ച്യൂയിംഗ് ഗം വയറ്റിൽ എത്തിയാൽ ദഹിക്കാൻ ഏഴുവർഷം എടുക്കുമോ ?
അബദ്ധത്തിൽ ആണെങ്കിൽ കൂടിയും ച്യൂയിംഗ് ഗം വയറ്റിൽ എത്തിയാൽ ദഹിക്കാൻ ഏഴുവർഷം വരെ എടുക്കുമെന്നാണ് പറയപ്പെടുന്നത്.ഇത് സത്യമാണോ ?
ച്യൂയിംഗ് ഗം ചവയ്ക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ, ച്യൂയിംഗ് ഗം വയറ്റിൽ എത്തുന്നത് അപകടകരമാണ് എന്നാണ് പൊതുവിൽ പറയുന്നത്. അബദ്ധത്തിൽ ആണെങ്കിൽ കൂടിയും ച്യൂയിംഗ് ഗം വയറ്റിൽ എത്തിയാൽ ദഹിക്കാൻ ഏഴുവർഷം വരെ എടുക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് യഥാർത്ഥ വസ്തുതയാണോ അതോ മിഥ്യയാണോ? ച്യൂയിംഗ് ഗം ചവയ്ക്കാനും വിഴുങ്ങാതിരിക്കാനുമാണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും, അതിന്‍റെ ഉപഭോഗം മിക്ക ആളുകൾക്കും ദോഷകരമല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ നൽകുന്ന ഉത്തരം.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി പ്രൊഫസറായ സൈമൺ ട്രാവിസ് പറയുന്നത് ഈ ഏഴു വർഷത്തെ കണക്ക് വെറും കെട്ടുകഥയാണെന്നാണ്. ച്യൂയിംഗ് ഗം വിഴുങ്ങിയതിന് ശേഷം യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ആമാശയത്തിൽ എത്തിയാൽ മല മൂത്ര വിസർജ്യത്തിനൊപ്പം പുറത്തു പോകുമെന്നാണ് ഇദ്ദേഹം പറയുന്നത്. പക്ഷേ അമിതമായ അളവിൽ ച്യൂയിംഗ് ഗം ആമാശയത്തിൽ എത്തിയാൽ അത് അപകടകരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. പ്രതിദിനം മൂന്നോ അതിലധികമോ കഷണങ്ങൾ വിഴുങ്ങിയാൽ ഇത് കുടലിൽ അടിഞ്ഞു കൂടാനുള്ള സാധ്യതയുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാൽ, ഇത് വെറും സാധ്യത മാത്രമാണെന്നും 30 വർഷത്തിലേറെയായ തന്‍റെ ഗ്യാസ്ട്രോ പ്രാക്ടീസിൽ ഒരിക്കൽ പോലും ച്യൂയിംഗ് ഗം വിഴുങ്ങി അപകടാവസ്ഥയിലായ ഒരു കേസ് പോലും തനിക്ക് മുൻപിൽ എത്തിയിട്ടില്ലെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യാന സർവകലാശാലയിലെ ചീഫ് ഹെൽത്ത് ഓഫീസറും പീഡിയാട്രിക്സ് പ്രൊഫസറുമായ ഡോ. ആരോൺ കരോളും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ച്യൂയിംഗ് ഗം വിഴുങ്ങുന്നത് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകില്ലെങ്കിലും അത് ചെയ്യാൻ താൻ ആളുകളെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് ഡോക്ടർ ആരോൺ പറയുന്നത്. അബദ്ധത്തിൽ വിഴുങ്ങിപ്പോയാൽ അമിതമായി പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും എന്നാല്‍, വേദനയോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടാൻ മടിക്കരുതുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക