സ്വപ്ന ജീവിതം! ഇന്ത്യന്‍ ദമ്പതികള്‍ വാനില്‍ 30,000 കിലോമീറ്റർ ദൂരമുള്ള പാൻ-അമേരിക്കൻ യാത്ര പൂര്‍ത്തിയാക്കി
വടക്കേ അമേരിക്ക മുതല്‍ തെക്കേ അമേരിക്ക വരെയുള്ള 15 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോഡായ പാൻ-അമേരിക്കൻ ഹൈവേയാണ് ഇരുവരും തങ്ങളുടെ യാത്രയ്ക്കായി തെരഞ്ഞെടുത്തത്.
ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഫഷണലാണ് സ്മൃതി. ഐടി കൺസൾട്ടന്‍റാണ് കാർത്തിക്. ഇരുവരും ഇന്ന് അമേരിക്കയിലാണ്. സത്യത്തില്‍ ഇരുവരുടെയും ഇപ്പോഴത്തെ ജീവിതം റോഡിലാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകും. പക്ഷേ. യഥാര്‍ത്ഥത്തില്‍ ഇരുവരും റോഡില്‍ തന്നെയാണ് ജീവിക്കുന്നത്. എവിടെ പോകണമെന്ന് തോന്നുന്നുവോ അങ്ങോട്ട് ഒരു യാത്ര പോവുക. അതും എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു വാനില്‍. എന്താ പൊളി അല്ലേ? അതെ, അത്തരമൊരു സ്വപ്നയാത്രയിലാണ് ഇന്ത്യന്‍ ദമ്പതികളായ സ്മൃതി ബദൗരിയയും കാർത്തിക് വാസനും. പരമ്പരാഗതമായ എല്ലാ യാത്രാ രീതികളെയും തകിടം മറിച്ച് പലരും സ്വപ്നം കണ്ടൊരു യാത്രയിലാണ് അവരിരുവരും. ഊണും ഉറക്കവും തങ്ങളുടെ സ്വന്തം വാനില്‍. യാത്രയും വാനില്‍... അങ്ങനെ ഇരുവരും ജീവിതം റോഡിലേക്ക് മാറ്റിയെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല.
അമേരിക്കന്‍ വന്‍കരയിലെ തങ്ങളുടെ യാത്രാവഴിയിലെ കാഴ്ചകള്‍ ഇരുവരും തങ്ങളുടെ thebrownvanlife എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നു. അതെ അവരിരുവരും ആ ബ്രൌണ്‍ വാനിലാണ് ജീവിക്കുന്നത്. തങ്ങളുടെ യാത്രകള്‍ക്ക് ബോളിവുഡ് സിനിമകള്‍ക്ക് പങ്കുണ്ടെന്ന് ഇരുവരും സമ്മതിക്കുന്നു. സ്വദേശ് എന്ന സിനിമയിൽ ഒരു ആഡംബര മോട്ടോർഹോമിൽ ഒരു ഗ്രാമത്തിലേക്ക് പോകുന്ന ഷാരൂഖ് ഖാന്‍റെ ചിത്രം തന്‍റെ കുട്ടിക്കാലത്ത് തന്നെ ഏറെ സ്വാധീനിച്ചിരുന്നതായി സ്മൃതി ഓര്‍ത്തെടുക്കുന്നു.
2018 ല്‍ കൊവിഡിനും മുമ്പ് തന്നെ ഇരുവരുടെയും ഓഫീസ് ജോലികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയിരുന്നു. ഇത് യാത്രകള്‍ക്ക് അവസരമൊരുക്കി. തുടര്‍ന്ന് ഇരുവരും ഒരു വിന്‍റേജ് വാന്‍ വാങ്ങി. 2020 ഓടെ സൌഹൃദത്തില്‍ നിന്ന് ഇരുവരും കുടുംബ ജീവിതത്തിലേക്ക് നീങ്ങി, വിവാഹിതരായി. ഇതിനിടെ ലോക്ഡൌണ്‍ വീട്ടിനുള്ളിലെ ചുവരില്‍ ഇരുവരെയും വീര്‍പ്പുമുട്ടിച്ചു. ലോക്ക്ഡൗണ്‍ അവസാനിച്ചതിന് പിന്നാലെ ഇരുവരും തങ്ങളുടെ സ്വപ്നയാത്രയ്ക്കായി വീട് വിട്ടിറങ്ങി. പാന്‍ അമേരിക്കന്‍ യാത്ര. അതും വാനില്‍. ആദ്യമൊക്കി വന്‍ നഗരങ്ങളെ ഒഴിവാക്കി ഒറ്റപ്പെട്ട വിശാലമായ പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര.
കരുത്തന്‍ പക്ഷേ, ഏറ്റവും ദുര്‍ബലമായ നിമിഷം!; കണ്ണീരൊഴുക്കുന്ന കാട്ടുപോത്തിന്‍റെ വീഡിയോ വൈറല്‍ !
വടക്കേ അമേരിക്ക മുതല്‍ തെക്കേ അമേരിക്ക വരെയുള്ള 15 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോഡായ പാൻ-അമേരിക്കൻ ഹൈവേയാണ് ഇരുവരും തങ്ങളുടെ യാത്രയ്ക്കായി തെരഞ്ഞെടുത്തത്. 2021 ഏപ്രില്‍ ഇരുവരും മെക്സിക്കോയിലെത്തി. 2022 മാര്‍ച്ചില്‍ പനാമയിലേക്ക് കയറി. ഓരോ രാജ്യാതിര്‍ത്തിയിലും നീണ്ട കൊവിഡ് പ്രോട്ടോക്കോള്‍ പരിശോധനങ്ങളും പിന്നിട്ടായിരുന്നു യാത്ര. ഒപ്പം കൂട്ടായി രണ്ട് വളര്‍ത്തു പട്ടികളുമുണ്ട്. തലേന്ന് തന്നെ അടുത്ത ദിവസം യാത്ര എവിടെ അവസാനിപ്പിക്കണം എന്ന തീരുമാനം എടുക്കുകയും അതിന് അനുസരിച്ച് യാത്ര ചെയ്യുകയുമാണ് പദ്ധതി. എത്തിചേരുന്ന ഇടങ്ങളിലെ സാധാരണക്കാരുമായും സൌഹൃദം സ്ഥാപിക്കും. പലപ്പോഴും പ്രദേശവാസികളുടെ വീടുകള്‍ തങ്ങള്‍ക്കായി തുറക്കപ്പെട്ടെന്ന് ഇരുവരും പറയുന്നു.
യാത്ര ആവശ്യത്തിനായി വാന്‍ ഒരു ചെറിയ വീടായി പുതുക്കി പണിതിരുന്നു. ഫ്രിഡ്ജ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. 2023 ഡിസംബറിൽ ഇരുവരും തങ്ങളും ലക്ഷ്യം പൂര്‍ത്തിയാക്കി. 30,000 കിലോമീറ്ററും പിന്നിട്ടു. അർജന്‍റീനയിലെ റിസോർട്ട് നഗരമായ ഉഷുവായയിലായിരുന്നു യാത്ര അവസാനിച്ചത്. അടുത്ത യാത്ര യൂറോപ്പിലേക്കും ഏഷ്യയിലേക്കുമാണെന്ന് ഇരുവരും പറയുന്നു. അതിനായി കുറച്ച് കൂടി വലിയൊരു വാനിന്‍റെ നിര്‍മ്മാണത്തിലാണ് ഇരുവരും. പക്ഷേ അതിന് മുമ്പ് നാട്ടിലേക്ക്, ഇന്ത്യയിലേക്ക് വരുമെന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം അല്പ സമയം ചെലവഴിക്കണമെന്നും ഇരുവരും കൂട്ടിചേര്‍ക്കുന്നു.