തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഷ ഭീഷണിയുടേത്, കാലോചിതമായി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് തദ്ദേശ ഭരണകൂടങ്ങള്‍ രാജ്യത്തെ പൗരന് നോട്ടീസ് അയക്കുന്ന നോട്ടീസുകളില്‍ ഉപയോഗിച്ചിരിക്കുന്നത് അധികാരത്തിന്‍റെ ഭീഷണിയുടെ ഭാഷയാണെന്നും ഇത് പൗരന്മാരെ അവഹേളിക്കുന്നതാണെന്നും ഉത്തരവില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.

Human Rights Commission calls for timely change of language of local self-government bodies bkg

നികുതി അടയ്ക്കാത്ത പൗരന്മാര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുന്ന നോട്ടീസുകളിലെ ഭാഷ കാലഹരണപ്പെട്ടതാണെന്നും അത് നികുതി ദായകനെ അവഹേളിക്കുന്നതും നികുതി ദായകരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നതാണെന്നും  തിരിച്ചറിഞ്ഞതിനാല്‍ അത്തരം നോട്ടീസുകളിലെ ഭാഷാ പ്രയോഗങ്ങളില്‍ കാലികമായ മാറ്റങ്ങള്‍ വരുത്താന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. പാലക്കാട് കുഴല്‍മന്ദം നെച്ചുള്ളി സ്വദേശിയും കര്‍ഷകനുമായ കെ കെ രാജന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥാണ് ഉത്തരവ് ഇറക്കിയത്.  

കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നൽകിയ നോട്ടീസിലെ പ്രയോഗങ്ങൾ തന്നെ ഭയപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും പൊതു സമൂഹത്തിൽ കളങ്കപ്പെടുത്തുന്നതുമാണെന്നായിരുന്നു കെ കെ രാജന്‍റെ പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവെന്നും നികുതി / നികുതി കുടിശ്ശിക അടക്കുവാന്‍ ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും മറ്റും നല്‍കുന്ന ചില നോട്ടീസുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഭീഷണിയുടെ ഭാഷയാണെന്നും ഇത്തരം നോട്ടീസുകള്‍ നികുതി ദായകരെ അവഹേളിക്കുന്ന തരത്തിലുള്ളവയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. കെ കെ രാജന്‍, ശിവപ്രസാദ് കെ തുടങ്ങിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 'സൗഹൃദ ഭാഷാ കൂട്ടായ്മ', അധികാര രൂപത്തിലുള്ള ഭരണഭാഷ മാറ്റണമെന്നാവശ്യപ്പട്ട് ക്യാമ്പൈന്‍ നടത്തിയിരുന്നു. 

എല്ലാ വര്‍ഷവും മാര്‍ച്ച് 31 മുമ്പായിട്ടാണ് വാര്‍ഷിക / അര്‍ദ്ധ വാര്‍ഷിക നികുതികള്‍ അടയ്ക്കേണ്ടത്. എന്നാല്‍ അതിന് ഒരു മാസം മുമ്പ് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നികുതി അടയ്ക്കുന്നതിനായി ജനങ്ങളെ ഓര്‍മ്മിപ്പിച്ച് കൊണ്ട് നോട്ടീസുകള്‍ അയക്കും. എന്നാല്‍ ഇങ്ങനെ അയക്കുന്ന നോട്ടീസുകളില്‍ ഉപയോഗിക്കുന്ന ഭാഷ, സ്വാതന്ത്ര്യത്തിനും മുമ്പ് ബ്രീട്ടീഷ് കാലത്ത് ഉപയോഗിച്ചിരുന്ന അധികാരത്തിന്‍റെ ഭാഷയാണ്, സ്വാതന്ത്ര്യം ലഭിച്ചിട്ടും രാജ്യത്തെ പൗരന്മാരെ, പൗരന്മാരായി കാണാതെ വെറും നികുതി ദായകരായി മാത്രം കാണുന്ന തരത്തിലുള്ള ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. 

Human Rights Commission calls for timely change of language of local self-government bodies bkg

ട്രാഫിക് സൈൻ ബോർഡുകളിലെ 'ബഹുമാനം' ഇനിവേണ്ട; ഉത്തരവുമായി ട്രാഫിക് എൻഫോഴ്സ്മെന്‍റ്

"..... മേൽ വിവരിച്ച വാർഷിക / അർദ്ധവാർഷിക നികുതി നിശ്ചിത തിയ്യതിക്കകം ഒടുക്കി രസീതി വാങ്ങേണ്ടതും അപ്രകാരം ഒടുക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം താങ്കൾക്ക്, 1996 ലെ കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങളിലെ 14 പ്രകാരം നോട്ടീസ് പടിയും , നോട്ടീസ് രജിസ്ട്രേഡ് പോസ്റ്റ് മുഖേന നടത്തേണ്ടി വരുന്ന പക്ഷം അതിനുള്ള ചിലവും അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡിമാന്‍റ് നോട്ടീസ് അയയ്ക്കുന്നതും, നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നികുതിയും നോട്ടീസ് പടിയും രജിസ്ട്രേഷൻ ചാർജ്ജ് ഈടാക്കാനുണ്ടെങ്കിൽ അതും കൂടി ഒടുക്കാതിരിക്കുകയോ അപ്രകാരം ഒടുക്കാതിരിക്കുന്നതിന് സെക്രട്ടറിക്ക് ബോധ്യമാവത്തക്കവണ്ണമുള്ള കാരണം കാണിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം ചട്ടം 15 പ്രകാരം താങ്കളുടെ ജംഗമ വസ്തുക്കൾ ലേലം ചെയ്ത് നികുതി നോട്ടീസ് പടി, രജിസ്ട്രേഷൻ ചാർജ്‌, വാറന്‍റ് പടി എന്നിവ ഈടാക്കുന്നതും എതെങ്കിലും കാരണവശാൽ ജപ്തി പ്രായോഗികമല്ലെന്നോ മുഴുവൻ തുകയ്ക്കും പര്യപ്തമല്ലന്നോ തോന്നുന്ന പക്ഷം താങ്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതാണ്.'  ഇത്തരത്തിലാണ് നികുതി അടയ്ക്കാന്‍ തദ്ദേശ ഭരണകൂടങ്ങള്‍ രാജ്യത്തെ പൗരന് നോട്ടീസ് അയക്കുന്നത്. ഇത് പൗരന്മാരെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും അതിനാല്‍ കാലികമായി ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ തിരുത്തണമെന്നുമാണ് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

കേരള പഞ്ചായത്ത് വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടങ്ങൾ 2011, 14 (1) പ്രകാരമുള്ള നോട്ടീസാണെന്നും ഇത് നിയമാനുസൃതം മാത്രമാണെന്നും പഞ്ചായത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. നോട്ടീസിലെ പ്രയോഗങ്ങൾ ആരെയും ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു കമ്മീഷന്‍റെ കണ്ടെത്തല്‍. തദ്ദേശ ഭരണകൂടങ്ങളുടെ ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് ഉന്നയിച്ച് 'സൗഹൃദ ഭാഷാ കൂട്ടായ്മ' നടത്തിയ ക്യാമ്പൈന്‍റെ ഭാഗമായാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവെന്നും ബോബന്‍ മാട്ടുമന്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജനങ്ങളാണ് അധികാരിയെന്നും ജനത്തെ സേവിക്കാനാണ് ഭരണകൂടവും ഭരണകൂട സ്ഥാപനങ്ങളുമെന്നും ദിവസവും ഓര്‍മ്മിപ്പിക്കേണ്ട അവസ്ഥയാണ് രാജ്യത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ രാജ്യത്ത് ജനങ്ങളെ ഭയപ്പെടുത്തി നികുതി പരിക്കുകയല്ല വേണ്ടതെന്നും മറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ സേവനം നല്‍കുകയാണെന്നും അതിന് അധികാരത്തിന്‍റെ ഭീഷണിയുടെ സ്വരം നല്‍കരുതെന്നുമാണ്' സൗഹൃദ ഭാഷാ കൂട്ടായ്മ' ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios