ഇന്ത്യയിൽ ജോലിക്കാരായ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ സമ്മർദ്ദത്തിൽ, സർവേ ഫലം

72.2% സ്ത്രീകളും പറഞ്ഞത് തങ്ങൾ കടുത്ത സമ്മർദ്ദത്തിലാണെന്നാണ്. പുരുഷന്മാരിൽ 53.64% മാണ് സമ്മർദ്ദത്തിലാണ് എന്ന് പറഞ്ഞത്. 

indian working women more stressed than working men YourDOST survey

സ്ത്രീ പുരുഷ സമത്വം നമ്മുടെ രാജ്യത്ത് ഇന്നും ഒരു സ്വപ്നം മാത്രമാണ്. സകല മേഖലകളിലും ഇന്ന് സ്ത്രീകൾ വിജയക്കൊടി നാട്ടിയെങ്കിലും, ജോലിക്ക് പോകാനും സമ്പാദിക്കാനും തുടങ്ങിയെങ്കിലും സ്ത്രീകളുടെ ജീവിതത്തിലോ സാമൂഹികാന്തരീക്ഷത്തിലോ കാര്യമായ വ്യത്യാസങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ജോലിക്ക് പോകുന്ന സ്ത്രീയാണെങ്കിൽ പോലും വീട്ടുജോലി മുതൽ സകല പ്രാരാബ്ധവും തനിച്ച് ചുമക്കേണ്ടുന്ന അവസ്ഥയാണ്. അതുകൊണ്ടായില്ല, ജോലിസ്ഥലത്തും ഈ അസമത്വം സ്ത്രീകളിൽ വലിയ മാനസിക സമ്മർദ്ദം തന്നെയുണ്ടാക്കുന്നുണ്ട്.

അതിലേക്ക് വെളിച്ചം വീശുന്ന ഒരു പഠനം അടുത്തിടെ നടന്നു. അതിൽ പറയുന്നത്, ഇന്ത്യൻ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ്. അടുത്തിടെ നടത്തിയ ഒരു മാനസികാരോഗ്യ സർവേയിലാണ് ഇന്ത്യയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതലായി മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്ന് പറയുന്നത്. YourDOST ആണ് സർവേ നടത്തിയത്. ഇതിന്റെ ഭാ​ഗമായി 5,000 -ത്തിലധികം ഇന്ത്യൻ പ്രൊഫഷണലുകളിൽ നിന്നാണ് വിവരങ്ങൾ എടുത്തത്. അതിലാണ് ജോലി സ്ഥലത്തെ സമ്മർദ്ദങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വിവരങ്ങൾ ലഭിച്ചത്. 

72.2% സ്ത്രീകളും പറഞ്ഞത് തങ്ങൾ കടുത്ത സമ്മർദ്ദത്തിലാണെന്നാണ്. പുരുഷന്മാരിൽ 53.64% മാണ് സമ്മർദ്ദത്തിലാണ് എന്ന് പറഞ്ഞത്. 

ജോലിയും വ്യക്തിപരമായ കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോവാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞത് 18% സ്ത്രീകളും 12% പുരുഷന്മാരുമാണ്. വർക്ക്-ലൈഫ് ബാലൻസ്, അവ​ഗണിക്കപ്പെടുമോ എന്ന ചിന്ത, ആത്മാഭിമാനക്കുറവ്,  ഉത്കണ്ഠ എന്നിവയെല്ലാം ഇതിന് കാരണമായിപ്പറയുന്നു. 

പുരുഷന്മാർ 9.27% ​​സമയവും, സ്ത്രീകൾ 20% സമയവും വിഷാദം അനുഭവിക്കുന്നതായും സർവേയിൽ കണ്ടെത്തി. 

അതേസമയം ചെറുപ്പക്കാരായ ആളുകൾ ഈ സമ്മർദ്ദത്തെ കുറിച്ചും മാനസികാരോ​ഗ്യത്തെ കുറിച്ചും തുറന്ന് പറയാൻ തയ്യാറാണ് എന്നും സർവേ പറയുന്നു. 

എന്തായാലും, യുവർ ഡോസ്‌റ്റിൻ്റെ ചീഫ് സൈക്കോളജി ഓഫീസർ ഡോ. ജിനി ഗോപിനാഥ് പറയുന്നത്, ഈ സമ്മർദ്ദത്തെ ലഘൂകരിക്കാൻ സഹായിക്കുന്നതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ കമ്പനികളും സംഘടനകളും തയ്യാറാവേണ്ടതുണ്ട് എന്നാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios