'ചുപ്‌കേ ചുപ്‌കേ രാത് ദിന്‍..'

ഗുലാം അലിയുടെ പ്രശസ്തമായ ഗസലിനെ കൂടുതല്‍ അറിയാം. ബാബു രാമചന്ദ്രന്‍ എഴുതുന്നു

 

gazal special series for gazal lovers chupke chupke raat din by gulam ali

അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

gazal special series for gazal lovers chupke chupke raat din by gulam ali

ഏകദേശം പതിനഞ്ചു വര്‍ഷം മുമ്പ്  ഗുലാം അലി മുംബൈയിലെ ഷണ്മുഖാനന്ദാ ഹാളില്‍ ഒരു കച്ചേരി നടത്തിയിരുന്നു. അദ്ദേഹം തുടങ്ങിയത് ഒരു ക്ലാസ്സിക്കല്‍ വിസ്താരത്തോടെയാണ്. കുറച്ചുനേരം പാടിയശേഷം അദ്ദേഹം പറഞ്ഞു,' ജബ് തക് സബ് ലോഗ് ബേഠ് നഹി ലേ തേ, മേ കുഛ് നഹി ശുരു കരൂംഗാ.' (എല്ലാരും വന്നിരിന്നു കഴിയുന്നതു വരെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടത് പാടിത്തുടങ്ങില്ല എന്ന്..)

അതും പറഞ്ഞ് എല്ലാവരെയും പിടിച്ചിരുത്തി ശേഷം അദ്ദേഹം രണ്ടുമണിക്കൂറോളം പല ഗസലുകളും പാടി. പിന്നീട് ചെറിയ ഒരിടവേളയായിരുന്നു. ആളുകള്‍ പുറത്തിറങ്ങി ചായയും കുടിച്ച് പരിചയക്കാരുമായി സൊറപറഞ്ഞു നിന്നു ആ അഞ്ചു മിനിറ്റ്. പെട്ടെന്നാണ്, 'ചുപ്‌കേ ചുപ്‌കേ..'യുടെ അതി പ്രശസ്തമായ ആ ഹമ്മിംഗ്, ലൗഡ് സ്പീക്കറിലൂടെ ഒഴുകാന്‍ തുടങ്ങിയത്.. ഒരാളില്ലാതെ എല്ലാവരും ഓടി അവനവന്റെ സീറ്റുകളില്‍ വന്നിരുന്നു. ഹമ്മിംഗ് അവസാനിപ്പിച്ച് ഗുലാം അലി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ''ആപ് കോ ബിഠാനേകാ ഹി നഹി, ദൗഡാനേ കാ ഭി തരീകാ ആതാ ഹെ മുഝേ...'' ( നിങ്ങളെ ഇരുത്താന്‍ മാത്രമല്ല, ഓടിക്കാനുള്ള മരുന്നും എന്റെ കയ്യിലുണ്ടെന്ന്..)

'ചുപ്കേ ചുപ്കേ രാത് ദിന്‍..'- ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സില്‍ ഗസല്‍ എന്ന് കേട്ടാല്‍ ആദ്യം ഊറി വരുന്ന വരികള്‍ ചുപ്കേ ചുപ്കേയുടെ ആയിരിക്കും. മലയാളിയുടെ, വിശേഷിച്ചും പ്രവാസി മലയാളിയുടെ മനസ്സില്‍ ഗൃഹാതുരസ്മരണകളുടെ ഒരു വേലിയേറ്റം തന്നെ ഇളക്കിവിടാനുള്ള കെല്‍പ്പുണ്ട് ഗുലാം അലി കാഫി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗസലിന്. 

'നികാഹ്' 
നമ്മളില്‍ പലരും ഈ ഗസല്‍ ഒരു പക്ഷേ, ആദ്യമായി കേള്‍ക്കുന്നത് 1982-ലാവും. അത് ചിലപ്പോള്‍ ഗസല്‍ എന്ന പേരിലും ആവില്ല. അക്കൊല്ലമാണ് പ്രസിദ്ധ സംവിധായകനും നിര്‍മാതാവുമായ ബി ആര്‍ ചോപ്ര 'നികാഹ്' എന്ന പേരില്‍ രാജ് ബബ്ബറിനേയും സല്‍മാ ആഗയെയും വെച്ച് ഒരു സൂപ്പര്‍ഹിറ്റ് സിനിമയെടുക്കുന്നത്. ദില്‍ കെ അര്‍മാന്‍ ആസുവോം മേം, ദില്‍ കി യെ ആര്‍സൂ ഥി, ബീതേ ഹുവെ ലംഹോം കി.. തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങലുണ്ടായിരുന്നു ആ സിനിമയില്‍. സംഗീതം ബോംബെ രവി. ഗാനരചന ഹസന്‍ കമാല്‍. 

എന്നാല്‍ അക്കൂട്ടത്തില്‍ ഒരു ഗസല്‍ കൂടി ഉണ്ടായിരുന്നു സിനിമയുടെ പ്‌ളേ ബാക്കില്‍. അതൊരു ഗസലാണെന്നു തിരിച്ചറിയുക പോലും ചെയ്യാതെ മലയാളികളില്‍ പലരും അന്നത് കേട്ട് തരിച്ചിരുന്നുകാണും. മറ്റുപാട്ടുകളൊക്കെയും റഫിയെ അനുസ്മരിപ്പിക്കുന്ന മഹേന്ദ്ര കപൂറും, പിന്നെ നായികയായി അഭിനയിച്ച സല്‍മ ആഗയും ചേര്‍ന്നുതന്നെ ആലപിച്ചപ്പോള്‍ ഇതുമാത്രം, ഏറെ ദുഖാര്‍ദ്രമായ ഒരു വേറിട്ട ശബ്ദം. ഒരു പക്ഷേ, അന്നാവണം നമ്മള്‍, കാസറ്റിലെ സ്ലിപ്പില്‍ ഈ പാട്ടുപാടിയത് ആരെന്ന് കണ്ടെത്തിയതും, മ്യൂസിക് വേള്‍ഡില്‍ അതേ ഗായകന്റെ മറ്റുപാട്ടുകളുടെ കാസറ്റ് അന്വേഷിച്ച് ചെല്ലുന്നതും, ഒരുപക്ഷേ, അതിനു പിന്നാലെ ഗസലുകളുടെ മഹാസാഗരത്തിലേക്ക് മുങ്ങാങ്കുഴിയിട്ടു നിവരുന്നതും...

 

 

'ചുപ്‌കേ ചുപ്‌കേ രാത് ദിന്‍..'
അന്ന് മലയാളികളെ അതിശയിപ്പിച്ചത് ഒരു പാകിസ്താനിയുടെ സ്വരമായിരുന്നു. ആളുടെ പേര് ഗുലാം അലി. പട്യാല ഖരാനയിലെ സാക്ഷാല്‍ ബഡേ ഗുലാം അലി ഖാന്‍ സാഹിബിന്റെ ശിഷ്യന്‍. മൗലാനാ ഹസ്രത് മോഹനി എഴുതി ഗുലാം അലി  ചിട്ടപ്പെടുത്തി പാകിസ്ഥാനില്‍ ഏറെ ജനപ്രിയമായിരുന്ന ആ ഗസലിലെ വരികളോട് ഇഷ്ടം തോന്നിയ ബി ആര്‍ ചോപ്ര അതിനെ തന്റെ സിനിമയില്‍ ചേര്‍ക്കുകയായിരുന്നു അന്ന്. 'ഹസ്രത് മോഹനി' എന്നത് കവിയുടെ തൂലികാനാമമാണ്. കവിയുടെ യഥാര്‍ത്ഥനാമം സയ്യിദ് ഫസലുള്‍ ഹസന്‍ എന്നാണ്. 1875-ല്‍ ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ജനനം. മോഹം എന്നര്‍ത്ഥം വരുന്ന 'ഹസ്രത്'  എന്നത് തൂലികാ നാമവും, മോഹനി എന്നത്, അദ്ദേഹത്തിന്റെ ജന്മനാടായ 'മോഹന്‍' എന്ന ഗ്രാമത്തെ സൂചിപ്പിക്കുന്നതുമാണ്. സ്വാതന്ത്ര്യസമരത്തിലൊക്കെ റാം പ്രസാദ് ബിസ്മിലിനോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരാളായിരുന്നു മൗലാനാ ഹസ്രത് മൊഹാനിയും.

ഓരോ വരിയിലും പ്രണയത്തുടിപ്പുള്ള അതിമനോഹരമായ ഒരു ഗസലാണ്, 'ചുപ്‌കേ ചുപ്‌കേ രാത് ദിന്‍..' ഓരോ ഷേറിലെയും ഉര്‍ദുവിലെ വരികള്‍ ദേവനാഗരി ലിപിയില്‍ ആദ്യം, പിന്നെ മലയാളത്തിലെ ഉച്ചാരണം, ഏകദേശാര്‍ത്ഥം, ക്ലിഷ്ടമായ വാക്കുകളുടെ അര്‍ത്ഥവിചാരം എന്ന ക്രമത്തില്‍ ചുവടെ 

I

चुपके-चुपके रात दिन 
आँसू बहाना याद है
हमको अब तक आशिक़ी का 
वो ज़माना याद है

ചുപ്കേ ചുപ്കേ രാത് ദിൻ 
ആസൂ ബഹാനാ യാദ് ഹേ 
ഹം കോ അബ് തക് ആഷികി കാ 
വോ സമാനാ യാദ് ഹേ..

ആരും കാണാതെ, രാപ്പകലിരുന്ന് 
കണ്ണീരൊഴുക്കിയതോർമ്മയുണ്ട് 
എനിക്കിന്നും നമ്മുടെ പ്രണയത്തിന്റെ 
ആ സുന്ദരകാലം ഓർമ്മയുണ്ട്..

ചുപ്കേ ചുപ്കേ -  ഒളിച്ച് , ആഷികി - പ്രണയം.


II

तुझसे मिलते ही वो कुछ 
बेबाक हो जाना मेरा
और तेरा दाँतों में वो 
उँगली दबाना याद है

തുഝ്സേ മിൽതേ ഹീ വോ കുഛ് 
ബേബാക് ഹോജാനാ മെരാ 
ഓർ തെരാ, ദാന്തോം തലേ 
ഉംഗ്‌ലീ ദബാനാ യാദ് ഹേ.

നീയരികിലെത്തുമ്പോഴൊക്കെ 
എന്റെ വാതോരാതുള്ള സംസാരം.. 
അതൊക്കെക്കേട്ട് അമ്പരന്നുള്ള നിന്റെയാ നില്പ്പ്, 
ഒക്കെ ഓർക്കുന്നു ഞാൻ...

ബേബാക് ഹോനാ - വാതോരാതെ സംസാരിക്കുക, 
ദന്തോം തലേ ഉംഗ്‌ലീ ദബാനാ - അമ്പരന്ന് നിന്നുപോവുക

III

चोरी-चोरी हम से तुम 
आकर मिले थे जिस जगह
मुद्दतें गुजरीं पर अब तक 
वो ठिकाना याद है

ചോരി ചോരി ഹം സേ തും 
ആകർ മിലേ ഥേ ജിസ് ജഗാ.. 
മുദ്ദത്തേ ഗുസ്റീ പർ 
അബ് തക് വോ ഠികാനാ യാദ് ഹേ..

ഒളിച്ചൊളിച്ച് നമ്മൾ പരസ്പരം 
സന്ധിച്ചിരുന്ന ആ ഇടം, 
ഇത്ര കാലം കഴിഞ്ഞിട്ടും 
ഇന്നും അതെനിക്കോർമ്മയുണ്ട്..

മുദ്ദത്ത് - ഒരുപാട് കാലം , ഠികാനാ - ഇടം

IV

खैंच लेना वो मेरा 
परदे का कोना दफ्फातन
और दुपट्टे से तेरा
वो मुंह छुपाना याद है

ഖേൻച് ലേനാ വോ മെരാ 
പർദ്ദേ കാ കോനാ ദഫ്ഫതൻ 
ഓർ ദുപ്പട്ടേ സേ തെരാ 
വോ മൂ ഛുപാനാ യാദ് ഹേ..

തിരശ്ശീലയുടെ അറ്റത്തു പിടിച്ച്
ഞാൻ പെട്ടന്നൊന്നു വലിച്ചത്,
ദുപ്പട്ടയാൽ ഉടനെ നീ 
നിന്റെ മുഖം മറച്ചത്..
ഒക്കെ ഓർക്കുന്നു ഞാൻ..

ഖേൻച് ലേനാ- വലിക്കുക, പർദ്ദ - കർട്ടൻ, ദഫ്ഫതൻ - പെട്ടന്ന്

V

वक़्त-ए-रुख़्सत अलविदा'अ का 
लफ़्ज़ कहने के लिए 
वो तेरे सूखे लबों का 
थरथराना याद है 

വഖ്തേ രുഖ്സത്ത് അൽവിദാ കാ 
ലഫ്സ് കഹ്നേ കേ ലിയേ 
വോ തെരേ സൂഖേ ലബോം കാ 
ധർധരാനാ യാദ് ഹേ..

ഞാൻ പോവാൻ തുടങ്ങുമ്പോൾ 
യാത്രപറയുന്ന നേരത്ത്, 
നിന്റെ വരണ്ടചുണ്ടുകൾ 
വിറച്ചിരുന്നതും ഓർക്കുന്നു ഞാൻ..

വക്ത്-ഏ രുഖ്സത്ത് - വിടവാങ്ങുന്ന നേരം, 
അൽവിദാ കാ ലഫ്സ് - യാത്ര പറയുന്നത്, 
സൂഖേ - വരണ്ട, ലബ് - ചുണ്ട്, ധർധരാനാ - വിറയ്ക്കുക

VI

दोपहर की धूप में 
मेरे बुलाने के लिए
वो तेरा कोठे पे 
नंगे पाँव आना याद है

ദോപെഹർ കി ധൂപ് മേ 
മേരേ ബുലാനേ കേ ലിയേ 
വോഹ് തെരാ കോഠേ പേ 
നംഗേ പാവ് ആനാ യാദ് ഹേ

ഉച്ചവെയിലിൽ ചൂടത്ത് 
എന്റെ വിളിക്കും കാതോർത്ത് 
നഗ്നപാദയായ് നീ വന്ന് 
നിന്‍റെ മട്ടുപ്പാവില്‍ നില്‍ക്കാറുള്ളത്
ഞാനോർക്കുന്നു..

ദോപെഹർ - ഉച്ച, ധൂപ് - വെയിൽ, 
നംഗേപാവ് - നഗ്നപാദം, കോഠാ - വീട്

മേലെ കൊടുത്ത വരികളാണ്‌ ഈ ഗസലിന്റെ ‘ജനപ്രിയ’മായ ലൈറ്റ് വെർഷൻ. മൗലവിയുടെ മൂല കവിതയിലുള്ള ചില ഷേറുകൾ കൂടി ഗുലാം അലി ആലപിക്കാറുണ്ട്. ചുവടെ ആ വരികൾ..

VII

बा-हज़ाराँ इज़्तिराब ओ
सद-हज़ाराँ इश्तियाक़ 
तुझ से वो पहले-पहल 
दिल का लगाना याद है 

ബാഹ്-അ-സാരാ ഇസ്തിരാബ്-ഓ-
സദ് ഹസാരാ ഇഷ്തിയാഖ്..
തുഝ്സേ വോ പെഹലേ പെഹൽ 
ദിൽ ലഗാനാ യാദ് ഹേ..

അഭിനിവേശം, ആകാംക്ഷ, പിന്നെ 
നൂറായിരം സ്വപ്നങ്ങളും.. 
നീയന്ന് ആദ്യമായി വന്നെന്റെ 
ഹൃദയത്തിൽ കൊളുത്തിയതോർക്കുന്നു ഞാൻ..

ബാഹ് - അഭിനിവേശം, സാരാ- ആകാംക്ഷ, 
സദ് - നൂറ്‌, ഹസാർ - ആയിരം, ഇഷ്തിയാഖ് - സ്വപ്നങ്ങൾ

VIII

आ गया गर वस्ल की 
शब भी कहीं ज़िक्र-ए-फ़िराक़
वो तेरा रो रो के
मुझ को भी रुलाना याद है 

ആഗയാ ഗർ വസ്ൽ കി 
ഷബ് ഭി കഹി സിൿർ-ഏ-ഫിറാക് 
വോ തെരാ രോ രോ കെ 
മുഝ്കോ ഭീ രുലാനാ യാദ് ഹേ

നമ്മൾ സന്ധിക്കുന്ന രാവുകളിൽ 
പിരിയുന്നതിനെപ്പറ്റി ഒന്ന് 
സൂചിപ്പിക്കുകപോലും ചെയ്താൽ 
നീ കരഞ്ഞുകരഞ്ഞ് പിന്നെ 
എന്നെക്കൂടി കരയിക്കുന്നതും 
ഞാൻ ഓർക്കുന്നു..

ആഗയാ ഗർ - വന്നു എങ്കിൽ, 
വസ്ൽ - സംഗമം, ശബ് - രാത്രി, 
സിൿർ കർനാ - സൂചിപ്പിക്കുക, ഫിറാഖ് - വേർപിരിയൽ

IX
बेरुखी के साथ सुनना 
दर्दे दिल की दास्ताँ
वो कलाई में तेरा 
कंगन घूमाना याद 

ബേരുഖി കേ സാഥ് സുൻനാ 
ദർദേ ദിൽ കി ദാസ്താൻ 
ഓർ തെരാ ഹാഥോം മെ വോ 
കംഗൻ ഘുമാനാ യാദ് ഹേ

ഹൃദയത്തിന്റെ നൊമ്പരങ്ങൾ ഞാൻ 
വന്നു പറയുമ്പോൾ പരിഭവം നടിച്ച് 
അതെല്ലാം അശ്രദ്ധമായി കേട്ടിരിക്കൽ, 
പിന്നെ കയ്യിലെ വളകൾ 
വെറുതേ തിരുപ്പിടിച്ചുകൊണ്ടുള്ള 
നിന്റെയാ ഇരിപ്പ് 
ഒക്കെ ഞാനോർക്കുന്നു.

ബേരുഖി കേ സാഥ് - അശ്രദ്ധമായി 
ദർദ്-എ-ദിൽ - ഹൃദയനൊമ്പരം, ഘുമാനാ - തിരുപ്പിടിപ്പിക്കുക 

Latest Videos
Follow Us:
Download App:
  • android
  • ios