പാരസെറ്റാമോൾ ചേര്‍ത്ത ഐസ്ക്രീം കണ്ടുപിടിച്ചോ? ആ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?
നെതർലാൻസിൽ പാരസെറ്റാമോൾ ചേർത്ത ഐസ്ക്രീം കണ്ടെത്തിയെന്നും അതിനി രോഗികൾക്ക് ആവശ്യമായ സമയങ്ങളിൽ ഏറെ ഇഷ്ടത്തോടെ കഴിക്കാം എന്നുമായിരുന്നു ആ വാർത്ത.
രോഗാവസ്ഥയിലാകുമ്പോൾ പലരെയും വിഷമിപ്പിക്കുന്ന പ്രധാനകാര്യം തുടർച്ചയായി കുടിക്കേണ്ടിവരുന്ന മരുന്നുകളും അവയുടെ അസ്വസ്ഥപ്പെടുത്തുന്ന മണവും രുചിയും ഒക്കെയാണ്. എന്നാൽ, ഈ മരുന്നുകൾ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളുടെ രുചിയിലും രൂപത്തിലും കിട്ടിയാൽ എന്തു രസമായിരിക്കും അല്ലേ!
അത്തരത്തിൽ ഒരു വാർത്ത ഏതാനും ദിവസങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. നെതർലാൻസിൽ പാരസെറ്റാമോൾ ചേർത്ത ഐസ്ക്രീം കണ്ടെത്തിയെന്നും അതിനി രോഗികൾക്ക് ആവശ്യമായ സമയങ്ങളിൽ ഏറെ ഇഷ്ടത്തോടെ കഴിക്കാം എന്നുമായിരുന്നു ആ വാർത്ത. എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ? വാസ്തവം ഇതാണ്.
വർഷങ്ങൾക്കു മുൻപ് നെതർലാൻസിൽ ഒരിക്കൽ അത്തരത്തിൽ ഒരു ഐസ്ക്രീം ഉണ്ടാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പക്ഷേ, ഒരിക്കലും ആളുകൾക്ക് വിൽക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല ആ ഐസ്ക്രീം സ്കൂപ്പ് ഉണ്ടാക്കിയത്. പകരം ഒരു പ്രദർശനത്തിനായി മാത്രമായിരുന്നു. അന്ന് പ്രദർശനത്തിനായി എത്തിച്ച ആ ഐസ്ക്രീമിന്റെ ചിത്രമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്.
നെതർലൻഡ്‌സിൽ നിന്നുള്ള നാഗൽകെർകെ എന്ന സ്ഥാപനമായിരുന്നു ഇത്തരത്തിൽ ഒരു ഐസ്ക്രീമിന് പിന്നിൽ. 2016 -ൽ ഹോളണ്ടിൽ നടന്ന ഒരു കാർണിവലിൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുക എന്നതായിരുന്നു ഈ പാരസെറ്റാമോൾ ഐസ്ക്രീം സൃഷ്ടിക്ക് പിന്നിലെ ഉദ്ദേശം. ഒന്നിൽ കൂടുതൽ തവണ ഉത്പാദിപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഐസ്ക്രീം 'ഫ്ലേവർ' ഉണ്ടാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്.
ഒരിക്കൽപോലും പൊതുജനങ്ങളിലേക്ക് ഈ ഐസ്ക്രീം എത്തിക്കാനും ഉദ്ദേശം ഉണ്ടായിരുന്നില്ല. എങ്കിൽ കൂടിയും ആരോഗ്യവിദഗ്ധരുടെ കർശന നിർദ്ദേശങ്ങളും ആശങ്കകളും കണക്കിലെടുത്ത് ആ പ്രദർശനത്തിൽ നിന്നുപോലും പിന്നീട് ഐസ്ക്രീം നീക്കം ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പാരസെറ്റാമോൾ ഐസ്ക്രീമുമായി ബന്ധപ്പെട്ട് മറ്റു ചില വാർത്താ ഔട്ട്ലെറ്റുകൾ നൽകുന്ന വിശദീകരണം ഐസ്ക്രീമിന്റെ നിർമ്മാണ കമ്പനിക്ക് ലൈസൻസ് നേടിയെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് അതിന്റെ ഉത്പാദനം നിർത്തിയത് എന്നാണ്. എന്നാൽ, ഐസ്ക്രീം സ്കൂപ്പിന്റെ മുകളിൽ പാരസെറ്റാമോൾ എന്ന് എഴുതിവെച്ച് ആളെ പറ്റിച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരും ധാരാളമുണ്ട്.
'പ്ലീസ് ഒന്ന് മരിക്കാമോ?' ഗൂഗിൾ എഐ ചാറ്റ്‍ബോട്ടിന്‍റെ മറുപടി കേട്ട് നടുങ്ങി വിദ്യാർത്ഥി