ശാന്തമായി യാത്ര ചെയ്യുകയായിരുന്നു, ഇന്ത്യൻ കുടുംബം ബഹളം വച്ചു, ഫിൻലാൻഡിൽ നിന്നുള്ള അനുഭവം പങ്കിട്ട് യുവാവ്
ക്യാബിൻ വാതിലുകൾ തുറന്നു തന്നെയാണ് കുടുംബം വീഡിയോ കോളിൽ ആരോടോ ഉറക്കെ ഹിന്ദിയിൽ സംസാരിച്ചു കൊണ്ടിരുന്നത് എന്നും ഗോകുൽ ശ്രീധർ കുറിച്ചിട്ടുണ്ട്.
ഓരോ നാടിന്റെയും സംസ്കാരം വ്യത്യസ്തമാണ്. ഇന്ത്യയുടെ സംസ്കാരത്തിൽ ഒരല്പം ശബ്ദവും നിറവും എല്ലാം കൂടിച്ചേർന്നിട്ടുണ്ട്. എന്നാൽ, എല്ലാ രാജ്യക്കാർക്കും അതങ്ങനെ ഇഷ്ടപ്പെടണമെന്നില്ല. പൊതുസ്ഥലങ്ങളിൽ, അതിപ്പോൾ വാഹനങ്ങളിലാണെങ്കിലും റെസ്റ്റോറന്റുകളിലാണെങ്കിലും നിരത്തുകളിലാണെങ്കിലും ശാന്തരായിരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ചിലർ. ഇന്ത്യക്കാർക്കെതിരെ പ്രധാനമായും വിദേശികളും സ്വദേശികളും എല്ലാം ഉയർത്തുന്ന വിമർശനമാണ് നമ്മൾ ബഹളക്കാരാണ് എന്നത്.
അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ ഫിൻലാൻഡ് സന്ദർശിച്ച ഒരു യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗോകുൽ ശ്രീധർ എന്ന ഇന്ത്യക്കാരനായ ഒരു ടൂറിസ്റ്റ് തന്നെയാണ് ഇതേക്കുറിച്ച് എക്സിൽ (ട്വിറ്ററിൽ) കുറിച്ചിരിക്കുന്നത്. ഗോകുൽ പറയുന്നത്, അയാൾ ഫിൻലാൻഡിലെ ഒരു ട്രെയിനിൽ ശാന്തമായി യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ഇന്ത്യക്കാരായ ഒരു കുടുംബം വീഡിയോ കോളിലൂടെ ആരോടോ ഉറക്കെ സംസാരിച്ച് ആ ശാന്തത ഇല്ലാതാക്കിയത് എന്നാണ്.
താൻ ലാപ്‌ലാൻഡിൽ നിന്ന് ഹെൽസിങ്കിയിലേക്കുള്ള ട്രെയിനിലായിരുന്നു ഉണ്ടായിരുന്നത് എന്നും യുവാവ് പറയുന്നു. ക്യാബിൻ വാതിലുകൾ തുറന്നു തന്നെയാണ് കുടുംബം വീഡിയോ കോളിൽ ആരോടോ ഉറക്കെ ഹിന്ദിയിൽ സംസാരിച്ചു കൊണ്ടിരുന്നത് എന്നും ഗോകുൽ ശ്രീധർ കുറിച്ചിട്ടുണ്ട്. നമുക്ക് പൗരബോധം ഇല്ലേ എന്നാണ് ഗോകുലും പോസ്റ്റിന് കമന്റുകൾ നൽകിയിരുന്നവരും ചോദിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. അവരോട് നേരിൽ ചെന്ന് ഇക്കാര്യം പറയാമായിരുന്നു എന്നും ഉറക്കെ സംസാരിക്കാതിരിക്കാൻ ആവശ്യപ്പെടാമായിരുന്നു എന്നും അഭിപ്രായപ്പെട്ടവരുണ്ട്. ഇന്ത്യക്കാർ മാത്രമല്ല സൗത്ത് ഏഷ്യക്കാരും ആഫ്രിക്കയിൽ നിന്നുള്ളവരും ഇങ്ങനെ തന്നെയാണ് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
ഇത് ഇപ്പോൾ ഒരു സാധാരണ കാഴ്ചയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. അതേസമയം, വീഡിയോ റെക്കോർഡ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു.
(ചിത്രം പ്രതീകാത്മകം)