'കള്ളൻ സർ, ദയവായി ബൈക്ക് തിരികെ തരൂ, എൻ്റെ മകൻ കരയുകയാണ്': കേണപേക്ഷിച്ച് ഉടമ

'ബഹുമാനപ്പെട്ട കള്ളൻ സർ, ദയവായി എൻ്റെ ബൈക്ക്  തിരികെ തരൂ.  നിങ്ങൾ അത് മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയിൽ കണ്ടിരുന്നു. ഞാൻ ഒരു ചെറിയ ജോലിക്കാരനാണ്, എൻ്റെ ചെറിയ വരുമാനം കൊണ്ട് ഞാൻ വാങ്ങിയതാണ് ആ ബൈക്ക്. ബൈക്കിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഇപ്പോൾ എൻറെ മകൻ കരയുകയാണ്.'

Indore mans open letter to motorcycle thief

മോഷണം പോയ തന്റെ ബൈക്ക് തിരികെ നൽകണമെന്ന് കള്ളനോട് കേണപേക്ഷിച്ച് ഉടമ. ഇൻഡോറിൽ നിന്നുള്ള സതീഷ് സാൽവെ എന്ന വ്യക്തിയുടെ ബൈക്ക് ജൂൺ നാലിനാണ് പാർക്കിംഗ് സ്ഥലത്തുനിന്ന് മോഷണം പോയത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നെങ്കിലും ഇതുവരെയും പൊലീസിന് ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല.

ഇപ്പോഴിതാ ആ കള്ളന് കത്തെഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സതീഷ്. കത്തിൽ സതീഷ് കള്ളനോട് പറയുന്നത് ഇങ്ങനെയാണ്:  “ബഹുമാനപ്പെട്ട കള്ളൻ സർ, ദയവായി എൻ്റെ ബൈക്ക്  തിരികെ തരൂ.  നിങ്ങൾ അത് മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയിൽ കണ്ടിരുന്നു. ഞാൻ ഒരു ചെറിയ ജോലിക്കാരനാണ്, എൻ്റെ ചെറിയ വരുമാനം കൊണ്ട് ഞാൻ വാങ്ങിയതാണ് ആ ബൈക്ക്. ബൈക്കിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ഇപ്പോൾ എൻറെ മകൻ കരയുകയാണ്. ഭക്ഷണമോ വെള്ളമോ കുടിക്കാൻ പോലും അവൻ തയ്യാറാകുന്നില്ല. കാരണം ഞങ്ങൾ എന്നും ആ ബൈക്കിൽ യാത്ര ചെയ്യുമായിരുന്നു. എൻറെ കുടുംബത്തിൻറെ ഏക ആശ്രയം ഞാനാണ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന എനിക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം മാസം വെറും 8000 രൂപ മാത്രമാണ്. മറ്റൊരു ബൈക്ക് വാങ്ങാൻ എൻറെ കയ്യിൽ പണമില്ല. എൻറെ പ്രശ്നങ്ങൾ മനസ്സിലാക്കി താങ്കൾ ദയവായി എൻറെ ബൈക്ക് തിരികെ നൽകണം." 

നിലവിൽ ഈ കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. എങ്കിലും പൊലീസ് മോഷ്ടാവിനെ പിടികൂടി ബൈക്ക് തിരിച്ചുപിടിച്ച് ഏൽപ്പിക്കുമെന്നാണ് തൻറെ വിശ്വാസമെന്നും സതീഷ് പറഞ്ഞു. അതല്ല തന്റെ കത്താണ് കള്ളൻ കാണുന്നതെങ്കിൽ ദയവായി തൻറെ അവസ്ഥ മനസ്സിലാക്കി ബൈക്ക് തിരികെ ഏൽപ്പിക്കണമെന്നും സതീഷ് പറഞ്ഞു. MP09QK178 ആണ് ബൈക്കിൻ്റെ നമ്പർ പ്ലേറ്റ്.

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios