പക്ഷികൾ കൂട്ടത്തോടെ ഒടുങ്ങിയ സംഭവം, ധാർമ്മിക ഉത്തരവാദിത്തം ആർക്കാണ്?
വനം മന്ത്രി എ.കെ ശശീന്ദ്രനും ഒഴിഞ്ഞു മാറരുത്. ദേശീയ പാത വീതി കൂട്ടുന്നത് മുൻകൂട്ടി അറിയാവുന്ന കാര്യമാണല്ലോ. സ്വാഭാവികമായി അവിടത്തെ സസ്യങ്ങളെയും പക്ഷികൾ അടക്കം അതിനെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങളെയും സംരക്ഷിക്കേണ്ട ചുമതല അദ്ദേഹത്തിന്റെ വകുപ്പിനാണ്.
മലപ്പുറത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് വി.കെ പടിയിൽ ദേശീയ പാത വികസനത്തിനെന്ന് പറഞ്ഞ് മരം മുറിച്ചപ്പോൾ നീർക്കാക്കളടക്കം നിരവധി പക്ഷികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ കർശന നടപടിക്ക് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശം നൽകിയിരിക്കുകയാണല്ലോ? നല്ല കാര്യം. ദേശാടന പക്ഷികൾ അടക്കം നിരവധി പക്ഷികൾ വരുന്ന പ്രദേശമാണിത്. പല പക്ഷികളുടെയും കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടപ്പോൾ അവരുടെ അമ്മപ്പക്ഷികൾ മരിച്ച തങ്ങളുടെ കുഞ്ഞുങ്ങളെ വിട്ടുപോകാതെ ആ പരിസരങ്ങളിൽ നിൽക്കുന്ന വേദനാജനകമായ കാഴ്ചയും അവിടെയുണ്ട്.
മരം തള്ളിയിട്ട ജെ.സി.ബി ഡ്രൈവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകലാണ് തൽക്കാലത്തേക്കെങ്കിലും ആ കർശന നടപടി. മുഖ്യമന്ത്രിക്കെതിരെ രണ്ട് മുദ്രാവാക്യം വിളിച്ചതിന് വിളിച്ച രണ്ട് പേർക്കപ്പുറം മുൻ എംഎൽഎ ശബരീനാഥ് അടക്കം എത്രയോ പേർക്കെതിരെ ഗൂഢാലോചന കേസും തീവ്രവാദ കേസുമൊക്കെ എടുത്തു കൊണ്ടിരിക്കുന്ന ഒരു നാടാണിത്. ആ കണക്ക് വച്ച് നോക്കുമ്പോൾ തനിക്ക് കിട്ടിയ നിർദ്ദേശം പാലിച്ച് പണി ചെയ്ത ജെസിബി ഡ്രൈവർ മാത്രമോ കുറ്റക്കാരൻ.
ടൂറിസ്റ്റ് വിസയിലെത്തിയ ഇന്ത്യാക്കാരിയായ 34 വയസ്സുള്ള ഗർഭിണി മരിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പോർച്ചുഗൽ ആരോഗ്യ മന്ത്രി മാർത്ത ടെമിഡോ രാജിവച്ച വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കഴിഞ്ഞ 23 -ന് തലസ്ഥാനമായ ലിസ്ബണിലെ ഒരാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നവജാത വിഭാഗത്തിൽ ഒഴിവില്ലാത്തതിനാൽ ഗർഭിണിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റി. അങ്ങോട്ട് പോകുന്ന വഴി ആംബുലൻസിൽ വച്ച് ഹൃദയാഘാതം ഉണ്ടാകുകയും കഴിഞ്ഞ 27 -ന് തീവ്ര ചികിത്സയിലായിരുന്ന യുവതി മരിക്കുകയും ചെയ്തു. ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ലിസ്ബണിലെ ഏതാനും ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗം അടച്ചു പൂട്ടിയിരുന്നു. അതിനെതിരെ വിമർശനം ഉയരുന്നതിനിടെ വിദേശ വനിതയുടെ മരണവും കൂടി സംഭവിച്ചതോടെയാണ് പോർച്ചുഗൽ ആരോഗ്യ മന്ത്രി ധാർമ്മികതയുടെ പേരിൽ രാജി വച്ചത്. കൊവിഡ് കാലത്ത് ശ്രദ്ധേയമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ മാർത്ത ടെമിഡോ 2018 മുതൽ ആരോഗ്യ മന്ത്രിയാണ്.
നമ്മുടെ നാട്ടിലും പണ്ട് ഇത്തരം കീഴ്വഴക്കങ്ങളുണ്ടായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കേ ലാൽ ബഹദൂർ ശാസ്ത്രി ഇങ്ങനെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വച്ചയാളാണ്. ആന്ധ്രയിലെ മെഹബൂബ് നഗറിൽ ഉണ്ടായ തീവണ്ടി അപകടത്തിൽ 112 പേർ മരിച്ചപ്പോൾ ശാസ്ത്രി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് രാജിക്കത്ത് സമർപ്പിച്ചിരുന്നു. അന്നത് ആദ്ദേഹം സ്വികരിച്ചില്ല. ആ വർഷം നവംബറിൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ ഉണ്ടായ തീവണ്ടി അപകടത്തിൽ 144 പേർ മരിച്ചപ്പോൾ ശാസ്ത്രി വീണ്ടും രാജി സമർപ്പിച്ചു. ഉത്തരവാദിത്വം സാങ്കേതികമായി റെയിൽവേയിലെ ബന്ധപ്പെട്ട സാങ്കേതിക വിഭാഗത്തിനാണെന്നും രാജി വേണ്ടെന്ന് നെഹ്റു അടക്കം പലരും വാദിച്ചെങ്കിലും ശാസ്ത്രി വഴങ്ങിയില്ല. ഭരണഘടനാ തത്വങ്ങളും വ്യക്തിപരമായ ധാർമ്മിക മൂല്യങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം രാജിയിൽ ഉറച്ചു നിന്നു. മാധ്യമങ്ങൾ അടക്കം ശാസ്ത്രിയെ ബലിയാടാക്കുകയായിരുന്നുവെന്ന് പണ്ഡിറ്റ് നെഹ്റുവിനെ വരെ വിമർശിച്ച ഈ സംഭവത്തെ മന്ത്രിമാരുടെ ധാർമ്മികതയുടെ രജത രേഖയായി ഉയർത്തി കാട്ടുന്നു.
എന്തായാലും മലപ്പുറത്തെ മരം മുറിച്ച് പക്ഷികൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ കരാറുകാരനും ജെസിബി ഡ്രൈവറിലും മാത്രം പഴിചാരാതെ ബന്ധപ്പെട്ട ദേശീയപാത വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകേണ്ടതല്ലേ? സസ്പെൻഷനും പിരിച്ചു വിടലുമല്ല വേണ്ടത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ വ്യവസ്ഥ ഉറപ്പാക്കണം. മാത്രമല്ല പ്രായശ്ചിത്തമായി പരിസരത്തെ പൊതുമരാമത്ത് സ്ഥലത്ത് എന്തു കൊണ്ട് പൊതുജനങ്ങളുടെ സഹകരണത്തോടെ പക്ഷികൾക്കായി ഒരു സ്മൃതി വനം ഒരുക്കിക്കൂടാ?
ആ വേളയിൽ ബേക്കൽ ടൂറിസത്തിലെ ഉദ്യോഗസ്ഥരുടെ അനുകരണീയമായ ഒരു കാര്യം സ്മരിക്കാതെ പോകാൻ നിർവാഹമില്ല. കുറച്ച് മാസങ്ങൾക്ക് മുൻപ് കാസർകോട് ഇതേ ദേശീയപാത വീതി കൂട്ടവേ ഒഴിവാക്കേണ്ട മരങ്ങളിൽ ഒരു ആൽമരത്തെ അവിടത്തെ ബേക്കൽ ടൂറിസം ഉദ്യോഗസ്ഥർ വേരാടെ പിഴുതെടുത്ത് ബേക്കൽ കടപ്പുറത്തിനടുത്തെ ഊഷര ഭൂമിയിലെത്തിച്ചിരുന്നു. നീലേശ്വരത്തെ ഓട്ടോ തൊഴിലാളികളുടെ സഹകണത്തോടെയാണ് ആ മരത്തെ കെടാതെ ബേക്കൽ ടൂറിസം സംരക്ഷിച്ചത്. തങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും തണലേകി ശുദ്ധവായു പ്രദാനം ചെയ്തിരുന്ന ആൽമരത്തെ ആരാധിച്ചിരുന്ന ഓട്ടോ സാരഥികളാണ് മരം മിഴി അടക്കാതെ നിൽക്കാൻ മുൻകൈയെടുത്തത്.
കൂടുതൽ മരങ്ങൾ കൊണ്ടുവന്ന് പുനർജീവിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും റോഡിലൂടെ വൈദ്യുതി കമ്പികളിൽ തട്ടാതെ എത്തിക്കുന്നതിലെ പ്രയാസവും മറ്റും കാരണം അതിനിയും മുന്നോട്ടു പോയിട്ടില്ല. മലപ്പുറം മരം മുറി അറിഞ്ഞ് ബേക്കൽ ടൂറിസം ഉദ്യോഗസ്ഥരോട് കാര്യം തിരക്കിയപ്പോൾ ഉപ്പ് കാറ്റുയർത്തുന്ന വെല്ലുവിളികൾക്കിയയിലും മാറ്റി നട്ട ആൽമരം പുതിയ തളിരിട്ടിരിക്കുന്നതായി അറിയാനായി. അവിടത്തെ ഒരു സ്വകാര്യ റിസോർട്ടുമായി ബന്ധപ്പെട്ട്, ദേശീയ പാതയരികിൽ നിന്ന് ഒഴിവാക്കുന്ന ഇരുപതോളം മരങ്ങളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതിയുണ്ടെന്നും ബേക്കൽ ടൂറിസം ഉദ്യോഗസ്ഥർ പറഞ്ഞു.
വനം മന്ത്രി എ.കെ ശശീന്ദ്രനും ഒഴിഞ്ഞു മാറരുത്. ദേശീയ പാത വീതി കൂട്ടുന്നത് മുൻകൂട്ടി അറിയാവുന്ന കാര്യമാണല്ലോ. സ്വാഭാവികമായി അവിടത്തെ സസ്യങ്ങളെയും പക്ഷികൾ അടക്കം അതിനെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങളെയും സംരക്ഷിക്കേണ്ട ചുമതല അദ്ദേഹത്തിന്റെ വകുപ്പിനാണ്. ആവശ്യത്തിന് ജീവനക്കാരും നിരവധി വാഹനങ്ങളുമൊക്കെയുള്ള വലിയൊരു വനപരിപാലന സംവിധാനത്തെയാണ് നാം നികുതി കൊടുത്ത് പോറ്റുന്നത്. ഇത്തരം വിഷയങ്ങളിൽ മുൻകൂട്ടി കൃത്യമായ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിക്കാനും അത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റയും ഉത്തരവാദിത്വം വനം വകുപ്പിനാണ്.
സോഷ്യൽ ഫോറസ്റ്ററിയുടെ അനുമതി കിട്ടാതെയാണ് ഈ മരം മുറിച്ചതെന്നും ഈ മരം വീതി കൂട്ടേണ്ട ഭാഗത്തല്ലെന്നുമാണ് വനം വകുപ്പിന്റെ വാദം. പരിസരത്തെ മറ്റ് മരങ്ങൾ മുറിച്ചതിനാൽ അതിൽ നിന്നൊക്കെ ചേക്കേറിയ പക്ഷികളുടെ അഭയ കേന്ദ്രമായിരുന്നു ഈ മരം. ഷെഡ്യൂൾ നാല് പ്രകാരമുള്ള നീർകാക്കകൾ മരിച്ചതിനാൽ വന്യജീവി സംരക്ഷണ പ്രകാരമാണ് കേസ്. പക്ഷേ, ഈ കേസ് ഡ്രൈവറിൽ മാത്രം ചുരുങ്ങരുത്. കരാറെടുത്ത ഹൈദ്രാബാദ് കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉത്തരം പറയണം. ബേക്കലിൽ ചെയ്തത് പോലെ ആരെങ്കിലും മരത്തെ പിഴുതു കൊണ്ട് സംരക്ഷിക്കാൻ തയ്യാറാവുന്നുണ്ടെങ്കിൽ അതിന് വേണ്ട ഒത്താശ ചെയ്യേണ്ടതും വനം വകുപ്പാണ്. ഇതാകണം വനം വകുപ്പ് ആ പാതയോരത്ത് വീണ് പിടഞ്ഞുമരിച്ച പക്ഷികളോട് ചെയ്യേണ്ട പ്രായശ്ചിത്തം.
ഇതൊക്കെ ഒരു തരം ഉട്ടോപ്യൻ വാദങ്ങളാണ് എന്ന് തോന്നുന്നുണ്ടോ? ഒരു കഥ പറയാം, സംഭവ കഥ. ശൈത്യമാകുമ്പോാൾ നമ്മുടെ നാട്ടിലേക്ക് അന്നവും അഭയവും തേടി ആയിരം കാതം അകലെ നിന്നാണെങ്കിലും മുടങ്ങാതെ എത്തുന്ന അതിഥികളുണ്ട്. മലപ്പുറത്തെ കടലുണ്ടിയിലടക്കം അവർ എല്ലാ വർഷവും മുടങ്ങാതെ എത്താറുണ്ട്. പാസ്പോർട്ടും വിസയും നോക്കാതെ മഹാസമുദ്രങ്ങൾ നിർത്താതെ പറന്നെത്തുന്ന അവരിലേറെയും യൂറോപ്യൻമാരാണ്. ഒന്നാം ലോക മഹായുദ്ധത്തെ ആധാരമാക്കി സാം മെൻഡേഴസ് സംവിധാനം ചെയ്ത 1917 എന്ന വിഖ്യാത ചലച്ചിത്ര നിർമ്മിതിക്കായി ചിത്രീകരണം നടത്തുന്നതിനായി യുകെയിലെ ഒരു പാടത്ത് ഒരു ഫാം ഹൗസ് സെറ്റിട്ടു. അവിടെ മീവൽ പക്ഷികളുടെ (swallos) ഒരിണ കൂടു കൂട്ടി. സിനിമ ചിത്രീകരിക്കുന്ന യുകെയിൽ പക്ഷിക്കൂടുകളെ ശല്യം ചെയ്യുന്നതിനെതിരെ കർശന നിയമമുണ്ട്.
അതിനാൽ ചിത്രീകരണം കഴിഞ്ഞെങ്കിലും സെറ്റ് പൊളിക്കാൻ അവർക്ക് കഴിഞ്ഞില്ല. അവിടെ സെറ്റ് പൊളിച്ച് നിർമ്മാതാക്കൾ ആ ഭൂമി നേരത്തെ എങ്ങനെയാണോ കിടന്നത് അതിൽ മണ്ണിന്റെ ഘടന അടക്കം പൂർവ്വസ്ഥിതിയിലാക്കി മാത്രമേ പോകാനാകൂ. അങ്ങനെ കാത്തിരിക്കവേ മറ്റൊരു മീവൽ ഇണകളും കൂടു കിട്ടി. പിന്നെ അവയെല്ലാം മുട്ട വിരിഞ്ഞ് സ്ഥലം വിട്ട ശേഷം മാത്രമാണ് 1917 -ന്റെ നിർമ്മാതാക്കൾക്ക് സിനിമാ സെറ്റ് പൊളിക്കാനായുള്ളു.
സകല ജീവജാലകളോടുമുള്ള പരിഗണനയും കരുതലും ഒപ്പം മുഖം നേക്കാതെ നിയമം നടപ്പാക്കലുമാണ് ധാർമ്മികവും പരിഷ്കൃതവുമായി ഒരു രാജ്യത്തെ ഉയർത്തുന്നത്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്ന വസുധൈവ കുടുംബക സങ്കൽപ്പമാണ് നമ്മുടെ പാരമ്പര്യം.