ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ ഗ്രാമം; പക്ഷേ, നല്‍കിയ വില അഞ്ച് ജീവനുകൾ
'ഞങ്ങൾ, നിങ്ങൾക്ക് ധാരാളം ഗ്രാമങ്ങൾ തരും, എന്നാൽ ഇസ്സൂരല്ല' എന്നായിരുന്നു അന്നത്തെ മൈസൂര്‍ മഹാരാജാവ് ജയചാമരാജ വോഡയർ ബ്രിട്ടീഷ് സര്‍ക്കാറിനോട് പറഞ്ഞത്. (ചിത്രം കർണാടകയിലെ ഇസ്സുരു ഗ്രാമത്തിൽ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനി ഹുച്ചുരായപ്പ. ഇസ്സുരുവിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ എഴുതിയ ഓര്‍മ്മക്കല്ലും. കടപ്പാട്: നവീദ്, എക്സില്‍ നിന്നും))
കർണ്ണാടകയുടെ തീരദേശ നഗരമായ ഉടുപ്പിയില്‍ നിന്നും ഏതാണ്ട് 176 കിലോമീറ്റര്‍ ദൂരയാണ് വയലുകള്‍ നിറഞ്ഞ ശാന്തസുന്ദരമായ ഇസ്സുരു ഗ്രാമം. രാജ്യത്തിന്‍റെ 78 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ന്, പച്ചപ്പ് നിറഞ്ഞ വിശാലമായ വയലുകളാല്‍ ചുറ്റപ്പെട്ട ശാന്തസുന്ദരമായ ഗ്രാമമാണ് ഇസ്സുരു എങ്കില്‍ 1942 ലെ ഓഗസ്റ്റ് മാസത്തില്‍ ഇസ്സുരു അങ്ങനെയായിരുന്നില്ല. വയലുകളില്‍ ചോരചാലുകള്‍ ഒഴുകിയ മൃതദേഹങ്ങള്‍ വീണു കിടന്ന കത്തിയെരിഞ്ഞ അനേകം കുടിലുകള്‍ നിറഞ്ഞതായിരുന്നു ഇസ്സുരു എന്ന ഗ്രാമം. സ്വാതന്ത്ര്യാനന്തരം പതുക്കെ നമ്മുടെ ഓർമ്മകളില്‍ നിന്നും ഇസ്സുരു മാഞ്ഞു പോയി.
1942 ഓഗസ്റ്റ് എട്ടിനാണ് സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്ന മഹാത്മാ ഗാന്ധി, 'ക്വിറ്റ് ഇന്ത്യ' എന്ന വിപ്ലവകരമായ മുദ്രാവാക്യം ബ്രിട്ടീഷുകാര്‍ക്കെതിരെ ഉയര്‍ത്തുന്നത്. പിന്നാലെ ബ്രിട്ടീഷ് ഇന്ത്യയിലെങ്ങും ബ്രിട്ടന്‍റെ അധികാരത്തിനെതിരെ ശക്തമായ വികാരം ഉയര്‍ന്നു. ഈ വികാരം ഇന്ത്യയിലെ വിദൂരമായ ഗ്രാമങ്ങളെ പോലും സ്വാധീനിച്ചു. ബ്രീട്ടിഷ് നികുതിക്കും അക്രമ ഭരണത്തിനും എതിരെ പൊറുതി മുട്ടിയ സാധാരണക്കാരന്‍ തങ്ങള്‍ക്ക് കിട്ടിയ ജീവശ്വാസമായി ഗന്ധിജിയുടെ 'ക്വിറ്റ് ഇന്ത്യാ' മുദ്രാവാക്യത്തെ ചേര്‍ത്ത് പിടിച്ചു.
അതുവരെ ശാന്തമായിരുന്ന ഇസ്സുരുവില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തത് അപ്പോഴായിരുന്നു. ഷിമോഗ (ശിവമൊഗ്ഗ) ജില്ലയിലെ ശിക്കാരിപൂർ താലൂക്കിലെ ഒരു ഗ്രാമം മുഴുവന്‍ 'ക്വിറ്റ് ഇന്ത്യാ' മുദ്രാവാക്യം ഏറ്റ് വിളിച്ചതിനൊപ്പം തങ്ങളുടെ ഗ്രാമത്തിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനവും നടത്തി. അതൊരു വെറും പ്രഖ്യാപനം മാത്രമായിരുന്നില്ല. ഒരു പ്രവിശ്യാ ഭരണകൂടത്തെ തന്നെ അവര്‍ തെരഞ്ഞെടുത്തു. അവര്‍ തങ്ങളുടെ ഗ്രാമത്തിലെ നേതാവായിരുന്ന സാഹുക്കാർ ബസവേനപ്പയുടെ പിന്നില്‍ ഉറച്ച് നിന്നു. ഇസ്സൂരിലെ കർഷകരുടെ ഈ ധീരമായ തീരുമാനം രാജ്യത്തുടനീളം പ്രതിധ്വനിച്ചു.
ഗാന്ധി തൊപ്പികൾ ധരിച്ച സ്വാതന്ത്ര്യ ബോധമുള്ള യുവാക്കൾ വീരഭദ്രേശ്വർ ക്ഷേത്രത്തിൽ ത്രിവർണ പതാക ഉയർത്തി. ബ്രിട്ടീഷ് സർക്കാരിന്‍റെ ഉദ്യോഗസ്ഥർ തങ്ങളുടെ ഗ്രാമത്തിൽ കയറി പോകരുതെന്ന് അവര്‍ പ്രഖ്യാപിച്ചു. ഇത്തരം പ്ലക്കാർഡുകള്‍ ഗ്രാമത്തിന്‍റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കപ്പെട്ടു. ബസവേനപ്പയുടെ നേതൃത്വത്തില്‍ സ്വന്തം സര്‍ക്കാറിനെയും ഗ്രാമവാസികള്‍ പ്രഖ്യാപിച്ചു. 16 വയസ്സുള്ള ജയണ്ണയും (തഹസിൽദാർ), മലപ്പയ്യയും (സബ് ഇൻസ്പെക്ടർ) ആയിരുന്നു ഗ്രാമത്തിലെ ഭരണകാര്യങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവരെയും ജയിലില്‍ അടയ്ക്കാന്‍ നിയമ തടസമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സാഹുക്കാർ ബസവേനപ്പ ഇത്തരമൊരു തീരുമാനമെടുത്തത്. ഒപ്പം ബ്രിട്ടീഷ് ഭരണത്തെ പൂര്‍ണ്ണമായും എതിര്‍ത്ത് ഗ്രാമം സ്വന്തമായ ചില നിയമങ്ങളും കൊണ്ടുവന്നു. ഗ്രാമത്തിലേക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിച്ചത് അതിലൊന്നായിരുന്നു.
കൊളോണിയൽ സർക്കാറിന് വേണ്ടി നികുതി പിരിക്കാൻ വന്ന റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ 'ഇംഗ്ലീഷ് നായ്ക്കൾ' എന്ന് വിളിച്ച് ഗ്രാമവാസികള്‍ അപമാനിച്ചു. അവരുടെ കൈയിലിരുന്ന രേഖകള്‍ പിടിച്ചെടുത്ത നാട്ടുകാര്‍ അവ കീറിക്കളഞ്ഞു. ഗ്രാമത്തില്‍ സംഘർഷം ഉടലെടുത്ത വാര്‍ത്ത ബ്രിട്ടീഷുകാരുടെ ചെവിയിലുമെത്തി. പ്രശ്നം അന്വേഷിക്കാനായി തഹസിൽദാറും സബ് ഇൻസ്‌പെക്‌ടരും എട്ട് പോലീസുകാരുമടക്കം 10 ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലെത്തി. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലേക്ക് കടന്നുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഗ്രാമവാസികളെല്ലാം ക്ഷേത്രത്തിനടുത്തുള്ള തുറസ്സായ സ്ഥലത്ത് ഒത്തുകൂടി.
ഇതിനിടെ ആള്‍ക്കൂട്ടം തഹസിൽദാരെയും സബ് ഇൻസ്‌പെക്ടറെയും ഗാന്ധി തൊപ്പി ധരിക്കാൻ നിർബന്ധിച്ചു. ആള്‍ക്കൂട്ടത്തെ കണ്ട് സബ് ഇന്‍സ്പെക്ടര്‍ കെഞ്ചഗൗഡ ആകാശത്തേക്ക് വെടിയുതിർത്തു. വെടി ശബ്ദം കേട്ടതും ആള്‍ക്കൂട്ടം ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മരണത്തിലായിരുന്നു ആ സംഘര്‍ഷം അവസാനിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലേക്ക് കയറിയ ബ്രീട്ടീഷ് സൈന്യം ഗ്രാമം ചുട്ടെരിച്ചായിരുന്നു ആ രണ്ട് മരണങ്ങള്‍ക്കും പ്രതികാരം ചോദിച്ചത്. നിരവധി പേരെ ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്തു. ബാക്കിയായവര്‍ സമീപത്തെ കാടുകളില്‍ അഭയം തേടി. കേസ് കോടതിയിലെത്തിയപ്പോള്‍ ഗുരപ്പ, മലപ്പ, സൂര്യനാരായണച്ചാർ, ഹാലപ്പ, ശങ്കരപ്പ എന്നിവരാണ് കലാപത്തിന് നേതൃത്വം നല്‍കിയതെന്ന് ആരോപിച്ച് കോടതി അഞ്ച് പേരെയും വധശിക്ഷയ്ക്ക് വിധിച്ചു.
വിഷയത്തില്‍ മൈസൂര്‍ മഹാരാജാവ് ജയചാമരാജ വോഡയർ ഇടപെട്ടു. അദ്ദേഹത്തിന്‍റെ പ്രശസ്തമായ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "ഏസുരു കൊട്ടാരു ഇസ്സുരു കൊദേവു". അതായത് 'ഞങ്ങൾ, നിങ്ങൾക്ക് ധാരാളം ഗ്രാമങ്ങൾ തരും, എന്നാൽ ഇസ്സൂരല്ല'. കോടതി വധശിക്ഷ വിധിച്ച അഞ്ച് പേരുടെ കാര്യത്തില്‍ ഇടപെടാന്‍ ജയചാമരാജ വോഡയറിന് കഴിഞ്ഞില്ലെങ്കിലും നിരവധി ഗ്രാമീണരെ കുറ്റവിമുക്തരാക്കാന്‍ അദ്ദേഹത്തിന്‍റെ ഇടപെടലിലൂടെ സാധിച്ചു. മഹാത്മാ ഗാന്ധിയുടെ അഹിംസാ പാതയില്‍ നിന്നും വ്യതിചലിച്ച് അക്രമത്തിന്‍റെ പാത സ്വീകരിച്ച ഇസ്സുരുവിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനം പക്ഷേ, സ്വതന്ത്ര്യാനന്തര ഇന്ത്യയില്‍ വിസ്മൃതിയിലായി.