മലയാളി കേണലിന്റെ നൂറാം ജന്മദിനം ആഘോഷിക്കാൻ റാഞ്ചിയിൽ നിന്ന് കേക്കുമായി പറന്നെത്തി ഗൂർഖാ റജിമെൻറ്
റാഞ്ചിയിൽ നിന്ന് കേക്കും ബ്യൂഗിളും മറ്റുമായി തങ്ങളുടെ ഒരു പ്രതിനിധി സംഘത്തെ തന്നെ അയച്ച് കേണൽ തമ്പിയുടെ ജന്മദിനം ആഘോഷമാക്കി മാറ്റി അവർ.
2/4 ഗൂർഖ റെജിമെന്റിൽ നിന്ന് കേണൽ റാങ്കിൽ വിരമിച്ച സൈനികോദ്യോഗസ്ഥനാണ് കേണൽ ജിടി തമ്പി. അടുത്തൂൺ പറ്റിപ്പിരിഞ്ഞുപോന്ന ശേഷം അദ്ദേഹം തിരുവനന്തപുരത്താണ് താമസം. ഇക്കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ നൂറാം ജന്മദിനം പിന്നിട്ട വേളയിൽ, ഗൂർഖ റജിമെൻറ് തങ്ങളുടെ വെറ്ററൻ ഓഫീസറോടുള്ള ബഹുമാനം പ്രകടിപ്പിച്ചത് ഏറെ ആർദ്രമായ ഒരു പ്രവൃത്തിയിലൂടെയായിരുന്നു. റാഞ്ചിയിൽ നിന്ന് കേക്കും ബ്യൂഗിളും മറ്റുമായി തങ്ങളുടെ ഒരു പ്രതിനിധി സംഘത്തെ തന്നെ അയച്ച് കേണൽ തമ്പിയുടെ ജന്മദിനം ആഘോഷമാക്കി മാറ്റി അവർ.
1942 -ൽ തന്റെ ഇരുപതാം വയസ്സിൽ ട്രാവൻകൂർ സ്റ്റേറ്റ് ഫോഴ്‌സിന്റെ ഭാഗമായിക്കൊണ്ടാണ് ജിടി തമ്പി തന്റെ സൈനിക സേവനം തുടങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു പോരാടാനുള്ള അവസരം അന്ന് അദ്ദേഹത്തിന് സിദ്ധിച്ചിട്ടുണ്ട്. അന്ന് ഗൾഫിൽ വെച്ച്, അദ്ദേഹത്തിന്റെ പ്ലാറ്റൂൺ തുർക്കി-ജർമൻ പടയുമായും, ബർമൻ സൈന്യവുമായും, ജാപ്പനീസ് പട്ടാളക്കാരോടും പോരാടി. മധ്യപൂർവേഷ്യൻ പടക്കളങ്ങളിൽ വെച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ടു വരുന്ന ബ്രിട്ടീഷ് യുവസൈനികർക്ക് മരുഭൂമിയിലെ പോരാട്ട തന്ത്രങ്ങളിൽ പരിശീലനം നൽകിയിരുന്നത് കേണൽ തമ്പി ആയിരുന്നു.
സ്വാതന്ത്ര്യാനന്തരം ട്രാവൻകൂർ സ്റ്റേറ്റ് ഫോഴ്‌സ് മദ്രാസ് റെജിമെന്റിൽ ലയിച്ചു. തമ്പിയും പിന്നീട് ഗുർഖാ റജിമെന്റിലേക്ക് തന്റെ ലാവണം മാറ്റി. കാർഗിലിലും, ലഡാക്കിലെ ഗൾവാൻ താഴ്വരയിലും നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുള്ള തമ്പി 1977 -ൽ സൈന്യത്തിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞു പോരുന്നു. സർവീസിൽ ഉണ്ടായിരുന്ന കാലത്ത് ജനറൽ കെ എം കരിയപ്പയെയും, സാം മനേക്ഷയെയും പോലുള്ള സുപ്രസിദ്ധരായ ഓഫീസർമാരുമായി ഇടപഴകാനുള്ള ഭാഗ്യവും കേണൽ ജിടി തമ്പിക്ക് സിദ്ധിച്ചിട്ടുണ്ട്.
വിരമിച്ച ശേഷം ഒരു വിമുക്ത ഭടന്റെ സമാധാനപൂർവ്വമായ ജീവിതം നയിക്കുന്നതിനിടെ മറൈൻ എഞ്ചിനീയർ ആയിരുന്ന മകന്റെ അകലവിയോഗം ഒരു കപ്പലപകടത്തിന്റെ രൂപത്തിൽ അദ്ദേഹത്തെ തളർത്തുന്നുണ്ട്. പുത്രവിയോഗദുഃഖം സഹിയാതെ അദ്ദേഹത്തിന്റെ ധർമ്മപത്നിയും അടുത്ത വർഷം തന്നെ മരണത്തിനു കീഴടങ്ങുന്നു. അതിനു ശേഷവും, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ ജോലി ചെയ്ത് ഏകാന്തത അകറ്റാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.
ശതാബ്ദിയുടെ നിറവിൽ തന്നെ തേടിവന്ന ഗൂർഖ റജിമെന്റിന്റെ ആദരത്തിൽ നിറഞ്ഞ മനസ്സുമായി വിശ്രമജീവിതം തുടരുകയാണ് തിരുവനന്തപുരത്തെ തന്റെ വസതിയിൽ ഇന്ന് കേണൽ ജിടി തമ്പി.