'ഇന്നലെ വേദനിച്ചു, ഇന്ന്...': സുപ്രീംകോടതിയെ സാക്ഷിയാക്കി മോതിരം കൈമാറി വിവാഹ നിശ്ചയം നടത്തി സ്വവർഗാനുരാഗികൾ

'നിയമപരമായുണ്ടായ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ചാണ് പറയുന്നത്. ഞങ്ങൾ പോരാടാനായി മറ്റൊരു ദിവസം മടങ്ങിയെത്തും'

Gay couple ring exchange in front of Supreme Court SSM

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിയായ അനന്യ കോട്ടിയയുടെയും അദ്ദേഹത്തിന്‍റെ പങ്കാളിയായ അഭിഭാഷകന്‍ ഉത്കർഷ് സക്‌സേനയുടെയും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഏതാണ് ആ ചിത്രം എന്നല്ലേ? സുപ്രീംകോടതിക്ക് മുന്‍പില്‍ വെച്ച് മോതിരം കൈമാറുന്ന ചിത്രം.

സ്വവര്‍ഗ വിവാഹത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കാത്തതിനോടുള്ള പ്രതികരണമായിരുന്നു കോടതിക്ക് മുന്‍പിലുള്ള ആ മോതിരംമാറ്റം.  അഭിഭാഷകനായ ഉത്കർഷ് സക്‌സേന മുട്ടുകുത്തി നിന്ന് സുപ്രീംകോടതിയെ സാക്ഷിയാക്കി അനന്യയെ മോതിരം അണിയിക്കുകയായിരുന്നു.

"ഇന്നലെ വേദനിച്ചു. ഇന്ന് ഞാനും ഉത്കര്‍ഷ് സക്സേനയും ഞങ്ങളുടെ അവകാശങ്ങൾ നിഷേധിച്ച അതേ കോടതിയിൽ തിരിച്ചെത്തി. മോതിരം കൈമാറി. നിയമപരമായുണ്ടായ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ഞങ്ങളുടെ വിവാഹ നിശ്ചയത്തെക്കുറിച്ചാണ് പറയുന്നത്. ഞങ്ങൾ പോരാടാനായി മറ്റൊരു ദിവസം മടങ്ങിയെത്തും"- അനന്യ കോട്യ ചിത്രത്തിന് ഒപ്പം കുറിച്ചു. 

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി

നിയമപരമായ തിരിച്ചടികൾക്കിടയിലും, അനന്യയും ഉത്കർഷും തങ്ങളുടെ പ്രണയവും വിവാഹ നിശ്ചയവും ആഘോഷിക്കാൻ തീരുമാനിച്ചു. ഭാവിയിലും തുല്യ അവകാശങ്ങൾക്കും അംഗീകാരത്തിനും വേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ദൃഢനിശ്ചയം എടുത്തു.

 

 

സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി ഇന്നലെയാണ് തള്ളിയത്. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ പങ്കാളികൾക്ക് അവകാശമുണ്ടാകില്ല. സ്വവർഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമ സാധുത നൽകാനാവില്ല എന്നാണ് സുപ്രീംകോടതിയുടെ വിധി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറ് ആണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്‍കുന്നത്. ഇത് വിവേചനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്‍റെ വിധിപ്രസ്താവത്തിൽ പറഞ്ഞു.   ജസ്റ്റിസ് എസ് കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios