ചൂടു കൂടുന്നതിനെക്കുറിച്ച് പഠനം, മെയ് വരെ കേരളവും ചുട്ടുപൊള്ളും
എന്നാല്‍ ശരിക്കും നമ്മുടെ നാട്ടില്‍ ചൂട് കൂടിയിട്ടുണ്ടോ? ഉണ്ടെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരോളോജിയില്‍നിന്ന് പുറത്തുവരുന്ന പഠനം.
ഇന്ത്യയിലെ പലഭാഗങ്ങളിലും നാമിന്ന് അനുഭവിക്കുന്ന ചൂട് മുമ്പുള്ളതിനേക്കാള്‍ ഒരുപാട് കൂടുതലാണ്. കേരളത്തില്‍ തന്നെ നോക്കുകയാണെങ്കില്‍ വിഷുക്കാലത്ത് പൂവിടേണ്ട കണിക്കൊന്നയൊക്കെ ജനുവരിയില്‍ തന്നെ പൂക്കുന്ന കാഴ്ചയാണ്. ചൂടുകൂടിയെന്നതിന് ധാരാളം തെളിവുകള്‍ നമ്മുടെ തന്നെ പക്കലുണ്ട്. മാര്‍ച്ച് മാസം ആകുമ്പോളേക്കും എയര്‍ കണ്ടിഷണര്‍ ഇല്ലാതെ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പലരും എത്തപ്പെട്ടിട്ടുണ്ട്. അസഹനീയമായാ ചൂടില്‍ നിന്നും രക്ഷനേടാന്‍ പലവഴികളും നമ്മള്‍ പയറ്റി നോക്കുന്നു.
എന്നാല്‍ ശരിക്കും നമ്മുടെ നാട്ടില്‍ ചൂട് കൂടിയിട്ടുണ്ടോ? ഉണ്ടെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരോളോജിയില്‍നിന്ന് പുറത്തുവരുന്ന പഠനം. ഡോ. മനീഷ് ജോഷിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം സയന്റിഫിക് റിപോര്‍ട്‌സിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്തോ-ഗംഗാറ്റിക് സമതലങ്ങള്‍ ഒഴികെ ഇന്ത്യയുടെ വലിയ ഭാഗങ്ങളിലും 60 വര്‍ഷത്തിനിടയില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഗണ്യമായ ചൂട് വര്‍ധിച്ചിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്.
കൂടുതല്‍ ചൂടുള്ള ദിവസങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതും മുന്‍കാലങ്ങളിലേക്കാള്‍ (പഠനത്തില്‍: 1951-1975), സമീപ കാലഘട്ടത്തിലാണ് (പഠനത്തില്‍: 1976-1918). ഇത് നിര്‍ദ്ദേശിക്കുന്നത് വലിയൊരു കാലാവസ്ഥ വ്യതിയാനത്തെയാണ്. സമീപകാലത്തായി പലവര്‍ഷങ്ങളിലും ഇന്ത്യയിലുണ്ടായ അത്യുച്ചത്തിലുള്ള ചൂടില്‍ ആയിരങ്ങള്‍ മരിച്ചിട്ടുണ്ട്. 1998, 2010, 2013, 2015 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവും അസാമാനമായ ചൂട് അനുഭവപ്പെട്ടിയിട്ടുള്ളത്.
2020 മാര്‍ച്ച് മുതല്‍ മെയ് വരെ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യ ഭാഗം, തെക്കേ ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ ചിലഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശരാശരി താപനില സാധാരണയെക്കാള്‍ കൂടുതല്‍ ആയിരിക്കാനാണ് സാധ്യത എന്ന് ഇന്ത്യന്‍ മെറ്റീരോളോജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് പവചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉഷ്ണതരംഗ മേഖലയില്‍ പെടുന്ന പഞ്ചാബ്, ഹിമാചല്‍ പ്രദേശ് , ഉത്തരാഖണ്ഡ് , ഡല്‍ഹി , ഹരിയാന , രാജസ്ഥാന്‍ , ഉത്തര്‍പ്രദേശ് , ഗുജറാത്ത് , മധ്യപ്രദേശ് , ഛത്തിസ്ഗഢ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒറീസ, തെലങ്കാന മധ്യ മഹാരാഷ്ട്രയുടെ കുറച്ചു ഭാഗങ്ങള്‍, ആന്ധ്രാപ്രദേശ് തീരങ്ങള്‍ എന്നിവിടങ്ങളില്‍ സാധാരണയെക്കാള്‍ കൂടുതലായി ഉഷ്ണതരംഗം ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നു.