പൈലറ്റും ക്രൂവും 110 യാത്രക്കാരും, എല്ലാം വനിതകള്‍; ഇറാനില്‍ ആദ്യ വനിതാ വിമാനം 'ഇറാൻ ബാനു' പറന്നിറങ്ങി
ഇറാന്‍റെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്ത്രീകള്‍ മാത്രമുള്ള ഒരു വിമാനം പറന്നുയരുന്നത്.
ഇറാനില്‍ ചരിത്രം കുറിച്ച് ആദ്യ വനിതാ വിമാനം പറന്നിറങ്ങി. 'ഇറാന്‍ ബാനൂ' (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാൻ എയർലൈൻസിന്‍റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ചരിത്രം കുറിച്ച് പറന്നിറങ്ങിയത്. ഇതോടെ ഇറാന്‍ വ്യോമയാന ചരിത്രത്തിലെ സുപ്രധാനമായ ഒരു നിമിഷം അടയാളപ്പെടുത്തപ്പെട്ടു. ടുത്തി.
ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റൻ ഷഹ് റസാദ് ഷംസാണ് വിമാനം പറത്തിയത്. വിമാനത്തില്‍ 110 വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇറാന്‍റെ വ്യോമയാന ചരിത്രത്തില്‍ ഇതാദ്യമായാണ് വനിതാ യാത്രക്കാരും ജീവനക്കാരും മാത്രമുള്ള ഒരു വിമാനം മഷാദിൽ ഇറങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയുടെയും ഭാര്യ ഖദീജയുടെയും മകളായ ഹസ്രത്ത് ഫാത്തിമ സഹ്റയുടെ ജന്മദിനമായ ഡിസംബര്‍ 22 -ാന് വിമാനം മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഈ ദിവസമാണ് ഇറാനില്‍ മാതൃദിനമായും വനിതാ ദിനമായും ആഘോഷിക്കുന്നത്. എട്ടാമത്തെ ഷിയാ ഇമാമായ ഇമാം റെസയെ ഖബറടക്കിയ പള്ളി സന്ദർക്കാനായി പോയ വിവിധ മേഖലകളിൽ മികവ് പുലർത്തിയ സ്ത്രീകളാണ് വിമാനത്തിലെ യാത്രക്കാരായി ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബീഹാറില്‍ പുരുഷ അധ്യാപകന് എട്ട് ദിവസത്തെ 'പ്രസവാവധി'; വിവാദം
ഇറാനിലെ വ്യോമയാന മേഖലയിൽ വനിതാ പൈലറ്റുമാരുടെ എണ്ണത്തില്‍ അടുത്തകാലത്ത് വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അവർ ഇപ്പോഴും തൊഴിൽപരമായി ന്യൂനപക്ഷമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 2019 ഒക്ടോബറിലാണ് ആദ്യമായി ഇറാനില്‍ വനിതാ പൈലറ്റുമാർ വിമാനം പറത്താന്‍ ആരംഭിച്ചത്. വനിതാ പൈലറ്റ് നെഷാത് ജഹന്ദാരിയും സഹ പൈലറ്റ് ഫൊറൂസ് ഫിറോസിയും വാണിജ്യ യാത്രാ വിമാനം പറത്തിയ രാജ്യത്തെ ആദ്യത്തെ വനിതാ പൈലറ്റുകളായി. ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളം കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് മഷാദ് വിമാനത്താവളം.