ന്യൂസിലന്‍റ് പൈലറ്റിന്‍റെ മോചനം; പാപ്പുവയില്‍ സൈനിക നീക്കത്തിന് തയ്യാറെന്ന് ഇന്തോനേഷ്യന്‍ സൈന്യം
പപ്പുവ സ്വതന്ത്രനാണെന്ന് ഇന്തോനേഷ്യ തിരിച്ചറിയണം. പാപ്പുവയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പൈലറ്റിനെ ബന്ദിയാക്കിയത്, അല്ലാതെ ഭക്ഷണത്തിനോ പാനീയത്തിനോ വേണ്ടിയല്ല.... വിമത സൈനിക നേതാവ് കോഗോയ പുതിയ വീഡിയോയില്‍ അവകാശപ്പെട്ടു.
സമ്മര്‍ദ തന്ത്രത്തിന്‍റെ ഫലമായി പലപ്പോഴും ബന്ധികളെ വച്ച് വില പേശുന്ന സംഭവങ്ങള്‍ അന്താരാഷ്ട്രാ തലത്തില്‍ തന്നെ നിരവധി ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യങ്ങളെ പോലും മുള്‍മുനയില്‍ നിര്‍ത്തിയ ബന്ദി നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഈ ഗണത്തില്‍ ഏറ്റവും ഒടുവിലായി ഇത്തരമൊരു സംഭവം കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യയില്‍ നടന്നു. ഇന്തോനേഷ്യന്‍ സര്‍ക്കാറുമായി സ്വതന്ത്ര്യപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫ്രീ പാപ്പുവ മൂവ്‌മെന്‍റിന്‍റെ സായുധ വിഭാഗമായ വെസ്റ്റ് പപ്പുവ നാഷണൽ ലിബറേഷൻ ആർമിയാണ് പുതിയ സംഭവത്തിന് പിന്നില്‍. ഈ ബന്ധി നാടകത്തോടെ ഇന്തോനേഷ്യയിലെ ആഭ്യന്തരപോരാട്ടം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഇന്തോനേഷ്യൻ ഏവിയേഷൻ കമ്പനിയായ സൂസി എയറിന്‍റെ പൈലറ്റായ ക്രൈസ്റ്റ് ചർച്ചിലെ ഫിലിപ്പ് മാർക്ക് മെഹർട്ടെൻസിനെയാണ് സായുധ സംഘം തട്ടിക്കൊണ്ട് പോയത്. ഫിലിപ്പ് തന്‍റെ സിംഗിൾ എഞ്ചിൻ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ സംഘം അദ്ദേഹത്തെ അക്രമിച്ച് കടത്തിക്കൊണ്ട് പോവുകയായിരുന്നു. വിദൂര ജില്ലയായ എൻഡുഗയിലെ പാരോയില്‍ വച്ചായിരുന്നു സംഭവം. പൈലറ്റിനൊപ്പം പാരോയിൽ ആരോഗ്യ കേന്ദ്രത്തിന്‍റെ പണിക്കായെത്തിയ അഞ്ച് തൊഴിലാളികളെയും വിമതര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. തൊഴിലാളികളെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെ വിമതര്‍ വിമാനം കത്തിക്കുകയും പൈലറ്റിനെ കൊണ്ട് പോവുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ തൊഴിലാളികള്‍ തദ്ദേശീയരായ പാപ്പുവാൻകാരായതിനാല്‍ വിട്ടയച്ചതാണെന്ന് വിമത വക്താവ് സെബി സാംബോം അവകാശപ്പെട്ടു.
ഇന്തോനേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും വംശീയമായും സാംസ്കാരികമായും വ്യത്യസ്തനീണ് ന്യൂ ഗിനിയയുടെ പടിഞ്ഞാറൻ പ്രദേശമായ പാപ്പുവ. ഈ പ്രദേശം മുന്‍ ഡച്ച് കോളനിയായിരുന്നു. 1969-ൽ ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ നടന്ന വിവാദമായ ഹിതപരിശോധനയെത്തുടർന്ന് ദരിദ്ര പ്രദേശമായ പപ്പുവ ഇന്തോനേഷ്യയുടെ നിയന്ത്രണത്തിലായി. സ്വാഭാവികമായും ദരിദ്രമായ പാപുവ മേഖലയിൽ തദ്ദേശീയരായ പാപ്പുവന്മാരും ഇന്തോനേഷ്യൻ സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷങ്ങൾ ആരംഭിച്ചു. ഇന്തോനേഷ്യയെ അംഗീകരിക്കാത്ത വിമതര്‍ പോരാട്ടം തുടര്‍ന്നു. 2018 മുതലാണ് പ്രദേശത്ത് സംഘര്‍ഷം ശക്തിപ്രാപിച്ചത്.
കൂടുതല്‍ വായനയ്ക്ക്: പിഎച്ച്ഡി ആരംഭിച്ചത് 1970 ല്‍; 50 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഡോക്ടറേറ്റ് !
വെസ്റ്റ് പാപ്പുവ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് ഇന്ന് വിമതര്‍ പോരാട്ടം തുടരുന്നത്. പൈലറ്റ് ഫിലിപ്പ് മാർക്ക് മെഹർട്ടെൻസിനെ വിട്ടയക്കണമെങ്കില്‍ ഇന്തോനേഷ്യൻ സൈന്യത്തെ പാപുവയിൽ നിന്ന് പുറത്ത് പോകണമെന്നും അല്ലാത്തപക്ഷം ഇദ്ദേഹത്തെ ജീവപര്യന്തം തടവിലാക്കുമെന്നും വിമര്‍ പറയുന്നു. എന്നാല്‍, ഇന്തോനേഷ്യന്‍ സൈന്യം മെഹർട്ടെൻസിന്‍റെ മോചനം ഉറപ്പാക്കുമെന്ന് പാപുവ മേഖലയിലെ ഇന്തോനേഷ്യൻ സൈനിക കമാൻഡർ മുഹമ്മദ് സാലിഹ് മുസ്തഫ അവകാശപ്പെട്ടു. പദ്ധതിക്ക് ന്യൂസിലൻഡ് എംബസി അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, ഇന്തോനേഷ്യയുടെ അഭ്യർത്ഥനയോട് ന്യൂസിലൻഡിന്‍റെ വിദേശകാര്യ മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കൂടുതല്‍ വായനയ്ക്ക്: 30 വര്‍ഷം മുമ്പ് ഇറാഖില്‍ നിന്നും കണ്ടെത്തിയ 4000 വര്‍ഷം പഴക്കമുള്ള ശിലാലിഖിതം വായിച്ചെടുക്കാന്‍ ഗവേഷകര്‍
ഇതിനിടെ പൈലറ്റിനെ ബന്ദിയാക്കിയ ചിത്രങ്ങള്‍ വിമത സൈനിക ഗ്രൂപ്പ് പുറത്ത് വിട്ടു. ആയുധാധാരികളായ ഒരു സംഘത്തിന്‍റെ നടുവില്‍ പൈലറ്റ് നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വിട്ടത്. വിമതര്‍ പുറത്ത് വിട്ട മൂന്നാമത്തെ വീഡിയോയിൽ, "പപ്പുവ സ്വതന്ത്രനാണെന്ന് ഇന്തോനേഷ്യ തിരിച്ചറിയണം" എന്ന് വിമതർ പറഞ്ഞു. “പാപ്പുവയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് അവനെ ബന്ദിയാക്കിയത്, അല്ലാതെ ഭക്ഷണത്തിനോ പാനീയത്തിനോ വേണ്ടിയല്ല,” വിമത സൈനിക നേതാവ് കോഗോയ വീഡിയോയില്‍ പറയുന്നു. "ഇന്തോനേഷ്യ അതിന്‍റെ ആയുധങ്ങൾ വായുവിൽ നിന്നോ ഭൂമിയിൽ നിന്നോ ഉപയോഗിക്കാത്തിടത്തോളം കാലം അവൻ എന്നോടൊപ്പം സുരക്ഷിതനായിരിക്കും." അയാള്‍ കൂട്ടിച്ചേര്‍ത്തു.
ബന്ദി പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് പപ്പുവ പോലീസ് മേധാവി മാത്യുസ് ഫഖിരി പറഞ്ഞു. ഇതിനായി വിമതരുമായി ചർച്ച നടത്താന്‍ ഗോത്രവർഗക്കാരും പള്ളിക്കാരും ഉൾപ്പെടെ നിരവധി പ്രാദേശിക നേതാക്കളെ ഉൾപ്പെടുത്തിയ സംഘത്തെ നിയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബന്ദികളുടെ സുരക്ഷയ്ക്കാണ് മുൻഗണന. അതിനാല്‍ മെഹർട്ടെൻസിന്‍റെ മോചനത്തിനായി വിമതരെ അനുനയിപ്പിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുമെന്നും മന്ത്രി മുഹമ്മദ് മഹ്ഫൂദ് പറഞ്ഞു.
കൂടുതല്‍ വായനയ്ക്ക്: വിമാനയാത്രയ്ക്കിടെ നഷ്ടപ്പെട്ട കലാസൃഷ്ടികള്‍ 'പ്രത്യേക പരാതി'യുടെ അടിസ്ഥാനത്തില്‍ ചിത്രകാരിക്ക് തിരികെ കിട്ടി