ശേഷിച്ചത് വെറും മണിക്കൂറുകൾ, 6.5 കോടി കയ്യിലെത്തിയതിന്‍റെ അമ്പരപ്പ് മാറാതെ ദമ്പതികൾ, സംഭവിച്ചതിങ്ങനെ
ദമ്പതികൾ പറയുന്നത്, സമ്മാനമടിച്ച ഒരു ലോട്ടറി ടിക്കറ്റ് ആരും ഹാജരാക്കിയിട്ടില്ല, ആ പണം സ്വീകരിക്കപ്പെടാതെ കിടക്കുകയാണ് എന്ന് അവരും അറിഞ്ഞിരുന്നു എന്നാണ്. അതിനാൽ തന്നെ തങ്ങൾ വാങ്ങിയ ലോട്ടറി ടിക്കറ്റിന് വേണ്ടി രണ്ട് പേരും തിരയുന്നുമുണ്ടായിരുന്നു.
ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നായിട്ടാണ് എല്ലാവരും ലോട്ടറിയടിക്കുന്നതിനെ കാണുന്നത്. എന്നാൽ, ആ ഭാഗ്യം അശ്രദ്ധ കൊണ്ട് ഇല്ലാതായാലോ? ഇന്ത്യാനയിൽ നിന്നുള്ള ഈ ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചതും ചില നാടകീയ സംഭവങ്ങളാണ്.
ഇരുവരും വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ അശ്രദ്ധമായി ഇട്ടിരിക്കുകയായിരുന്നു. ഒടുവിൽ കാറിന്റെ സീറ്റുകൾക്കിടയിൽ നിന്നും അത് കണ്ടെടുക്കുന്നതാകട്ടെ അതിൻറെ കാലാവധി തീരാൻ വെറും അഞ്ച് മണിക്കൂറുകൾ മാത്രം ശേഷിക്കെ. ഒരു മില്ല്യൺ ഡോളറാണ് ദമ്പതികൾക്ക് ലോട്ടറിയടിച്ചത്. അതായത്, 6.5 കോടി ഇന്ത്യൻ രൂപ.
കെൻഡാൽവില്ലെയിൽ നിന്നുള്ള ഈ ദമ്പതികൾ തങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. 180 -ദിവസമായിരുന്നു ടിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി. അതിന് തൊട്ടുമുമ്പ് ഡൗണ്ടൗൺ ഇൻഡ്യാനാപൊളിസിലെ ഹൂസിയർ ലോട്ടറി പ്രൈസ് പേയ്‌മെൻ്റ് ഓഫീസിലെത്തുകയായിരുന്നത്രെ ദമ്പതികൾ. സമ്മാനമടിച്ച ഈ ടിക്കറ്റ് കെൻഡാൽവില്ലെ ഫിനിഷ് ലൈനിലെ പ്രൊഫഷണൽ വേയിൽ നിന്ന് വാങ്ങിയതാണ് എന്ന് ലോട്ടറി ഉദ്യോഗസ്ഥർ പറയുന്നു.
ദമ്പതികൾ പറയുന്നത്, സമ്മാനമടിച്ച ഒരു ലോട്ടറി ടിക്കറ്റ് ആരും ഹാജരാക്കിയിട്ടില്ല, ആ പണം സ്വീകരിക്കപ്പെടാതെ കിടക്കുകയാണ് എന്ന് അവരും അറിഞ്ഞിരുന്നു എന്നാണ്. അതിനാൽ തന്നെ തങ്ങൾ വാങ്ങിയ ലോട്ടറി ടിക്കറ്റിന് വേണ്ടി രണ്ട് പേരും തിരയുന്നുമുണ്ടായിരുന്നു. എന്നാൽ, ടിക്കറ്റ് എവിടേയും കാണാനില്ലായിരുന്നു.
ക്രിസ്മസ് രാവിലെ വരെ നിരാശ തന്നെയായിരുന്നു ഫലം. എന്നാൽ, ഏറ്റവും ഒടുവിലത്തെ മണിക്കൂറുകൾ ദമ്പതികളെ തുണച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ? ഒടുവിൽ കാറിന്റെ സീറ്റുകളുടെ ഇടയിൽ നിന്നും ആ ലോട്ടറി ടിക്കറ്റ് അവർക്ക് കിട്ടുകയായിരുന്നു. എന്തായാലും വലിയ സന്തോഷമാണ് ഇത് അവരിലുണ്ടാക്കിയത്.