വനംവകുപ്പിന്‍റെ കൂട്ടില്‍ക്കിടക്കുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച് ആരിഫ്; ഉള്ളകം നീറുന്ന കാഴ്ചയെന്ന് നെറ്റിസണ്‍സ്


വനം വകുപ്പിന്‍റെ പ്രത്യേക സംരക്ഷണയില്‍ കഴിയുന്ന ക്രൗഞ്ച പക്ഷി, ഒരിടവേളയ്ക്ക് ശേഷം തന്‍റെ ജീവന്‍ രക്ഷിച്ച ആരിഫിനെ കണ്ടതും സ്നേഹം പ്രകടിപ്പിക്കാനായി കൂട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. 

heart-wrenching video of Arif visited his friend Sarus crane who was in the cage of Forest Department bkg

രിഫുമായി സൗഹൃദത്തിലായ ക്രൗഞ്ച പക്ഷിയുടെ കഥ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ന് ഏറെ ശ്രദ്ധ നേടുന്ന ഒരു വാര്‍ത്തയാണ്. ഒരു അപകടത്തില്‍ പരിക്കേറ്റ് മരണാസന്നനായ ക്രൗഞ്ച പക്ഷിയ്ക്ക് ശുശ്രൂഷ നല്‍കി, അതിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നയാളാണ് ആരിഫ്. അദ്ദേഹത്തിന്‍റെ സ്വദേശം അങ്ങ് യുപിയിലെ അമേഠി ജില്ലയിലെ ജാമോ ഡെവലപ്‌മെന്‍റ് ബ്ലോക്കിലെ മണ്ട്ക ഗ്രാമമാണ്. ഏതാണ്ട് ഒരു വര്‍ഷമായി അദ്ദേഹത്തിന്‍റെ ഒപ്പം ഈ ക്രൗഞ്ച പക്ഷിയുമുണ്ട്. വനം വകുപ്പ് കൊണ്ടുപോകും വരെ ആരിഫിന്‍റെ കുടുംബത്തില്‍ ഒരംഗത്തെ പോലെയായിരുന്നു ഈ സാരസ കൊക്ക്. ഒരിടവേളയ്ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ആരിഫിനെ തിരിച്ചറിഞ്ഞ ക്രൗഞ്ച പക്ഷിയുടെ സന്തോഷത്തിന്‍റെ നിമിഷങ്ങള്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

സാരസ കൊക്കിനെ (Sarus crane) കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആരിഫിനെ തേടിയെത്തുകയും ക്രൗഞ്ച പക്ഷിയെ ആരിഫില്‍ നിന്നും അകറ്റുകയുമായിരുന്നു. സാരസ കൊക്കിനെ വളര്‍ത്താന്‍ അനുമതിയില്ലായെന്നത് തന്നെ കാരണം. അതുവരെ ആരിഫ് എവിടെ പോയാലും കൂടെ പോയിരുന്ന പക്ഷി, ഒടുവില്‍ അക്ഷരാര്‍ത്ഥത്തില്‍ വനം വകുപ്പിന്‍റെ തടവിലായെന്ന് ചുരുക്കം. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും നിരവധി പേരാണ് കണ്ടത്. 

 

മുപ്പതുകാരന്‍റെ ഉറ്റ ചങ്ങാതി ദേശാടന പക്ഷി; ഊണും ഉറക്കവും യാത്രയുമെല്ലാം ഈ പക്ഷിക്കൊപ്പം !

വനം വകുപ്പിന്‍റെ പ്രത്യേക സംരക്ഷണയില്‍ കാണ്‍പൂര്‍ മൃഗശാലയില്‍ കഴിയുന്ന ക്രൗഞ്ച പക്ഷി, ഒരിടവേളയ്ക്ക് ശേഷം തന്‍റെ ജീവന്‍ രക്ഷിച്ച ആരിഫിനെ കണ്ടതും സ്നേഹം പ്രകടിപ്പിക്കാനായി കൂട്ടില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കൂട്ടിന് ചുറ്റും ചിറകടിച്ച് പറക്കാന്‍ ശ്രമിച്ച ക്രൗഞ്ച പക്ഷിക്ക് പക്ഷേ കൂടിന്‍റെ വലിപ്പക്കുറവ് തടസമായി. എങ്കിലും അത് ഓരോ നിമിഷവും കൂടിന് വെളിയില്‍ ചാടാനും ആരിഫിന്‍റെ അടുത്തെത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. കൂടിന് ചുറ്റും പ്രത്യേക സ്ഥലം കയറ് കെട്ടി തിരിച്ചതിനാല്‍ ആരിഫിനും കൂടിനടുത്തേക്ക് ചെല്ലാന്‍ കഴിഞ്ഞില്ല. 

 

'ഇന്ന്, ഒരിക്കൽ കൂടി, സംസാരശേഷിയില്ലാത്ത കൊക്ക് തന്‍റെ ജീവൻ നൽകിയ സുഹൃത്ത് ആരിഫിനെ കണ്ട് വേദനയോടെ ചിലച്ചു, പക്ഷേ, ഇരുവരും നിസ്സഹായരായി, പരസ്പരം തൊടാൻ കഴിഞ്ഞില്ല.' വീഡിയോ പങ്കുവച്ച് കൊണ്ട് കൈലാഷ് നാഥ് യാദവ് ട്വിറ്ററില്‍ കുറിച്ചു. നാലായിരത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്. ഏതാണ്ടെല്ലാവരും തന്നെ പക്ഷിയെ ആരിഫിന്‍റെ കൂടെ വിട്ടയക്കണമെന്ന കാര്യത്തില്‍ ഒന്നിച്ച് നിന്നു. തങ്ങള്‍ക്കിത് കണ്ടു നില്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മിക്കവരും എഴുതിയത്. ഇത് ക്രൂരതയാണെന്ന് എഴുതിയവരും കുറവല്ല.  വനം വകുപ്പിന്‍റെ സംരക്ഷണയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് പക്ഷി ഭക്ഷണം കഴിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. “സാരസ കൊക്ക് എന്‍റെ ഫോട്ടോ കണ്ടാൽ, സ്വയം ഭക്ഷണം കഴിക്കാൻ തുടങ്ങുമെന്ന് ആരിഫ് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്‍റെ വ്യവസ്ഥകൾ ലംഘിച്ചെന്ന് പറഞ്ഞാണ് ഉത്തര്‍പ്രദേശ് വനം വകുപ്പ് ആരിഫില്‍ നിന്നും കൊക്കി വേര്‍പ്പെടുത്തി കൊണ്ടുപോയത്. 

ദേശാടന പക്ഷിയെ രക്ഷിച്ചു, അപൂർവ സൗഹൃദത്തിലായി, എന്നാൽ ഇന്ന് ആരിഫിനെതിരെ കേസ്

Latest Videos
Follow Us:
Download App:
  • android
  • ios