ഗൂഗിൾ, ഇംഗ്ലീഷ്, ഹൈക്കോട്ട്, കോഫി, ബ്രിട്ടീഷ്...; വിചിത്രമായ പേരുകളുള്ള ഒരു കര്‍ണ്ണാടക ഗ്രാമം
നിരന്തരം യാത്ര ചെയ്യുന്ന മികച്ച ബിസിനസുകാർ കൂടിയാണ് ഇവിടെയുള്ളവർ. ഇവരിൽ 100 ൽ അധികം പേർക്ക് സ്ഥിരമായി ഉപയോഗിക്കുന്ന പാസ്പോർട്ട് ഉണ്ട്. നേപ്പാൾ, ടിബറ്റ്, ചൈന എന്നിവയാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങൾ.
ഒരു മനുഷ്യന്‍റെ വ്യക്തിത്വത്തിന് ഭാഗമാണ് അവന്‍റെ പേരെന്നാണ് വയ്പ്പ്. അതിനാല്‍ നമ്മുടെ കുടുംബങ്ങളില്‍ കുഞ്ഞു ജനിച്ചാൽ ആ കുഞ്ഞിന് എന്ത് പേരിടണമെന്നതിനെ കുറിച്ച് വലിയ ആലോചനകളാണ് നടക്കുക. അർത്ഥവത്തായ ഒരു പേര് കുട്ടിക്ക് കണ്ടെത്താനായി ഏറെ കൂടിയാലോചനകൾ നടത്തിയതിന് ശേഷം ആയിരിക്കും സാധാരണയായി നാം കുഞ്ഞിന് ആ പേരിടുക. എന്തിന് കുഞ്ഞിന്‍റെ പേരിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ വരെ അടുത്ത കാലത്ത് കേരളത്തില്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
എന്നാൽ, വിചിത്രമായ പേരുകള്‍ കൊണ്ട് നിറഞ്ഞ ഗ്രാമമുണ്ട് കര്‍ണ്ണാടകത്തില്‍. ഈ ഗ്രാമത്തിലെ മനുഷ്യരുടെ പേരുകൾ കേട്ടാൽ ആരും ഒന്ന് അമ്പരക്കും. കാരണം അത്രയേറെ വിചിത്രമായ പേരുകളാണ് അവർ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഗൂഗിൾ, ഇംഗ്ലീഷ്, ഹൈക്കോട്ട്, കോഫി, ബ്രിട്ടീഷ് എന്നിങ്ങനെ വളരെ വിചിത്രമായ പേരുകളുള്ള മനുഷ്യരുടെ നാട്. കർണാടകത്തിലെ ഭദ്രാപൂർ എന്ന ഗ്രാമത്തിലാണ് ഇത്തരത്തിൽ വിചിത്രമായ പേരുകൾ നമുക്ക് കാണാനാവുക. വിചിത്രമായ വാക്കുകൾ പേരുകൾ ആക്കുന്നതോടൊപ്പം തന്നെ പ്രശസ്ത വ്യക്തികളുടെ പേരുകളും യാതൊരു മാറ്റവും വരുത്താതെ അതുപോലെതന്നെ പേരുകളായി ഇവർ ഉപയോഗിക്കാറുണ്ട്. അങ്ങനെ അമിതാഭ് ബച്ചനും അനിൽ കപൂറും ഒക്കെ ഈ ഗ്രാമത്തിലുടെ തലങ്ങും വിലങ്ങും നടക്കുന്നു.
'ഹക്കി പിക്കി' ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന ഈ ഗ്രാമം കർണാടകയുടെ വടക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. മുമ്പ് ഉൾവനങ്ങളിൽ മാത്രം താമസിച്ചിരുന്ന ഇവർ കാടിന് വെളിയിലേക്ക് താമസം മാറ്റി തുടങ്ങിയിട്ട് അധികകാലമായില്ല. നഗര പ്രദേശങ്ങൾക്കടുത്തേക്ക് തങ്ങളുടെ ജീവിതം പറിച്ചുനട്ട് തുടങ്ങിയതിന് ശേഷമാണ് ഈ ഗോത്ര വര്‍ഗ്ഗക്കാര്‍ തങ്ങളുടെ കുട്ടികൾക്ക് ഇത്തരത്തിലുള്ള പേരുകൾ നൽകി തുടങ്ങിയത്. ഏകദേശം 15 വർഷങ്ങൾക്ക് മുൻപാണ് അസാധാരണ വാക്കുകളും പ്രശസ്തരായ വ്യക്തികളുടെ പേരുകളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകികൊണ്ട് ഒരു 'പ്രത്യേകതരം ആധുനികവൽക്കരണം' ഇവര്‍ സ്വന്തം ഗ്രാമത്തിൽ ആരംഭിച്ചത്.ഗോത്ര സമൂഹ അംഗങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ ചുറ്റുമുള്ള ഏതെങ്കിലും നഗര വസ്തുക്കളുടെയോ ആളുകളുടെയോ പേരുകൾ നൽകാനാണ് ശ്രമിക്കാറ്. ഇത്തരത്തിൽ നൽകിയിരിക്കുന്ന പേരുകളിൽ മൈസൂർ പാക്ക്, അമേരിക്ക, വൺ ബൈ ടു എന്നിവയൊക്കെ ഉൾപ്പെടുന്നു.
കൂടുതല്‍ വായനയ്ക്ക്: കൊവിഡ് കാലത്ത് ബ്രിട്ടീഷ് ഗായിക പ്രേതത്തെ വിവാഹം ചെയ്തു; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെയല്ലെന്ന്
പേരുകൾ വിചിത്രമായി തോന്നാമെങ്കിലും ഈ ഗോത്ര സമൂഹത്തെ ആരും വിലകുറച്ചു കാണരുത്. കാരണം ഹക്കി പിക്കി സമുദായത്തിന് ഏകദേശം 14 ഭാഷകളുടെ മിശ്രഭാഷ സംസാരിക്കാൻ കഴിയും. മാത്രമല്ല, ഗ്രാമത്തിലെ സ്ത്രീധന സമ്പ്രദായം ഇന്ത്യൻ പൊതു സമൂഹം പിന്തുടരുന്നതിന്‍റെ നേർവിപരീതമാണ്. അതായത് അവിടെ സ്ത്രീകൾക്ക് പുരുഷന്മാരാണ് ധനം നൽകേണ്ടത്. കൂടാതെ നിരന്തരം യാത്ര ചെയ്യുന്ന മികച്ച ബിസിനസുകാർ കൂടിയാണ് ഇവിടെയുള്ളവർ. ഇവരിൽ 100 ൽ അധികം പേർക്ക് സ്ഥിരമായി ഉപയോഗിക്കുന്ന പാസ്പോർട്ട് ഉണ്ട്. നേപ്പാൾ, ടിബറ്റ്, ചൈന എന്നിവയാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങൾ. ഈ ഗോത്രത്തിന് രജപുത്ര രാജാവായ റാണാ പ്രതാപുമായി ബന്ധമുണ്ടായിരുന്നു. നേരത്തെ തങ്ങള്‍ ആരാധിക്കുന്ന നദിയുടെയോ പര്‍വ്വതത്തിന്‍റെയോ പേരുകളാണ് ഇവര്‍ കുട്ടികള്‍ക്ക് നല്‍കിയിരുന്നത്.
കൂടുതല്‍ വായിക്കാന്‍: സാമൂഹിക മാറ്റത്തിന് ആഹ്വാനം ചെയ്ത് ബരായേ...; ഞങ്ങള്‍ വിജയിച്ചെന്ന് ഗാന രചയിതാവ്