ഗാന്ധിജിയെ വധിക്കാൻ ഗൂഢാലോചന നടന്ന ഗ്വാളിയോറിൽ ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിച്ച് ഹിന്ദു മഹാസഭ
ഗാന്ധിവധത്തിന്റെ ഗൂഢാലോചനയ്ക്ക് വേദിയായ ഗ്വാളിയോറിൽ തന്നെ ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി വരുന്നത് ഒട്ടും ആകസ്മികമാകാൻ ഇടയില്ല.
ഗാന്ധിജിയെ വധിക്കാൻ ഗൂഢാലോചന നടന്ന ഗ്വാളിയോറിൽ ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിച്ച് ഹിന്ദു മഹാസഭ
2021 ജനുവരി 10 ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ആഘോഷിക്കപ്പെട്ടത് 'വിശ്വ ഹിന്ദി ദിവസ്' എന്ന പേരിലാണ്. ഹിന്ദി ഭാഷയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് അന്നേദിവസം ലോകമെമ്പാടും നടത്തപ്പെട്ടത്. ഇതേ ദിവസം തന്നെ മധ്യപ്രദേശിലെ ഗ്വാളിയോർ പട്ടണത്തിൽ മറ്റൊരു സംഭവം നടന്നു. ഏറെ വിവാദാസ്പദമായ ഒരു സംഭവം. നഗരത്തിലെ അഖിലഭാരതീയ ഹിന്ദുമഹാസഭാ പ്രവർത്തകർ ചേർന്ന് ഒരു ലൈബ്രറി തുടങ്ങി. ഭാഷാ ദിവസത്തിൽ പുതിയ ലൈബ്രറി തുടങ്ങുന്നത് ശ്ലാഘനീയമായ പ്രവർത്തനമാണ് എന്നൊക്കെ ഒറ്റനോട്ടത്തിൽ തോന്നാം എങ്കിലും, ഇവിടെ അത് വിവാദത്തിൽ കലാശിക്കുകയാണുണ്ടായത്. പ്രസ്തുത വിവാദത്തിന് ആധാരമായ സംഗതി, ആ ലൈബ്രറിയുടെ പേരായിരുന്നു. തങ്ങൾ തുടങ്ങിയ പുതിയ ലൈബ്രറിക്ക് സഭക്കാർ ഇട്ട പേര്,'ഗോഡ്‌സെ ഗ്യാൻശാല' എന്നായിരുന്നു.
നഥൂറാം വിനായക് ഗോഡ്‌സെ എന്ന ഗാന്ധിഘാതകന്റെ പേരിൽ ഒരു ഗ്രന്ഥശാല സ്ഥാപിക്കാൻ വേണ്ടി ഹിന്ദു മഹാസഭക്കാർ തെരഞ്ഞെടുത്തത്, ഗാന്ധിവധത്തിനു പിന്നിലെ ഗൂഢാലോചനയ്ക്ക് വേദിയായി എന്ന് ആരോപിക്കപ്പെട്ടിരുന്ന, നഥൂറാം ഗോഡ്‌സെ, ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച 9mm ബെറെറ്റാ 1934 സെമി ഓട്ടോമാറ്റിക് ഹാൻഡ് പിസ്റ്റൾ, തന്റെ സുഹൃത്ത് ഡോ. ദത്താത്രേയ പർച്ചുരെയുടെ സഹായത്തോടെ കരിഞ്ചന്തയിൽ നിന്ന് പൊന്നുംവിലയ്ക്ക് വാങ്ങിയ ഗ്വാളിയോർ തന്നെ ആയത് ആകസ്മികമാകാനിടയില്ല.
അക്കാലത്തെ ഏറ്റവും ആധുനികമായ കൈത്തോക്കുകളിൽ ഒന്നായിരുന്നു തോക്കുവ്യാപാരികൾക്കിടയിൽ 'M1934' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ കൈത്തോക്ക്. 1934 എന്നത് അതിന്റെ നിർമാണവർഷമാണ്. എത്യോപ്യയിൽ നിന്ന് ബ്രിട്ടീഷ് റെജിമെന്റിലെ ഒരു മിലിട്ടറി കേണലിന്റെ കയ്യിലൂടെയാണ് അത് ഇന്ത്യയിൽ എത്തുന്നത്. ആ തോക്ക് ഒരു ഇറ്റാലിയൻ കമാൻഡറിൽ നിന്ന് കേവലം കൗതുകത്തിന്റെ പുറത്താണ് ആ കേണൽ സ്വന്തമാക്കി കൂടെ ഗ്വാളിയോറിലേക്ക് കൊണ്ടുപോന്നത്. അതേ കേണൽ പിന്നീട് ഗ്വാളിയോർ രാജാവിന്റെ എഡിസി(അടുത്ത അനുചരൻ) ആയി. പ്രസ്തുത കേണലിൽ നിന്ന് ഗ്വാളിയോറിലെ ആയുധങ്ങളുടെ കരിഞ്ചന്തയിലേക്കുള്ള ആ തോക്കിന്റെ പ്രയാണം ഏതുവഴിക്കായിരുന്നു എന്നതിനെ സൂചിപ്പിക്കുന്ന തെളിവുകളൊന്നും തന്നെ ലഭ്യമല്ല. എന്തായാലും, ഗാന്ധിജിയെ വധിക്കണം എന്ന് മനസ്സിലുറപ്പിച്ച്, പ്രസ്തുത കർമത്തിനുള്ള ആയുധം സംഘടിപ്പിക്കാൻ വേണ്ടി 1948 ജനുവരി 28 -ന് നഥൂറാം വിനായക് ഗോഡ്സെയും ഡോ. ദത്താത്രേയ പർച്ചുരെയും കൂടി ഗ്വാളിയോറിലേക്ക് വെച്ചുപിടിക്കുമ്പോൾ അവിടെ ജഗദീഷ്പ്രസാദ് ഗോയൽ എന്ന ആയുധവ്യാപാരിയുടെ കടയിൽ ഈ റിവോൾവറും വിശ്രമിക്കുന്നുണ്ടായിരുന്നു. പോയന്റ് ബ്ലാങ്കിൽ നിന്നുകൊണ്ട് ഒരാളെ ആക്രമിക്കണമെങ്കിൽ അതിന് ഏറ്റവും ഫലപ്രദമായ ഒരു ആയുധം അങ്ങനെ നഥൂറാം ഗോഡ്സേക്ക് സ്വന്തമാവുകയായിരുന്നു.
ഗാന്ധിവധത്തിന്റെ അറിയാക്കഥകൾ, മഹാത്മാവിനു നേരെ വെടിയുതിർത്ത തോക്കിന്റെ ഉടമയാര്?
ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസ് ദൗലത്ത്ഗഞ്ച് എന്ന സ്ഥലത്താണ്. ആ ആസ്ഥാന മന്ദിരത്തിൽ തന്നെയാണ് ഇപ്പോൾ ഗോഡ്‌സെയുടെ പേരിൽ പുതിയ ഒരു ലൈബ്രറി & റീഡിങ് റൂം തുറന്നിട്ടുള്ളത്. ഈ ഗ്രന്ഥശാലയിൽ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്താൻ വേണ്ടി എന്തൊക്കെ ഗൂഢാലോചനകളാണ് നഥൂറാം ഗോഡ്സേ നടത്തിയത് എന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് പുറമെ, ഗോഡ്‌സെ എഴുതിയ നിരവധി ലേഖനങ്ങളും, പുസ്തകങ്ങളും ഒക്കെ ആർക്കൈവ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട് എന്ന് ഇന്ത്യൻ എക്സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
നഥൂറാം വിനായക് ഗോഡ്സേ എത്ര വലിയ രാഷ്ട്ര സ്നേഹിയാണ് എന്ന് ഈ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഈ ഗ്രന്ഥശാല ഗോഡ്‌സെയുടെ പേരിൽ തന്നെ തുടങ്ങിയത് എന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ വൈസ് പ്രസിഡന്റ് ആയ ജയ്‌വീർ ഭരദ്വാജ് പറയുന്നു. ഇതിനു മുമ്പ് തങ്ങളുടെ ഓഫീസ് പരിസരത്ത് ഗോഡ്‌സെയുടെ പേരിൽ ഒരു അമ്പലം സ്ഥാപിച്ചും മഹാസഭ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.