അതിശയം തന്നെ, നടപ്പാതയ്ക്ക് നടുവിലൊരു ശവകുടീരം; പക്ഷേ അതിന്‍റെ പിന്നിലൊരു കഥയുണ്ട്
യഥാർത്ഥത്തിൽ അദ്ദേഹത്തിൻറെ മൃതദേഹം സംസ്കരിക്കുന്ന കാലത്ത് ഈ സ്ഥലം നഗരത്തിലെ കറുത്തവർഗ്ഗക്കാർക്കായി സമർപ്പിച്ച മൗണ്ട് ഹെർമൻ സെമിത്തേരി ആയിരുന്നു. എന്നാൽ, പിന്നീട് 1953 ആയപ്പോഴേക്കും സെമിത്തേരി ഒരു പാർക്കാക്കി മാറ്റി.
അമേരിക്കയിലെ ജാക്‌സൺവില്ലിൽ അധികമാരുടെയും ശ്രദ്ധയിൽ പെടാതെ ഒരു ശവകുടീരം ഒളിഞ്ഞു കിടപ്പുണ്ട്. ചരിത്രത്താളുകളിൽ ഏറെ പ്രാധാന്യമുള്ള ഈ ശവകുടീരത്തിന് പിന്നിൽ ഒരു വലിയ കഥയുണ്ട്. 1908 -ൽ ഒരു സ്ത്രീയെ സംരക്ഷിക്കുന്നതിനായി മരിച്ച തോംസൺ വില്യംസ് എന്ന പുരുഷൻ്റെ ശവകുടീരം ആണിത്. എമ്മറ്റ് റീഡ് പാർക്കിനും ടെന്നീസ് കോർട്ടിനും അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു നടപ്പാതയുടെ നടുവിലാണ് ഈ ശവകുടീരം ഉള്ളത്.
ഒരു ആക്രമണകാരിയിൽ നിന്ന് ഒരു സ്ത്രീയെ സംരക്ഷിക്കുന്നതിനിടയിലാണ് ആ മനുഷ്യൻ വെടിയേറ്റ് മരിച്ചത്. യഥാർത്ഥത്തിൽ അദ്ദേഹത്തിൻറെ മൃതദേഹം സംസ്കരിക്കുന്ന കാലത്ത് ഈ സ്ഥലം നഗരത്തിലെ കറുത്തവർഗ്ഗക്കാർക്കായി സമർപ്പിച്ച മൗണ്ട് ഹെർമൻ സെമിത്തേരി ആയിരുന്നു. എന്നാൽ, പിന്നീട് 1953 ആയപ്പോഴേക്കും സെമിത്തേരി ഒരു പാർക്കാക്കി മാറ്റി. പക്ഷേ, വില്യംസിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ അവിടെ നിന്നും നീക്കം ചെയ്തില്ല, അത് ഇപ്പോഴും ഇവിടെ തുടരുന്നു.
ഈ അസാധാരണമായ സ്ഥലം ജാക്‌സൺവില്ലിൻ്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് ചരിത്രകാരനായ എനിസ് ഡേവിസ് പങ്കുവെക്കുന്നത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തിൽ ഇത് വ്യക്തമാക്കുന്ന വരികളും ഉണ്ട്. അത് ഇങ്ങനെയാണ്, "ഒരു വെള്ളക്കാരിയുടെ മാനവും ജീവനും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ മുറിവുകളിൽ നിന്ന് 1908 ഒക്ടോബർ 28 -ന് മരണമടഞ്ഞ നീഗ്രോക്കാരനായ തോംസൺ വില്യംസിനെ ഇവിടെ അടക്കം ചെയ്തിരിക്കുന്നു."
എന്നിസ് ഡേവിസിൻ്റെ അഭിപ്രായത്തിൽ, ലാവില്ലയിലെ ആദ്യത്തെ മേയറായിരുന്ന ഫ്രാൻസിസ് എൽ എൻഗിൾ കുടുംബത്തിലെ ഒരു അംഗമാണ് 1940 -കളിൽ യഥാർത്ഥ സെമിത്തേരി നഗരത്തിന് സംഭാവന നൽകിയത്. വില്യംസിനെ കൂടാതെ ഫാഗിൻ കുടുംബാംഗങ്ങളെയും ഇവിടെയാണ് സംസ്കരിച്ചിരിക്കുന്നത്.