാണ് ഇറ്റാലിയൻ പ്രവിശ്യയിലെ സർക്കാർ. സ്വർഗ്ഗം പോലുള്ള ഈ ഗ്രാമത്തിൽ താമസിക്കാൻ തയ്യാറാക്കുന്നവർക്ക് 27 ലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇനി ആ സ്ഥലം ഏതാണെന്ന് അറിയേണ്ടേ? ഇറ്റലിയിലെ ടസ്കാനി പ്രവിശയിലാണ് താമസിക്കാൻ ആളില്ലാതെ വന്നതോടെ പ്രതിഫലം നൽകി താമസക്കാരെ തേടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കുടിയേറ്റ പ്രശ്നവും ജനസംഖ്യയിലെ കുറവും വെല്ലുവിളി ആയതോടെയാണ് ടസ്കാനി പ്രവിശ്യയിലെ 'സർക്കാർ ഇത്തരത്തിൽ വേറിട്ട ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് യൂറോ വാർത്താ റിപ്പോർട്ട് ചെയ്യുന്നു. 'റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024' എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പ്രവിശ്യയിൽ ആരെങ്കിലും ഒരു വീട് വാങ്ങുകയാണെങ്കിൽ, ആ വ്യക്തിക്ക് 10,000 മുതൽ 30,000 യൂറോ വരെ (9 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ) ലഭിക്കും. നിലവിൽ ഈ സ്ഥലത്ത് വെറും 119 പേർ മാത്രമാണ് താമസക്കാരായി ഉള്ളത്. ഇറ്റലിയിലെ ഫ്ലോറന്‍സ് നഗരം ടസ്കാനിയന്‍ പ്രവിശ്യയിലാണ്. ടസ്കാൻ പർവതനിരകൾ ഇറ്റലിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇടം കൂടിയാണ്. പ്രകൃതി സൗന്ദര്യത്താൽ സമ്പന്നമാണ് ഈ സ്ഥലം. ഇവിടെ ഒരു വീട് വാങ്ങിക്കാൻ വെറും 1 യൂറോ (90 രൂപ) മാത്രം മതിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 90 രൂപ കൊടുത്ത് ഒരു വീട് വാങ്ങിക്കുന്നവർക്കാണ് സർക്കാർ 27 ലക്ഷം രൂപ വരെ സമ്മാനമായി നൽകുന്നത്.
പക്ഷേ, സ്ഥലം വാങ്ങാന്‍ ഇതുമായി ബന്ധപ്പെട്ട് ചില നിബന്ധനകള്‍ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സ്കീമിന് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇറ്റാലിയൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയനിലെ പൗരനായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. പുറമ്പോക്ക് ആളുകൾ 10 വർഷത്തേക്ക് റെസിഡൻഷ്യൽ പെർമിറ്റ് വാങ്ങണം. നവീകരണത്തിന് ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം മാത്രമാണ് സർക്കാർ നൽകുന്നത്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ ഉയർച്ച ഉണ്ടാക്കുക എന്നതാണ്, കാരണം കൂടുതൽ ആളുകൾ സ്ഥിരതാമസമാക്കുന്നത് തൊഴിൽ വർദ്ധനയിലേക്ക് നയിക്കും. അതിലൂടെ സമ്പദ് വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുമെന്നാണ് പ്രാദേശിക സര്‍ക്കാറിന്‍റെ കണക്ക് കൂട്ടൽ.