ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയുടെ വിമാനയാത്ര എപ്പോഴും ഇങ്ങനെയാണ്, വീഡിയോ
ഇരുന്ന് യാത്ര ചെയ്യാനാവില്ലെങ്കിൽ പിന്നെങ്ങനെയാണ് ഗെൽഗി യാത്ര ചെയ്യുന്നത് എന്നല്ലേ? സീറ്റുകൾ മാറ്റി അതിന് പകരം ഒരു സ്ട്രക്ചർ. അതിൽ കിടന്നുകൊണ്ടായിരുന്നു ഗെൽഗിയുടെ യാത്ര.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയാണ് റുമേയ്സാ ഗെല്‍ഗി. ഏഴ് അടി ഏഴ് ഇഞ്ച് ആണ് ഗെൽഗിയുടെ ഉയരം. ഗിന്നസ് വേൾഡ് റെക്കോർഡിലും ഈ ഉയരം കാരണം ഗെൽഗി സ്ഥാനം പിടിച്ചു. വീവെര്‍ സിന്‍ഡ്രോം ബാധിതയാണ് ഗെൽഗി. അത് തന്നെയാണ് അവരുടെ ഈ അസാധാരണമായ ഉയരത്തിന് കാരണവും.
ഈ ഉയരം കാരണം ഗെൽഗിക്ക് അതിന്റേതായ അനേകം ബുദ്ധിമുട്ടുകളും ഉണ്ട്. അതിലൊന്നാണ് വിമാനത്തിൽ നമ്മെപ്പോലെ ഇരുന്ന് യാത്ര ചെയ്യാനാവില്ല എന്നത്. ഇപ്പോഴിതാ ഗെൽഗിയുടെ ഒരു വിമാനയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കയാണ്.
അടുത്തിടെ യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഗെൽഗിക്ക് ഒരുക്കി കൊടുത്തത് ടർക്കിഷ് എയർലൈൻസ് ആണ്. എങ്ങനെയാണ് ടർക്കിഷ് എയർലൈൻസ് തന്റെ യാത്ര മനോഹരമാക്കിയത് എന്നതിനെ കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവച്ച വീഡിയോയിൽ ഗെൽഗി പറയുന്നത് കാണാം.
ഇരുന്ന് യാത്ര ചെയ്യാനാവില്ലെങ്കിൽ പിന്നെങ്ങനെയാണ് ഗെൽഗി യാത്ര ചെയ്യുന്നത് എന്നല്ലേ? സീറ്റുകൾ മാറ്റി അതിന് പകരം ഒരു സ്ട്രക്ചർ. അതിൽ കിടന്നുകൊണ്ടായിരുന്നു ഗെൽഗിയുടെ യാത്ര. ഗെൽഗി സ്ട്രെക്ചറിൽ കിടക്കുന്നതും അവളെ എയർലൈൻസ് ജീവനക്കാർ വിമാനത്തിനകത്തേക്ക് കയറാൻ സഹായിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം.
എങ്ങനെയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത യാത്ര ചെയ്യുന്നതും അവളുടെ സുഹൃത്തുക്കളെ കാണുന്നതും എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. സ്കോളിയോസിസ് എന്ന അവസ്ഥ കാരണം അവൾക്ക് നേരെ ഇരിക്കാൻ പ്രയാസമാണ്. നട്ടെല്ലിനുണ്ടാകുന്ന വശത്തിലേക്കുള്ള വളവാണ് സ്‌കോളിയോസിസ്. തൻ്റെ നട്ടെല്ലിൽ 2 നീളമുള്ള കമ്പികളും 30 സ്ക്രൂകളും ഉണ്ടെന്നും അതും തന്നെ ഇരിക്കുന്നതിൽ നിന്നും തടയുന്നു എന്നും ഗെൽഗി പറയുന്നു.
വിമാനത്തിൽ സ്ട്രെക്ചറിൽ കിടന്നുകൊണ്ടുള്ള ഗെൽഗിയുടെ യാത്ര വളരെ ആശ്വാസകരമായിരുന്നു എന്നും അതിനുവേണ്ടി വിമാനത്തിലെ ജീവനക്കാർ അവൾക്കൊപ്പം തന്നെയുണ്ടായിരുന്നു എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. നിരവധിപ്പേരാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.