ആറ് വർഷം കാത്തിരുന്നൊരു ക്ലിക്ക്; പെർഫെക്ട് എന്ന് നാസ, വൈറലായി ചിത്രം
നാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ചിത്രത്തിന് മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു. ഇതിന്റെ ടൈം ലാപ്സ് വിഡിയോയും വലെറിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഒരു ചിത്രം ക്യാമറയിൽ പകർത്താൻ എത്ര സമയം കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണ്? അത് എത്ര തന്നെയായാലും ഇറ്റാലിയൻ ഫോട്ടോഗ്രാഫർ വലേരിയോ മിനാറ്റോ നടത്തിയ കാത്തിരിപ്പിനോളം എത്താനുള്ള സാധ്യത കുറവാണ്. കാരണം ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രം പകർത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം കാത്തിരുന്നത് ഒന്നും രണ്ടുമല്ല ആറ് വർഷമാണ്.
ആറ് വർഷത്തെ പ്രയത്നത്തിനൊടുവിൽ അദ്ദേഹം തന്റെ ആഗ്രഹം പോലെ തന്നെ 'ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രം', പകർത്തി കഴിഞ്ഞു. ഈ നേട്ടത്തിനായി ചന്ദ്രന്റെ സഞ്ചാരപദവും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം പഠിക്കേണ്ടി വന്നു ഈ ഫോട്ടോഗ്രാഫർക്ക്. ഇപ്പോഴിതാ നാസയെ പോലും വിസ്മയ്പ്പിക്കുന്ന ഒരു ചിത്രവുമായെത്തിയിരിക്കുകയാണ് വലെറിയോ.
2023 ഡിസംബർ 15 -ന് രാത്രി 6.52 -നാണ് വലെറിയ വർഷങ്ങളോളം കാത്തിരുന്ന ആ ഷോട്ട് ക്യാമറയിൽ പതിഞ്ഞത്. ചാന്ദ്ര വിന്യാസത്തിന്റെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ടൂറിനിലെ സുപെർഗ ബസിലിക്കയുടെ ഗോപുരവും പിന്നിൽ മോന്റെ വിസോ മലനിരകളും അതിന് പിന്നിലായി ചന്ദ്രനും വരുന്ന മാജിക്കൽ ഫ്രെയിമാണ് ഇറ്റാലിയൻ ഫോട്ടോഗ്രാഫർ പകർത്തിയത്. ഡിസംബറിൽ നാസയുടെ "അസ്ട്രോണമി പിക്ചർ ഓഫ് ദി ഡേ" അവാർഡും ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തു.
നാസ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ചിത്രത്തിന് മൂന്ന് ലക്ഷത്തിന് മുകളിൽ ലൈക്കുകൾ ലഭിച്ചു കഴിഞ്ഞു. ഇതിന്റെ ടൈം ലാപ്സ് വിഡിയോയും വലെറിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് നെറ്റിസൺസ് അദ്ദേഹത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഇന്നോളം കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ ചിത്രം എന്നാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകളിൽ കൂടുതലും.