31 വർഷം നീണ്ട ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിധി വേട്ട; ഒടുവിൽ ഫ്രാൻസിലെ 'സ്വർണ്ണ മൂങ്ങ'യെ കണ്ടെത്തി
കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി പതിനായിരക്കണക്കിന് ആളുകളാണ് ഈ മൂങ്ങയെ അന്വേഷിച്ച് അലഞ്ഞത്. മാക്സ് വാലന്‍റിന്‍റെ ആദ്യ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന 11 സങ്കീർണ്ണമായ കടമ്പകള്‍ പിന്തുടർന്നാണ് ആളുകള്‍ സ്വര്‍ണ്ണ മൂങ്ങയെ അന്വേഷിച്ചത്.
സ്വർണ്ണ മൂങ്ങ കണ്ടെത്താനായി 31 വർഷം നീണ്ട നിധി വേട്ട അവസാനിച്ചതായി ഫ്രാന്‍സ്. "ഇന്നലെ രാത്രി സ്വർണ്ണ മൂങ്ങയുടെ പകർപ്പ് കണ്ടെത്തിയതായും ഓൺലൈൻ വെരിഫിക്കേഷൻ സംവിധാനത്തിലൂടെ അതിനെ തിരിച്ചറിഞ്ഞതായും ഞങ്ങൾ സ്ഥിരീകരിക്കുന്നു," കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്വർണ്ണ മൂങ്ങ അന്വേഷണത്തിന്‍റെ ഔദ്യോഗിക ചാറ്റ് ലൈനിൽ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. 1993 ൽ സ്വർണ്ണ മൂങ്ങ (Chouette d’Or) എന്ന യഥാർത്ഥ പുസ്തകം എഴുതുകയും ശില്പം നിര്‍മ്മിക്കുകയും ചെയ്ത മൈക്കൽ ബെക്കർ തന്നെയാണ് സന്ദേശം പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, സ്വർണ്ണ മൂങ്ങയെ എവിടെ നിന്ന് കണ്ടെത്തിയെന്നോ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ലെന്നും ബെക്കറിനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി പതിനായിരക്കണക്കിന് ആളുകളാണ് ഈ മൂങ്ങയെ അന്വേഷിച്ച് അലഞ്ഞത്. ഇതിനിടെ സ്വര്‍ണ്ണ മൂങ്ങയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍, ലഘുലേഖകൾ, ഇതിനൊക്കെ പുറമെ ഇന്‍റർനെറ്റുകളിലുമായി നൂറ് കണക്കിന് ലേഖനങ്ങളാണ് എഴുതപ്പെട്ടത്. മാക്സ് വാലന്‍റ ആദ്യ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന 11 സങ്കീർണ്ണമായ കടമ്പകള്‍ പിന്തുടർന്നാണ് ആളുകള്‍ സ്വര്‍ണ്ണ മൂങ്ങയെ അന്വേഷിച്ചത്. 2009 ൽ അദ്ദേഹം മരിച്ചപ്പോളാണ് ബെക്കർ ഈ പദ്ധതി ഏറ്റെടുത്തത്. പുസ്തകത്തില്‍ പറഞ്ഞ സങ്കീർണ്ണമായ 11 കടമ്പകളും കടന്ന് ചെന്നാല്‍ ഫ്രാൻസിലെവിടെയോ ഒളിപ്പിച്ചിരുന്ന സ്വര്‍ണ്ണ മൂങ്ങയിലെത്തി ചേരാം. അവിടെ യഥാർത്ഥ സ്വർണ്ണ മൂങ്ങയുടെ വെങ്കല പകർപ്പ് ഭൂമിക്കടിയിൽ നിന്നും ലഭിക്കും. പിന്നാലെ വിജയിക്ക് വിലയേറിയ ഒറിജിനൽ സ്വർണ്ണ മൂങ്ങയെയും ലഭിക്കും. മൂങ്ങയെ യാദൃശ്ചികമായി കണ്ടെത്തുന്നവര്‍ക്ക് സമ്മാനം ലഭിക്കില്ല. മറിച്ച് പുസ്തകത്തില്‍ പുറഞ്ഞ 11 കടമ്പകളിലൂടെ കടന്ന് തന്നെ വേണം മൂങ്ങയെ സ്വന്തമാക്കാന്‍.
ഈ വർഷം ആദ്യം ഫ്രഞ്ച് ബ്രോഡ്കാസ്റ്റർ ചാനലായ കനാല്‍ പ്ലസ് ( Canal+) നടത്തിയ നിധി വേട്ടയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയില്‍ മൂങ്ങയുടെ മൂല്യം 1,50,000 യൂറോ (1,38,85,065 രൂപ) ആണെന്ന് കണക്കാക്കിയിരുന്നു. സ്വര്‍ണ്ണ മൂങ്ങയെ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആഘോഷത്തോടെയാണ് നിധി അന്വേഷകര്‍ സ്വൂകരിച്ചത്. "ആ ദിവസം കാണാൻ ഞാൻ ജീവിക്കുമെന്ന് ഞാൻ കരുതിയില്ല," ഒരാള്‍ എഴുതിയത്. വാലന്‍റിന്‍റെ മരണശേഷം വർഷങ്ങളോളം ഈ വേട്ട നിയമപരമായ തർക്കങ്ങളിൽപ്പെട്ട് കിടന്നു. അതേസമയം കുഴിച്ചിട്ട മൂങ്ങയുടെ സ്ഥാനം ബെക്കറിന് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാലന്‍റിന്‍റെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മുദ്രവച്ച കവറിലായിരുന്നു മൂങ്ങ എവിടെയന്ന് രേഖപ്പെടുത്തിയ ഏക തെളിവ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ നിധിയോട് അടുക്കുകയാണെന്ന് ബെക്കല്‍ നല്‍കിയ സൂചനകള്‍ ആളുകളെ വീണ്ടും ആകാംഷയിലാക്കി. ഇതിനൊടുവില്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിധി വേട്ട ഔദ്ധ്യോഗികമായി തന്നെ അവസാനിച്ചു.