കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ

ജലാശയങ്ങൾ വൃത്തിയാക്കുന്നതിനായി ജില്ലയിൽ മുമ്പും കെവികെയുടെ നേതൃത്വത്തിൽ ഗ്രാസ് കാർപ് മത്സ്യങ്ങളെ വിജയകരമായി ഉപയോഗിച്ചിരുന്നു. ശരാശരി ഒരു ഗ്രാസ് കാർപ്പ് മത്സ്യം അവയുടെ ആകെ ശരീരഭാരത്തിന്റെ രണ്ടു മുതൽ മൂന്നു മടങ്ങ് വരെ പായൽ ഭക്ഷണമാക്കും.

grass carp fishes to clean Kadupadamchira

കൊച്ചി: പായൽ നിറഞ്ഞ അങ്കമാലി മൂക്കന്നൂർ കടൂപ്പാടംചിറ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകൾ. കേന്ദ്രസർക്കാറിന്റെ സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെവികെ) നേതൃത്വത്തിലാണ് പായൽ ഭക്ഷ്യയോഗ്യമാക്കുന്ന ഈ മീനുകളെ ചിറയിൽ നിക്ഷേപിച്ചത്. കടൂപ്പാടംചിറ സംരക്ഷണ സമിതി, മത്സ്യക്ലബ് എന്നിവരുമായി സഹകരിച്ചാണ് ചിറ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് കാർപ് മീനുകളെ നിക്ഷേപിച്ചത്. സാധാരണരീതിയിൽ തുടർച്ചയായുള്ള വൃത്തിയാക്കലിന് ശേഷം വീണ്ടും കുളങ്ങളിൽ പായൽ നിറയുന്ന സാഹചര്യത്തിലാണ് ഇതിനായി മീനുകളെ ആശ്രയിച്ചത്.

ജലാശയങ്ങൾ വൃത്തിയാക്കുന്നതിനായി ജില്ലയിൽ മുമ്പും കെവികെയുടെ നേതൃത്വത്തിൽ ഗ്രാസ് കാർപ് മത്സ്യങ്ങളെ വിജയകരമായി ഉപയോഗിച്ചിരുന്നു. ശരാശരി ഒരു ഗ്രാസ് കാർപ്പ് മത്സ്യം അവയുടെ ആകെ ശരീരഭാരത്തിന്റെ രണ്ടു മുതൽ മൂന്നു മടങ്ങ് വരെ പായൽ ഭക്ഷണമാക്കും. ഈ മത്സ്യങ്ങൾ കുളങ്ങളിൽ പ്രജനനം നടത്താത്ത വിഭാഗത്തിൽ പെടുന്നതിനാൽ ഇവ പെറ്റ് പെരുകുന്ന പ്രശ്നം ഉണ്ടാകുന്നില്ല. ഒരു ഏക്കർ വലിപ്പമുള്ള പായൽ നിറഞ്ഞ കുളം വൃത്തിയാക്കുന്നതിന് 20 വലിയ ഗ്രാസ് കാർപ്പ് മത്സ്യങ്ങൾ മതിയാകും.

grass carp fishes to clean Kadupadamchira

പായൽ അമിതമായി വളരുന്നത് മൂലം ജല സ്രോതസ്സുകൾ പലതും നാശത്തിന്റെ വക്കിലാണ്. കെട്ടിക്കിടക്കുന്ന കുളങ്ങളിൽ ആണ് പായൽ മൂലമുള്ള പ്രശ്നങ്ങൾ കൂടുതലായുള്ളത്. ഏകദേശം 140 -ൽ പരം തരത്തിലുള്ള കുളപ്പായലുകൾ ഉണ്ടെങ്കിലും സാൽവീനിയ, ഹൈഡ്രില്ല, പിസ്റ്റിയ എന്നീ മൂന്ന് വിഭാഗത്തിലുള്ളവയാണ് ഏറ്റവും അധികമായി കാണപ്പെടുന്നതും ഉപദ്രവകാരികൾ ആയിട്ടുള്ളതും. കളസസ്യങ്ങളെ നശിപ്പിക്കുന്നതിന് രാസസംയുക്തങ്ങളായ കളനാശിനികൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവ ചിലവേറിയതും മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥയ്ക്കും മറ്റും ഹാനികരവുമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios