പൂത്തുലയട്ടെ സൗഹൃദങ്ങള്‍ ! ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം
ദാരിദ്ര്യം, മനുഷ്യാവകാശ ലംഘനങ്ങൾ, സുരക്ഷ, വികസനം, സാമൂഹിക സൗഹാർദ്ദം, ജനങ്ങൾക്കിടയിലെ സമാധാനം എന്നിവയെ തകർക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഇന്നും ഒരു വെല്ലുവിളിയായി തന്നെ തുടരുകയാണെന്ന് യുഎൻ പറയുന്നു.
സൗഹൃദങ്ങൾ ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കുന്നതിനെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ ആകുമോ? ജീവിതത്തെ ആഘോഷമാക്കി മാറ്റുന്നതിൽ സൗഹൃദങ്ങളുടെ പങ്ക് വളരെ വലുതാണ്. സുഹൃത്തുക്കളില്ലാതെ ലോകത്ത് ജീവിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും ജീവിതങ്ങൾ കൂടുതൽ സൗഹൃദങ്ങൾ കൊണ്ട് പൂത്തുലയട്ടെയെന്ന് ആശംസിച്ചു കൊണ്ട് ഏറെ സൗഹൃദത്തോടെ അന്താരാഷ്ട്ര സൗഹൃദ ദിനാശംസകൾ...
എല്ലാവർഷവും ജൂലൈ 30 -നാണ് അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കുന്നത്. 2011 -ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഈ ദിനം പ്രഖ്യാപിച്ചത്. സമൂഹങ്ങൾ, രാജ്യങ്ങൾ, സംസ്കാരങ്ങൾ, വ്യക്തികൾ എന്നിവ തമ്മിലുള്ള സൗഹൃദത്തിനും സമാധാന ശ്രമങ്ങൾക്കും പ്രചോദനം നൽകാനും സമൂഹങ്ങൾക്കിടയിൽ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത്തരത്തിൽ ഒരു ദിനം ആചരിക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കാനും പരസ്പരം ആദരിക്കാനുമുള്ള പ്രോത്സാഹനം നൽകുക എന്നതും അന്താരാഷ്ട്ര സൗഹൃദ ദിനത്തിന്‍റെ ലക്ഷ്യമാണ്.
പരസ്പര ധാരണ, അനുരഞ്ജനം, ഐക്യദാർഢ്യം, വിവിധ നാഗരികതകൾ തമ്മിലുള്ള സംവാദം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ അതിനുതകുന്ന തരത്തിലുള്ള ആഘോഷ പരിപാടികളും പ്രവർത്തനങ്ങളും നടത്തണമെന്നാണ് ഗവൺമെന്‍റുകൾക്കും സംഘടനകൾക്കും യു എൻ നൽകിയിട്ടുള്ള നിർദ്ദേശം.
ദാരിദ്ര്യം, മനുഷ്യാവകാശ ലംഘനങ്ങൾ, സുരക്ഷ, വികസനം, സാമൂഹിക സൗഹാർദ്ദം, ജനങ്ങൾക്കിടയിലെ സമാധാനം എന്നിവയെ തകർക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം ഇന്നും ഒരു വെല്ലുവിളിയായി തന്നെ തുടരുകയാണെന്ന് യുഎൻ പറയുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്‌ട്ര സൗഹൃദ ദിനം ആഘോഷിക്കുന്നതിലൂടെ, പൊതുസമാധാനത്തെ തകർക്കുന്ന എല്ലാ ഘടകങ്ങളെയും ഒരുമിച്ച് ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ഏതായാലും ഊഷ്മളമായ സൗഹൃദങ്ങളാൽ സമ്പന്നമായ ഒരു ഭാവി എല്ലാവർക്കും ആശംസിച്ചു കൊണ്ട് വീണ്ടും ഒരു അന്താരാഷ്ട്ര സൗഹൃദ ദിനം കടന്ന് പോവുകയാണ്.