May Day : ഹേ മാര്‍ക്കറ്റ് മുതല്‍ തൂക്കുകയര്‍ വരെ സംഭവിച്ചത്; മെയ് 1 ലോകതൊഴിലാളിദിനമായ ചരിത്രകഥ
നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് ഇന്ന് ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദങ്ങളിലും കൈവരിച്ച തൊഴില്‍ അവകാശങ്ങള്‍ ഒന്നൊന്നായി ഭരണകൂടം കവരുന്നതിന്റെ ആശങ്കകളിലും കഴിയുമ്പോള്‍ ഒരു മെയ്ദിനം കൂടി കടന്നുവരികയാണ്. അനിവാര്യമായ ഓര്‍മപ്പെടുത്തലുകളായി മെയ്ദിനത്തിന്റെ ചരിത്രപഥം നമ്മെ ആകുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എഴുത്ത്: കെ വി മധു
''ഞങ്ങള്‍ ജീവിച്ചാലും മരിച്ചാലും സാമൂഹ്യവിപ്ലവമെന്നത് അനിവാര്യമായ ഒന്നാണ്. മനുഷ്യസ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തികള്‍ ഇനിയുമിനിയും വിസ്തൃതമായേ മതിയാകൂ''
1886 മെയില്‍ അമേരിക്കയില്‍ ഹേ മാര്‍ക്കറ്റ് സംഭവത്തിന്റെ പേരില്‍ നാല് തൊഴിലാളി നേതാക്കളെ തൂക്കിലേറ്റാനുള്ള നടപടികളിലേക്ക് ജയിലധികൃതര്‍ കടന്നു.
നവംബര്‍ 1.
അന്നൊരു കറുത്ത വെള്ളിയാഴ്ചയായിരുന്നു.
യാതൊരു ഭാവവ്യത്യാസവുമില്ലാതെ നാല് തൊഴിലാളി നേതാക്കളും തൂക്കുമരത്തിനരികിലേക്ക് നടന്നു. തന്റെ കഴുത്തില്‍ കുരുക്കിടുന്നതിന് ആരാച്ചാരെ അഡോള്‍ഫ് ഫിഷര്‍ സഹായിച്ചുകൊടുത്തു. മുറുകിപ്പോയ കുരുക്ക് ഒന്ന് വലിച്ചുനേരെയാക്കുമ്പോള്‍ ആഗസ്റ്റ് സ്‌പൈസ്, നന്ദി പറഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു.
'' ഇന്ന് നിങ്ങള്‍ കഴുത്തുഞെരിച്ചില്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജിക്കുന്ന ദിനം വരും. അതുകഴിഞ്ഞപ്പോള്‍ സ്വാതന്ത്ര്യം ജയിക്കട്ടെ എന്ന് ഏന്‍ഗല്‍ വിളിച്ച മുദ്രാവാക്യം ഫിഷര്‍ ഏറ്റുപറഞ്ഞു.
''ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. ''- ഏന്‍ഗല്‍ പ്രഖ്യാപിച്ചു.
ഏറ്റവും അവസാനം സംസാരിച്ചത് ആല്‍ബര്‍ട്ട് പാര്‍സനാണ്.
'' ഞാന്‍ അമേരിക്കയിലെ മനുഷ്യരോട് സംസാരിക്കട്ടെ. നഗരാധിപനേ, ജനങ്ങളുടെ ശബ്ദം നിങ്ങള്‍ കേട്ടാലും''
നിമിഷങ്ങള്‍ക്കുള്ളില്‍ നാല് നേതാക്കളുടെയും ജീവന്‍ കൊലക്കയറില്‍ പിടഞ്ഞ് നിശ്ചലമായി. തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിലെ രക്തസാക്ഷികളായി അവര്‍ മാറി.
പിന്നെയും നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് ഇന്ന് ലഭ്യമായ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദങ്ങളിലും കൈവരിച്ച തൊഴില്‍ അവകാശങ്ങള്‍ ഒന്നൊന്നായി ഭരണകൂടം കവരുന്നതിന്റെ ആശങ്കകളിലും കഴിയുമ്പോള്‍ ഒരു മെയ്ദിനം കൂടി കടന്നുവരികയാണ്. അനിവാര്യമായ ഓര്‍മപ്പെടുത്തലുകളായി മെയ്ദിനത്തിന്റെ ചരിത്രപഥം നമ്മെ ആകുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഹേ മാർക്കറ്റിലെ തൊഴിലാളി സമ്മേളനം
ആദ്യതൊഴിലാളി ദിനം
എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി കൊണ്ടാടുന്നത്. അതിന് പിന്നില്‍ കൃത്യമായ ഒരു സംഭവത്തിന്റെ ചരിത്രകഥയുണ്ടോ. യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ ഹേ മാര്‍ക്കറ്റ് സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട് നാല് തൊഴിലാളികള്‍ തൂക്കിലേറ്റതിന്റെ ഓര്‍മയ്‌ക്കോ, ഹേ മാര്‍ക്കറ്റ് സംഭവത്തിന്റെ തന്നെ ഓര്‍മയ്‌ക്കോ, അതിന് ശേഷമുള്ള തുടര്‍ സമരങ്ങളിലേതെങ്കിലും ഒന്നിന്റെ ഓര്‍മയ്‌ക്കോ മാത്രമായിട്ടല്ല മെയ് ദിനം കൊണ്ടാടുന്നത്. അത് തൊഴിലാളി മുന്നേറ്റവുമായി ബന്ധപ്പെട്ട സംഭവപരമ്പരകളിലെ ഒരു നീണ്ട അധ്യായത്തിന്റെ കഥയാണ്. തൊഴിലാളി പ്രക്ഷോഭങ്ങളുടെ ആന്തരിക ശക്തിയാണ് മെയ്ദിനത്തിന്റെ ഓര്‍മതന്നെ. ആ നീണ്ട കഥ സംഭവബഹുലവും ആകാംക്ഷാനിര്‍ഭരവുമാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാന രണ്ടുദശകങ്ങള്‍ ലോകമെങ്ങുമുള്ള തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനത്തിന് വേണ്ടിയുള്ള മുദ്രാവാക്യം മുഴക്കിയ കാലമായിരുന്നു. എന്നാല്‍ അമേരിക്കയില്‍ മറ്റൊരാവശ്യം കൂടി ഉന്നയിക്കപ്പെട്ടു. തൊഴിലാളികളെ തൊഴിലുടമയുടെ ഇഷ്ടത്തിനനുസരിച്ച് എത്ര സമയം വരെയും തൊഴിലെടുപ്പിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം കൂടി പൊട്ടിപ്പുറപ്പെട്ടു. എട്ടുമണിക്കൂറിൽ കൂടുതൽ ഒരു നിമിഷം പോലും തൊഴിൽ ചെയ്യില്ലെന്ന് തൊഴിലാളികൾ ഉറച്ചുപറഞ്ഞു. അങ്ങനെ തൊഴില്‍ സമയം എന്ന ആവശ്യം നേടിയെടുക്കുന്നതിനുള്ള സമരം കൊടുമ്പിരി കൊണ്ടു. അങ്ങനെയാണ് 1886 മെയ് ഒന്നിന് ദേശവ്യാപക തൊഴിലാളി സമരത്തിനുള്ള ദിവസമായി അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍ എന്ന സംഘടന പ്രഖ്യാപിച്ചത്. സമരദിവസം ഏറ്റവും വലിയ റാലി നടന്നത് ഷിക്കാഗോ നഗരത്തിലായിരുന്നു. 80,000 ലധികം തൊഴിലാളികള്‍ അവിടെ ഒത്തുകൂടി. തൊഴിലാളി സമരത്തിന്റെ മുന്‍ നിരയില്‍ നിലകൊണ്ടത് ആല്‍ബര്‍ട്ട പാർസണും ഭാര്യ ലൂസിയുമായിരുന്നു. അച്ചടിജോലിക്കാരനില്‍ നിന്ന് ദി ആലാം എന്ന പത്രികയുടെ പത്രാധിപര്‍ വരെയായി മാറിയതായിരുന്നു പാർസണിന്റെ അന്നത്തെ വ്യക്തിത്വം. അങ്ങനെ പാർസണും ലൂസിയയു നേതൃത്വം നല്‍കിയ ആ പ്രകടനം സമാധാനപരമായി അവസാനിച്ചു. ഷിക്കാഗോ അന്നുവരെ കണ്ടിട്ടില്ലാത്ത ആവേശം എങ്ങും പരന്നു.
നാല് തൊഴിലാളികളുടെ രക്തസാക്ഷിത്വം
മെയ് ഒന്ന് ഉണ്ടാക്കിയ ആവേശം അസാധാരണമായിരുന്നു. അതേസമയം തൊഴിലുടമകളില്‍ അതൊരു വല്ലാത്ത പ്രതികാരവാഞ്ജയും രൂപപ്പെടുത്തി. തൊട്ടടുത്ത ദിവസം ഒരു ഞായറാഴ്ചയായിരുന്നു. നഗരപ്രാന്തത്തിലെ ഒരു കൊയ്ത്ത നിര്‍മാണ വ്യവസായ ശാലയില്‍ എട്ടുമണിക്കൂര്‍ ജോലിസമയത്തിനായി സമരം നടക്കുന്നു. ഉടമ ലോക്കൗണ്ട് പ്രഖ്യാപിച്ച സമയം. പണി നഷ്ടപ്പെട്ട തൊഴിലാളികള്‍ കമ്പനിക്ക് മുന്നില്‍ തടിച്ചുകൂടി. അവിടെ ആഗസ്റ്റ് സ്‌പൈസ് എന്ന തൊഴിലാളി നേതാവിന്റെ പ്രസംഗിക്കുന്നു. അതിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടല്‍ ലാത്തിച്ചാര്‍ജിലും വെടിവെപ്പിലും എത്തി. അങ്ങനെ പൊലീസിന്റെ വെടിവെപ്പില്‍ 4 തൊഴിലാളികള്‍ ദാരുണമായി കൊല്ലപ്പെട്ടു.
ഹേ മാർക്കറ്റിലെ തൊഴിലാളി സമരത്തിന്റെ സ്മാരകം
ഹേ മാര്‍ക്കറ്റിലേക്ക്
''തൊഴിലാളികളെ തിരിച്ചടിക്കാനൊരുങ്ങുക, ആയുധമെടുക്കുക''
നാല് തൊഴിലാളികളുടെ ചോരവീണ മണ്ണില്‍ നിന്ന് ആഗസ്ത് സ്‌പൈസ് നടത്തിയ ആഹ്വാനം ഷിക്കാഗോയിലെ തെരുവുകളൊന്നാകെ ഏറ്റെടുത്തു. വെടിവെപ്പില്‍ പ്രതിഷേധിക്കാന്‍ മെയ് 4ന് തൊഴിലാളികള്‍ ഹേ മാര്‍ക്കറ്റ് ജങ്ഷനില്‍ ഒത്തുകൂടി. ഹേ മാര്‍ക്കറ്റിലെ പൊതുയോഗത്തിലേക്ക് മൂവായിരത്തോളം ആളുകളേ എത്തിയിരുന്നുള്ളൂ. തൊഴിലാളി യൂണിയന്‍ നേതാക്കളായ ആഗസ്ത് സ്‌പൈസും ആല്‍ബര്‍ട്ട് പാര്‍സണും അഭിസംബോധന ചെയ്യാനെത്തി. പ്രസംഗം കഴിഞ്ഞപ്പോള്‍ സ്‌പൈസും ലൂസിയും രണ്ടുകുട്ടികളെയും കൂട്ടി സിന്‍സിനാട്ടി നഗരത്തിലേക്ക് മടങ്ങി. ഒടുവില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ മാത്രമായി. സാമുവല്‍ ഫീല്‍ഡണ്‍ എന്ന തൊഴിലാളി നേതാവ് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലേക്ക് ക്യാപ്റ്റൻ ജോണ്‍ ബോണ്‍ഫീല്‍ഡ് എന്ന പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ സായുധപോലീസ് ഇരച്ചെത്തി.
ആസൂത്രിതമായ ആക്രമണം
ബോണ്‍ഫീല്‍ഡിന്റെ വരവില്‍ തന്നെ അസ്വാഭാവികതയുണ്ടായിരുന്നു. സമാധാനപരമായി നടക്കുകയായിരുന്നു ചെറുയോഗത്തിനോട് പിരിഞ്ഞുപോകണം എന്ന് ജോണ്‍ബോണ്‍ഫീല്‍ഡ് ആവശ്യപ്പെട്ടു. തൊട്ടടുത്ത നിമിഷം അപ്രതീക്ഷിതമായി ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു പൊട്ടിത്തെറിയുണ്ടായി. പിന്നെ പൊലീസ് തൊഴിലാളികള്‍ക്ക് നേരെ കനത്ത വെടിവെപ്പുണ്ടായി. ജീവന്‍ രക്ഷിക്കാന്‍ തൊഴിലാളികള്‍ പരക്കം പാഞ്ഞു. പ്രാണരക്ഷാര്‍ത്ഥമുള്ള പ്രതിരോധത്തിനും പൊലീസ് വെടിവെപ്പിനും ഇടയില്‍ ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. എത്ര തൊഴിലാളികള്‍ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കുപോലും ലഭിച്ചില്ല. ആറു പൊലീസുകാരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹേ മാര്‍ക്കറ്റ് ജങ്ഷനില്‍ ഉണ്ടായ ആ സ്‌ഫോടനം അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തെ ബോംബേറായാണ് അറിയപ്പെടുന്നത്. ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ആകാംക്ഷയുണ്ടാക്കുന്ന നിരവധി അന്വേഷണങ്ങള്‍ ആദ്യത്തെ ബോംബേറിനേ കുറിച്ച് പിന്നീട് നടന്നു. ഹേ മാര്‍ക്കറ്റ് സംഭവത്തെ തുടര്‍ന്ന് എട്ട് തൊഴിലാളി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അവരെ കൊലക്കുറ്റത്തിന് വിചാരണയക്ക് വിധേയമാക്കി.
ആ എട്ട് പേര്‍
ആല്‍ബര്‍ട്ട് പാര്‍സണ്‍സ്, ആഗസ്റ്റ് സ്‌പൈസ്, സാമുവല്‍ ഫില്‍ഡണ്‍, അഡോള്‍ഫ് ഫിഷര്‍, മിഖായേല്‍ ഷ്വാബ്, ജോര്‍ജ് എഗല്‍ എന്നീ ആറുപേരായിരുന്നു അവരില്‍ പ്രമുഖരമായ തൊഴിലാളി യൂണിയന്‍ നേതാക്കള്‍. അവര്‍ക്കൊപ്പം കടുത്ത യാഥാസ്ഥിതികനായ ഓസ്‌കര്‍ നീബും തീവ്രപുരോഗമനവാദിയായ ലൂയി ലിങ്ങും അറസ്റ്റുചെയ്യപ്പെട്ടു. ഇവരില്‍ സാമുവല്‍ ഫീല്‍ഡണ്‍ ഒഴിച്ച് മറ്റൊരാളും സംഭവസ്ഥലത്ത് പോലും ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. വിചാരണയ്‌ക്കൊടുവില്‍ എട്ടുപേരും കുറ്റക്കാരെന്ന് വിധിച്ചുകൊണ്ട് ഏഴ് പേരെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചു. യുവാവായിരുന്ന ഓസ്‌കാര്‍ നിബിന് കോടതി 15 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചു. വളരെ തിരക്കിട്ട് മൂന്ന് മാസം കൊണ്ട് പൂര്‍ത്തിയാക്കി വിചാരണ തന്നെ ഒരു അനീതിയായിരുന്നു.
ഹേ മാർക്കറ്റിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട തൊഴിലാളി നേതാക്കളുടെ വാക്കുകളുടെ ആലേഖനം
വിധി വന്നതിന് ശേഷം ആല്‍ബര്‍ട്ട് പാര്‍സണ്‍സിന്റെ ഭാര്യ ലൂസി നാടെങ്ങും പ്രതിഷേധപ്രചാരണം നടത്തി. പര്യടനത്തിനിടെ ഇംഗ്ലണ്ടിലെത്തിയ ലൂസിയ്ക്ക് നോവലിസ്റ്റ് ഓസ്‌കര്‍ വൈല്‍ഡ്, നാടകകൃത്ത് ബര്‍ണാഡ് ഷാ തുടങ്ങിയ മഹാരഥന്മാരുടെ പിന്തുണയും ലഭിച്ചു. ഇറ്റലി, റഷ്യ, ഹോളണ്ട്, ഫ്രാന്‍സ് തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലെങ്ങും പ്രതിഷേധമുയര്‍ന്നു. ഒരു ഫലവുമുണ്ടായില്ല.
ശിക്ഷിക്കപ്പെട്ട ഓരോരുത്തരുടെയും കഥ സംഭവബഹുലമായ ജീവിതങ്ങളിലേക്ക് വെളിച്ചംവീശുന്നതാണ്. വധശിക്ഷ നടപ്പാക്കുംവരെ ഓരോരുത്തരുടെയും ജീവിതം നാടൊന്നാകെ ആവേശത്തോടെ ചര്‍ച്ച ചെയ്തു.
1887 നവംബര്‍ 11ന് വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ്, അതായത് നവംബര്‍ 10ന് ഗവര്‍ണര്‍ക്ക് ഒരു ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. അതിന്മേല്‍ ഗവര്‍ണര്‍ ഒഗ്ലേസ്ബി രണ്ടുപ്രതികളുടെ വധശിക്ഷ റദ്ദാക്കി. സാമുവല്‍ ഫീല്‍ഡണ്‍, മൈക്കള്‍ സ്വാബ് എന്നിവരുടെ ശിക്ഷ ജീവര്യന്തമാക്കി. കഴുമരത്തിലേറ്റുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ജയിലില്‍ വച്ച് ലൂയി ലിംഗ് ആത്മഹത്യ ചെയ്തു. ശിക്ഷിക്കപ്പെട്ടവരില്‍ ഏക അവിവാഹിതന്‍. ചുരുട്ടിനുള്ള ഒളിപ്പിച്ചുവച്ച ഒരു ഡൈനാമിറ്റ് പൊട്ടിച്ച് തലതകര്‍ത്താണ് ലിംഗ് ജീവിതം അവസാനിപ്പിച്ചത്. തന്റെ വധിക്കാന്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്ന്് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവത്രെ.
നവംബര്‍ 11 ന് ശിക്ഷനടപ്പാക്കേണ്ട ദിവസം, നേരം പുലര്‍ന്നപ്പോള്‍ ബാക്കി നാലുപേരും അഭിമാനത്തോടെ കഴുമരത്തിലേക്ക് നടന്നടുത്തു. ഈ കുറിപ്പിന്റെ തുടക്കത്തില്‍ വിവരിച്ച ലോകതൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും ആവേശമുണര്‍ത്തുന്ന ആ രംഗത്തെ കുറിച്ച് പിന്നീട് എഴുതപ്പെട്ട പലപല കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. തൊട്ടടുത്ത ഞായറാഴ്ചയാണ് നേതാക്കളുടെ ശവസംസ്‌കാരം നടന്നത്. മൃതശരീരങ്ങള്‍ ഓരോ തൊഴിലാളിയുടെയും വീടുകളില്‍ നിന്ന് ഏറ്റുവാങ്ങി നൂറുകണക്കിന് തൊഴിലാളികളുടെ അകമ്പടിയോടെ ഷിക്കാഗോയുടെ പടിഞ്ഞാറുള്ള ഫോറസ്റ്റ് പാര്‍ക്കിലെ വാള്‍ഡേം സെമിത്തേരിയില്‍ എത്തിച്ചു. അവിടെ സംസ്‌കാരം നടത്തി. മൃതദേഹങ്ങള്‍ കുഴിമാടത്തിലെടുത്തുവെക്കും മുമ്പ് തൊഴിലാളി നേതാക്കളുടെ അഭിഭാഷകനായിരുന്ന ക്യാപ്റ്റന്‍ ബ്ലാക് തന്റെ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞ ആവേശ ഭരിതമായ വാക്കുകള്‍ മാധ്യമപ്രവര്‍ത്തകനായ കെ എം റോയി തന്റെ ഷിക്കാഗോയിലെ കഴുമരങ്ങളില്‍ ഇങ്ങനെ വിവര്‍ത്തനം ചെയ്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
'' ഏതെങ്കിലും പാതകികളുടെ ശരീരങ്ങള്‍ക്ക് സമീപമല്ല നാമിന്ന് നില്‍ക്കുന്നത്. ഇവരുടെ മരണത്തെയോര്‍ത്ത് നമുക്കെന്തിന് അപമാനം തോന്നണം. സ്വാതന്ത്ര്യത്തിന് വേണ്ടി, ചങ്ങലകളില്ലാത്ത അഭിപ്രായപ്രകടന അവകാശത്തിന് വേണ്ടി, മാനവരാശിക്ക് വേണ്ടി മരണം വരിച്ചവരാണിവര്‍. ഇവരുടെ ചങ്ങാതികളായിരുന്നു നാം എന്നതിനെയോര്‍ത്ത് നമുക്ക് അഭിമാനം കൊള്ളാം. ''
പിന്നീട് ഹേമാര്‍ക്കറ്റ് സ്‌ക്വയര്‍ സംഭവത്തില്‍ വധശിക്ഷവിധിച്ച ജഡ്ജി ജോസഫ് ഗാരി വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. പിന്നീട് ഇല്ലിനോയ് ഗവര്‍ണറായ ജോണ്‍പീറ്റര്‍ ആള്‍ജല്‍ഡ് ജയിലില്‍ കഴിയുന്ന ബാക്കി പ്രതികളായ നീബ്, സ്‌ക്വാബ്, ഫീല്‍ന്‍ എന്നിവരെ മാപ്പ് നല്‍കി മോചിതരാക്കി.
ലോക തൊഴിലാളി ദിനം മെയ് ഒന്നാകുന്നു
അമേരിക്കയിലും കാനഡയിലും സെപ്തംബര്‍ മാസത്തിലാണ് ലോകതൊഴിലാളി ദിനം ആചരിച്ചുവന്നിരുന്നത്. ഹേ മാര്‍ക്കറ്റ് സംഭവം ലോകമെങ്ങും വര്‍ഷങ്ങളോളം ചര്‍ച്ചയായി. ലോകത്തെങ്ങും തൊഴിലാളി വര്‍ഗം കരുത്തായി പടര്‍ന്നു. അങ്ങനെ 1889 ജൂലൈ 14ന് ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടി പാരീസില്‍ സംഘടിപ്പിക്കപ്പെട്ട ലോക തൊഴിലാളി കോണ്‍ഗ്രസ്സിലാണ് മെയ് 1 തൊഴിലാളി ദിനമാക്കാനുള്ള നിര്‍ദേശം ഉയരുന്നത്. മൂന്ന് വര്‍ഷം കൂടി കഴിഞ്ഞ് 1892ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടത്തിയ അന്തര്‍ദേശീയ സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ മെയ് 1 ലോകതൊഴിലാളി ദിനമായി പ്രമേയത്തിലൂടെ അംഗീകരിക്കപ്പെട്ടു.
ഇന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം മറ്റൊരു മെയ് ദിനം കടന്നുവരുമ്പോള്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ സംഭവബഹുലമായ ഈ കാലം ഏത് തൊഴിലാളിയെയാണ് ആവേശഭരിതമാക്കാത്തത്. വാള്‍ഡേമില്‍ ഹേ മാര്‍ക്കറ്റ് സ്‌ക്വയര്‍ സംഭവത്തില്‍ തൂക്കിലേറ്റപ്പെട്ടവരുടെ കൂറ്റന്‍ സ്മാരകത്തില്‍ ആല്‍ബര്‍ട്ട് സ്‌പൈസിന്റെ അവസാന വാചകം എഴുതിവച്ചിട്ടുണ്ട്. കൊലക്കയര്‍ കഴുത്തില്‍ വീഴും മുമ്പ് സ്‌പൈസ് പറഞ്ഞ വാക്കുകള്‍ '' ഇന്ന് നിങ്ങള്‍ കഴുത്തു ഞെരിച്ചില്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത കരുത്താര്‍ജിക്കുന്ന ദിനം വരും''
എന്ന്. ഓരോ തൊഴിലാളി ദിനവും തൊഴിലാളിയുടെ ശക്തികരുത്തുറ്റതാക്കുന്നതാകട്ടെ.
(വിവരങ്ങള്‍ക്ക് കെഎം റോയിയുടെ ഷിക്കാഗോയിലെ കഴുമരങ്ങള്‍ എന്ന പുസ്തകത്തോട് കടപ്പാട്)