കുടിയോട് കുടി; ഒറ്റദിവസം കൊണ്ട് രണ്ട് കൂട്ടുകാർ ചേർന്ന് സന്ദർശിച്ചത് 99 പബ്ബുകൾ, ചെലവഴിച്ചത് 80,000 രൂപ!
അർദ്ധരാത്രിയിലാണ് ഇരുവരും തങ്ങളുടെ പബ്ബിലേക്കുള്ള യാത്ര ആരംഭിച്ചത്. സിഡ്‍നിയിലെ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ഇരുവരും തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചത്.
രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒറ്റ ദിവസം കൊണ്ട് സന്ദർശിച്ചത് 99 പബ്ബുകൾ. ഇവിടെ നിന്നും 80,000 രൂപയുടെ ഡ്രിങ്ക്സാണ് കൂട്ടുകാരായ ഹാരി കൂറോസും ജേക്ക് ലോയിറ്റർടണും കഴിച്ചത്. എന്നാൽ, അതിന് പിന്നിൽ ഒരു വ്യത്യസ്തമായ കാരണം കൂടി ഉണ്ടായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിക്കുന്നവരായി ലോക റെക്കോർഡ് നേടുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ഏതായാലും, ഇരുവരുടെയും ആഗ്രഹം നടന്നു. ആ ലോക റെക്കോർഡ് അവർ സ്ഥാപിച്ചെടുക്കുക തന്നെ ചെയ്തു. കഴിഞ്ഞ വർഷം 78 പബ്ബ് സന്ദർശിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഹെൻറിച്ച് ഡിവില്ലിയേഴ്‌സ് സ്ഥാപിച്ച റെക്കോർഡ് തകർത്താണ് ഹാരി കൂറോസും ജേക്ക് ലോയിറ്റർട്ടണും ഈ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഇങ്ങനെ ഒരു റെക്കോർഡ് നേടുന്നതിനായി ഇവർക്ക് രണ്ട് കാരണങ്ങളാണ് ഉണ്ടായിരുന്നത്.
മൾട്ടിപ്പിൾ സ്ക്ലിറോസിസ് ഗവേഷണത്തിനു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ എംഎസ് ഓസ്‌ട്രേലിയയ്‌ക്കായി ഫണ്ട് സ്വരൂപിക്കുക എന്നതാണ് ഒന്നാമത്തേത്. രണ്ടാമതായി, കൊവിഡും മറ്റ് ചില കാരണങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തകർന്ന് കിടക്കുന്ന സിഡ്‌നിയുടെ രാത്രിജീവിതം പുനരുജ്ജീവിപ്പിക്കാൻ പ്രേരിപ്പിക്കുക.
അർദ്ധരാത്രിയിലാണ് ഇരുവരും തങ്ങളുടെ പബ്ബിലേക്കുള്ള യാത്ര ആരംഭിച്ചത്. സിഡ്‍നിയിലെ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ഇരുവരും തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചത്. മദ്യപിച്ചു വാഹനമോടിക്കാൻ പറ്റാത്തതുകൊണ്ട് മറ്റ് മാർഗ്ഗങ്ങൾ സ്വീകരിച്ചു. അതിനിടയിൽ പബ്ബുകൾ അടച്ചിരുന്നതിനാൽ ഒരുപാട് ദൂരം സഞ്ചരിച്ചാണ് ഇവർ അടുത്ത പബ്ബ് കണ്ടെത്തിയത്. മൊത്തത്തിൽ ഇങ്ങനെ 72 കിലോമീറ്റർ സഞ്ചരിച്ചാണ് 99 പബ്ബുകൾ ഇരുവരും സന്ദർശിച്ചത്.
ഏകദേശം 83,000 രൂപയാണ് ഇരുവരും ചേർന്ന് ഡ്രിങ്ക്സ് കഴിക്കുന്നതിന് വേണ്ടി പബ്ബുകളിൽ ചെലവഴിച്ചത്. ഏതായാലും, ഇങ്ങനെ ഒരു റെക്കോർഡ് നേടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം