കൊവിഡ് 19: ഇതുപോലൊരു ദുരന്തം ഇനിയും വരുമോ?
താങ്കളുടെ സ്പില്ലോവര്‍ (spillover) എന്ന പുസ്തകത്തെ പരിചയപ്പെടുത്തി 2012 -ല്‍ സ്വന്തം വെബ്‌സൈറ്റില്‍ ഇങ്ങനെ എഴുതി: വലിയ കൊലകൊല്ലിയായ അടുത്ത മഹാമാരി ലക്ഷക്കണക്കിന് ആളുകളെ കൊല്ലാന്‍ പോകുന്ന ഒന്ന്, ഒരു പുതിയ രോഗം കൊണ്ടുണ്ടാകുന്നതായിരിക്കും. ആ കൊലയാളി രോഗാണു, മിക്കവാറും ഒരു വൈറസ് ആയിരിക്കും. മനുഷ്യേതര ജീവികളില്‍ നിന്ന് മനുഷ്യനിലേക്ക് സ്പില്ലോവര്‍ ചെയ്ത ഒരു വൈറസ് അടുത്ത പകര്‍ച്ചവ്യാധിയായ ഒരു ജന്തുജന്യ രോഗം ആയിരിക്കുമെന്ന് 2012 -ല്‍ തന്നെ പ്രവചിക്കാന്‍ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്?
സൂണോസിസ് (zoonosis )- ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം കൊണ്ടുണ്ടാകുന്ന മഹാമാരിയെക്കുറിച്ച് പ്രവചിക്കാന്‍ എന്നെ സഹായിച്ചത് ഇങ്ങനെയുള്ള പ്രതിഭാസം പഠിക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച ധൈര്യശാലികളായ ശാസ്ത്രജ്ഞന്മാരെ ശ്രദ്ധയോടെ കേട്ടും അവരുടെകൂടെ യാത്ര ചെയ്തും ഞാന്‍ ചിലവഴിച്ച വര്‍ഷങ്ങളാണ്. എല്ലാ വന്യജീവികളും വൈറസുകളുടെ വാഹകരാണ്. സമാനമില്ലാത്ത ഇത്തരം വൈറസുകളെ മിക്കവാറും മനുഷ്യരില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ളവയാണ്. പക്ഷേ അവയില്‍ ചിലതിന് മനുഷ്യരിലേക്ക് സംക്രമിക്കാനും, കോശ വിഭജനം നടത്തി ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് വ്യാപിക്കാനുമുള്ള കഴിവുണ്ട്. നമ്മള്‍ വന്യജീവികളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അവരുടെ ആവാസ വ്യവസ്ഥകളുടെ നശീകരണം മൂലമോ, ജീവനോടെ പിടികൂടുമ്പോഴോ, ഭക്ഷണത്തിനുവേണ്ടി കൊല്ലുമ്പോഴോ നമ്മള്‍ വൈറസുമായി സമ്പര്‍ക്കത്തിനു വിധേയപ്പെടുന്നു. ഇത് ഭൂമിയില്‍ എല്ലായിടത്തും ദിവസവും സംഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയില്‍ മനുഷ്യനിലേക്ക് പടരാനുള്ള അനുകൂലനം സിദ്ധിച്ച ചില വൈറസുകള്‍ മനുഷ്യനിലേക്ക് പടരുകയും പിന്നീടത് ലോകത്ത് മുഴുവന്‍ പടരുകയും അങ്ങനെ ലക്ഷങ്ങളെ രോഗികളാക്കുകയും, കുറേപ്പേരെ കൊന്നൊടുക്കുകയും ചെയ്യും. അങ്ങനെയുള്ള ഒരു ഘട്ടത്തിലാണ് നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
എങ്ങനെയാണ് ജന്തുക്കളിലുള്ള വൈറസുകള്‍ അവരില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നത്? അല്ലെങ്കില്‍ എങ്ങനെയാണ് സ്പില്ലോവര്‍' സംഭവിക്കുന്നത് ?
''സ്പില്‍ ഓവര്‍'' എന്ന സംജ്ഞ ഇപ്പോള്‍ ഉപയോഗിക്കുന്നത് ഒരു രോഗകാരി, ഉദാഹരണത്തിന് ഒരു വൈറസ് ഒരു ഹോസ്റ്റില്‍ (host ) നിന്ന് മറ്റൊരു ഹോസ്റ്റിലേക്ക് മാറുമ്പോഴാണ്. നമ്മള്‍ മനസ്സിലാക്കിയിടത്തോളം അത് കുറെ കാലങ്ങളായി നിശബ്ദമായി ജീവിച്ചു പോന്ന ഒരു മനുഷ്യേതര ജീവിയില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന അവസ്ഥയാണ്. മനുഷ്യര്‍ അതിന് അവസരം ഉണ്ടാക്കി കൊടുക്കുന്നതുതന്നെയാണ് അങ്ങനെ സംഭവിക്കുന്നതിനു കാരണം. സ്വാഭാവികമായ ആവാസവ്യവസ്ഥയുടെയും അതിലെ ജീവികളുടെയും ജീവിതക്രമത്തെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മള്‍ കാട് മുറിച്ചു നശിപ്പിക്കുമ്പോള്‍, അവിടെ ഒരു തടി മരശാല ഉണ്ടാക്കുമ്പോള്‍, ആ ആവാസവ്യവസ്ഥയിലെ വന്യജീവികളെ പിടിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോള്‍ അവ കൊണ്ടുനടക്കുന്ന വൈറസുകള്‍ക്ക് ഒരു ഹോസ്റ്റ് ആയി നമ്മള്‍ നമ്മളെതന്നെ മാറ്റുകയാണ്. ചില സമയങ്ങളില്‍ വൈറസുകള്‍ ആ അവസരം പിടിച്ചെടുക്കുകയും അത് ഒരു മനുഷ്യനില്‍ ജീവിക്കാന്‍ പറ്റുന്ന വൈറസ്സായി അനുകൂലനം (adaptation ) നേടുകയും ചെയ്യും. അത് ചിലപ്പോള്‍ ചെറിയ തരത്തിലുള്ള രോഗമായോ മറ്റു ചിലപ്പോള്‍ കൊലകൊല്ലിയായ മഹാമാരിയായി മാറുകയോ ചെയ്യും. എന്തായിത്തീര്‍ന്നാലും വാവലുകളോ വൈറസുകളോ അല്ല അതിനുകാരണക്കാര്‍. കാരണക്കാര്‍ നമ്മള്‍ തന്നെയാണ്.
''സ്പില്ലോവര്‍''പുസ്തകത്തിന്റെ ഗവേഷണ സമയത്ത് താങ്കള്‍ ചൈനയിലെ 'വെറ്റ് മാര്‍ക്കറ്റുകള്‍' (wet markets) സന്ദര്‍ശിച്ചിട്ടുണ്ടല്ലോ. വെറ്റ് മാര്‍ക്കറ്റുകള്‍ എന്താണെന്നും അതു ജന്തുജന്യരോഗങ്ങളുടെ പൊരുത്തുയന്ത്രം (incubator) ആകുന്നത് എങ്ങനെയാണെന്നും വിശദീകരിക്കാമോ?
ചൈനയിലെ വെറ്റ് മാര്‍ക്കറ്റ് വന്യജീവി വ്യാപാരത്തിന് നിയന്ത്രണങ്ങളൊന്നും ബാധിച്ചിട്ടില്ലാത്ത, വന്യജീവികളെ കൂട്ടിലോ ടാങ്കിലോ അടച്ചു ഭക്ഷണാവശ്യത്തിനായി വില്‍ക്കാന്‍ വച്ചിട്ടുള്ള ക്രമരഹിതമായ സ്ഥലമാണ്. വന്യജീവികളുടെയും വളര്‍ത്തുമൃഗങ്ങളെയും കൂടെ വളര്‍ത്തു മൃഗങ്ങളും, അറുത്തു വച്ച ഇറച്ചിയും കടല്‍ വിഭവങ്ങളും ഉണ്ടാകും. ഉറുമ്പുതീനികള്‍, മരപ്പട്ടികള്‍, കടലാമകള്‍, വെള്ളാമകള്‍, പാമ്പുകള്‍, തവളകള്‍, നാട്ടുപക്ഷികള്‍, അങ്ങനെ പലതരത്തിലുള്ള ജീവികളെക്കൂടാതെ കോഴികള്‍, താറാവുകള്‍, പന്നികള്‍, മത്സ്യങ്ങള്‍ എന്നിവയും ഒന്നിനോടൊന്ന് ചേര്‍ന്ന് ഉണ്ടാവും. ഇവിടെ ഒരു മൃഗത്തില്‍ നിന്നോ അല്ലെങ്കില്‍ ഒരു മൃതദേഹത്തില്‍ നിന്നോ രക്തവും, വെള്ളവും, വൈറസുകളും ഒരു മനുഷ്യന്റെ ഇരുകൈകളിലേക്കും അവിടെ നിന്ന് മറ്റൊന്നിലേക്കും അനിയന്ത്രിതമായി പടര്‍ന്നുകൊണ്ടിരിക്കുന്നു.
തത്വചിന്താപരമായ ഒരു ചോദ്യം ചോദിക്കുകയാണെങ്കില്‍, മനുഷ്യകുലത്തിന്റെ അഹമ്മതിയോടുള്ള പ്രകൃതിയിലെ ഇടപെടലുകളാണ് പകര്‍ച്ചാവ്യാധിക്ക് കാരണം എന്ന് തോന്നുണ്ടോ?
അതെ. നമ്മള്‍ കരുതുന്നത് ഭൂമി നമ്മുടെ ആവശ്യങ്ങള്‍ക്കും സൗകര്യത്തിനും സന്തോഷത്തിനും അനുസരിച്ച് ചൂഷണം ചെയ്യാനുള്ള ഒരു വിഭവസ്രോതസ്സ് മാത്രമാണ് എന്നാണ്. നമ്മള്‍ ഈ ലോകത്തിന്റെ ഭാഗമാണെന്നും അല്ലാതെ അതിനുപരിയായിട്ടുള്ള ഒരു പ്രത്യേക ജീവിവര്‍ഗ്ഗമല്ലെന്നും മറന്നുപോകുന്നു. അത് അഹമ്മതിയാണ്. അഹമ്മതി നമ്മെ എങ്ങോട്ടാണ് നയിക്കുക എന്ന് ഗ്രീക്ക് ദുരന്തം പറഞ്ഞു തരും.
ജന്തുജന്യ രോഗങ്ങളുടെ പ്രകൃതം അനുസരിച്ച്, വളരെ കടുത്ത നടപടികളിലൂടെയല്ലാതെ അവയെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയില്ല. അത്തരം നടപടികള്‍ ഒരു ജീവികുലത്തെത്തന്നെ നിര്‍മാര്‍ജനം ചെയ്യുന്നതും അല്ലെങ്കില്‍ വലിയ കാടിനെ ഇല്ലാതാക്കുന്നതും പോലെയുള്ള നടപടികളാണ്. ഇത് സംഭവ്യമല്ലാത്തതിനാല്‍ ജന്തുജന്യരോഗങ്ങള്‍ക്കുള്ള സ്ഥിരമായ പരിഹാരം എന്താണ്?
ജന്തുജന്യ രോഗങ്ങള്‍ക്ക് ഒരു 'സ്ഥിര പരിഹാരം' ഉണ്ടോ? എനിക്ക് സംശയമുണ്ട്- പ്രത്യേകിച്ചും നമ്മള്‍ മനുഷ്യര്‍ എണ്ണത്തില്‍ കൂടുതലും; പട്ടിണിയിലും, അധികാരത്തോടെയും ജീവിക്കുമ്പോള്‍. പരിമിതമായ ഉപഭോഗം, ജനസംഖ്യയിലുള്ള കുറവ്, പിന്നെ മരുന്നും ചികിത്സയും എന്നിവയൊക്കെയാണ് താല്‍ക്കാലികമായുള്ള പരിഹാരങ്ങള്‍. ശാസ്ത്രം, പ്രത്യേകിച്ച് പരിണാമ ജീവശാസ്ത്രം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ പരിണാമ ജീവശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ (എന്റെ രാജ്യത്തെ നേതാക്കന്മാര്‍ അടക്കമുള്ള കുറെ ആളുകളെപ്പോലെ) നിങ്ങള്‍ ഒരു ഡോക്ടറുടെ അടുത്തേക്ക് പോവുകയോ ഒരു ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ വരുമ്പോള്‍ ആന്റിബയോട്ടിക്‌സ് ചോദിക്കുകയോ ചെയ്യരുത്. കാരണം ആധുനികവൈദ്യശാസ്ത്രത്തില്‍ പരിണാമ ജീവശാസ്ത്രത്തിനു വലിയ പ്രാധാന്യമുണ്ട്.
ഇപ്പോള്‍ സംഹാരതാണ്ഡവം ആടുകയും ദിവസേന അതിന്റെ വ്യാപനം നടക്കുകയും ചെയ്യുന്ന കൊവിഡ് മഹാമാരി എന്താണ് നമ്മെ പഠിപ്പിക്കുന്നത്? എങ്ങനെയാണ് ഇനി വരാന്‍ പോകുന്ന ഇതുപോലുള്ള ഒരു ദുരന്തത്തെ നേരിടാന്‍ നമ്മള്‍ തയ്യാറാകേണ്ടത്?
മഹാമാരി ഒഴിവാക്കാന്‍ കഴിയാത്തതും ചിലവേറിയതും ആണ്. ഇതില്‍നിന്ന് നമുക്ക് പഠിക്കാന്‍ ഏറെയുണ്ട്. കൂടുതല്‍ പണവും വിഭവങ്ങളും ശാസ്ത്രത്തിനും സാമൂഹിക ആരോഗ്യത്തിനും മാറ്റിവെച്ചുകൊണ്ട് നമുക്ക് മൂന്നോ, അഞ്ചോ, പത്തോ വര്‍ഷങ്ങള്‍ക്കു ശേഷം വന്നേക്കാവുന്ന കോവിഡ്-19 പോലെയുള്ള മറ്റൊരു മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കാം. വിഭവങ്ങളുടെ ഇത്തരത്തിലുള്ള വിതരണം ചിലവേറിയതാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഇതിനു താല്‍പര്യം കുറവായിരിക്കും. പക്ഷേ ഇത് ഒരു മഹാമാരിയെ അപേക്ഷിച്ചു വളരെ ചിലവ് കുറഞ്ഞതാണ്.
മാര്‍ച്ച് 24ന് ഇന്ത്യയുടെ പ്രധാനമന്ത്രി, നരേന്ദ്ര മോദി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ച് രാജ്യത്തെ മുഴുവന്‍ ജനങ്ങളും വീട്ടില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടു എന്നര്‍ത്ഥം. ഇത് രാജ്യത്തെ ദുര്‍ബല ജനവിഭാഗത്തെ കടുത്ത ബുദ്ധിമുട്ടിലാക്കി. ഏകദേശം 1.3 ബില്യന്‍ ജനങ്ങളുള്ള രാജ്യത്ത് 536 കേസുകളും പത്തോളം മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത് എന്ന് പരിഗണിക്കുമ്പോള്‍ തീരുമാനം വിവേകപരമായിരുന്നു എന്ന് തോന്നുന്നുണ്ടോ?
മിക്കവാറും അതെ. പക്ഷേ സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മോദി ചെയ്തു കൊടുക്കണം അല്ലെങ്കില്‍ അത് ക്രൂരമായ അനീതിയാണ്. എല്ലാവരുടെയും രോഗങ്ങള്‍ തടയുന്നതിനും മരണം കുറയ്ക്കുന്നതിനുള്ള ഇടപെടലുകളില്‍ പാവങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുന്ന അവസ്ഥയാകും അത്. സാധാരണക്കാര്‍ നൂറ്റാണ്ടുകളായി ഇത് അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ അത് നിര്‍ത്തലാക്കേണ്ട സമയമാണ്. ഇന്ത്യയില്‍ എല്ലാവരും കൊവിഡ് വൈറസില്‍ നിന്ന് സുരക്ഷിതരല്ലാത്തിടത്തോളം കാലം ആരും സുരക്ഷിതരല്ല. മൊത്തം ലോകത്തിന്റെ കാര്യവും ഇതുതന്നെയാണ്. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും ഉറപ്പാക്കാത്തിടത്തോളം കാലം യഥാര്‍ത്ഥത്തില്‍ ആരും ആരോഗ്യമുള്ളവരും സുരക്ഷിതരും ആയിരിക്കില്ല.
(കടപ്പാട്-ഫ്രണ്ട്‌ലൈന്‍ മാസിക,ഏപ്രില്‍ 24 ലക്കം)