ജഗ്ഗി വാസുദേവ് എന്ന കോഴിക്കച്ചവടക്കാരൻ മുതൽ സദ്ഗുരു എന്ന യോഗി വരെ
ഇന്ത്യയിൽ ഗോവധ നിരോധന നിയമം വേണ്ടത്ര കർക്കശമായി നടപ്പിലാക്കിയിരുന്നു എങ്കിൽ ഇവിടെ ആൾക്കൂട്ടക്കൊലകൾ നടക്കുമായിരുന്നില്ല എന്നാണ് ജഗ്ഗി പറയുന്നത്
ഏറെ പ്രസിദ്ധനായ ഒരു സന്യാസിയും യോഗ ഗുരുവും ഒക്കെയാണ് ജഗ്ഗി വാസുദേവ്. ജഗ്ഗി അവനവനെ വിളിക്കുന്ന പേര് സദ്ഗുരു എന്നാണ്. 'മാൻ, മിസ്റ്റിക്...' - ഇഷ ഫൗണ്ടേഷൻ എന്ന ജഗ്ഗി വാസുദേവിന്റെ എൻജിഒയുടെ വെബ്‌സൈറ്റിൽ അദ്ദേഹത്തെപ്പറ്റി സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന രണ്ട് ഇംഗ്ലീഷ് വാക്കുകളാണ് ഇവ. യോഗിയായ മനുഷ്യൻ. അതാണ് സദ്ഗുരു. അഥവാ, അതാണ്, ജഗ്ഗി വാസുദേവ് മുന്നോട്ടുവെക്കാൻ ആഗ്രഹിക്കുന്ന പ്രതിച്ഛായ. എന്നാൽ, തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ഈയിടെ വലിയ വിമർശനങ്ങൾക്കും സദ്ഗുരു വിധേയനാവുകയുണ്ടായി.
ആരാണ് ജഗ്ഗി വാസുദേവ്
1957 -ൽ ഇന്ത്യയിലെ മൈസൂരിൽ കുടിയേറിപ്പാർത്ത ഒരു തെലുഗു കുടുംബത്തിൽ ജനിച്ച ജഗദീഷ് വാസുദേവ് എന്ന ജഗ്ഗി , കുടുംബത്തിലെ നാല് കുട്ടികളിൽ ഏറ്റവും ഇളയവനായിരുന്നു. അച്ഛൻ ഇന്ത്യൻ റെയിൽവേയ്‌സിലെ ഒരു നേത്രരോഗവിദഗ്ധനായിരുന്നു. അമ്മ ഒരു വീട്ടമ്മയും. അച്ഛൻ റെയിൽവേയിൽ ആയിരുന്നതിനാൽ ഇടയ്ക്കിടെ താമസസ്ഥലം മാറിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ, പല നാടുകൾ കണ്ട് പല ഭാഷകൾ പഠിച്ചാണ് ജഗ്ഗി വളർന്നത്. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം ജഗ്ഗി മൈസൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടുന്നു. തുടർന്ന് പഠിക്കാതെ ആദ്യം കൈവെക്കുന്നത് കോഴിവളർത്തലിലാണ്.
കോഴിക്കച്ചവടം ഒരു വിധം പച്ചപിടിച്ചു വരുമ്പോഴാണ്, 1982 -ൽ ജഗ്ഗിക്ക് തന്റെ ഇരുപത്തഞ്ചാം വയസ്സിൽ, ചാമുണ്ഡി ഹിൽസിന്റെ മുകളിൽ ധ്യാനത്തിലിരിക്കെ ഒരു ആധ്യാത്മികാനുഭവമുണ്ടാവുന്നത് എന്നാണ് വിക്കിപീഡിയ പറയുന്നത്. ആറാഴ്ചക്കകം, തന്റെ ബിസിനസ് സുഹൃത്തിനെ ഏൽപ്പിച്ച് ആ ആധ്യാത്മിക നിലാവെളിച്ചത്തെ അന്വേഷിച്ച് യാത്രകൾ തുടങ്ങി. ഏതാണ്ട് ഒരു വർഷക്കാലം ധ്യാനം, യോഗ തുടങ്ങിയവയിൽ നടത്തിയ അന്വേഷണങ്ങൾക്ക് ശേഷം ജഗ്ഗി യോഗ പഠിപ്പിക്കാനും, തനിക്കുണ്ടായ ആധ്യാത്മിക വെളിപാട് മറ്റുള്ളവരുമായി പങ്കുവെക്കാനും തീരുമാനിക്കുന്നു.
1983 -ൽ ജഗ്ഗിയുടെ ആദ്യത്തെ യോഗാ ക്‌ളാസ് മൈസൂരിൽ, വെറും ഏഴുപേരുമായി തുടങ്ങുന്നു. പോകെപ്പോകെ ഹൈദരാബാദ് മുതൽ മൈസൂർ വരെയുള്ള നിരവധി പട്ടണങ്ങളിൽ തന്റെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചുകൊണ്ട് നിരവധി യോഗാ ക്‌ളാസുകൾ ജഗ്ഗി നടത്തി. അതിനിടെ വിജയ കുമാരി എന്നൊരു യുവതിയെ വിവാഹം കഴിക്കുന്നുമുണ്ട് ജഗ്ഗി വാസുദേവ്.
1997-ൽ കോയമ്പത്തൂർ ആശ്രമത്തിൽ വെച്ച്, ജഗ്ഗിയുടെ ജീവിതത്തെ പിടിച്ചുലച്ച ഒരു സംഭവമുണ്ടാകുന്നു. പത്നി വിജയകുമാരിയുടെ മരണം. അവർ മഹാസമാധി അടയുകയായിരുന്നു എന്ന് ജഗ്ഗിയും സംഘവും അവകാശപ്പെടുമ്പോൾ, അതേപ്പറ്റി ലഭ്യമായ ഒരേയൊരു രേഖ അക്കൊല്ലം അച്ചടിച്ചുവന്ന ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ഒരു റിപ്പോർട്ടിന്റെ കട്ടിങ് ആണ്. അത് ജഗ്ഗി എന്ന ആൾദൈവത്തെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള ഒന്നാണ്. അതിൽ ഗംഗണ്ണാ എന്നുപേരായ ഒരു വൃദ്ധൻ ബാംഗ്ലൂർ സിറ്റി പൊലീസിൽ നൽകിയ ഒരു പരാതിയെപ്പറ്റിയും പറയുന്നുണ്ട്. തന്റെ മകൾ വിജി എന്ന് വിളിക്കുന്ന വിജയകുമാരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് തനിക്ക് തന്റെ മരുമകൻ ജഗ്ഗിയെ സംശയമുണ്ട് എന്നാണ് ആ റിപ്പോർട്ടിൽ ഗംഗണ്ണയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്. അദ്ദേഹം എക്സ്പ്രസിനോട് പറഞ്ഞത്, തന്റെ അഭ്യർത്ഥന മാനിക്കാതെ താൻ ബാംഗ്ലൂരിൽ നിന്ന് ഓടിയെത്തുമ്പോഴേക്കും, തന്നെ ഒരു നോക്കുകാണിക്കാതെ തന്നെ തന്റെ മകളുടെ മൃതദേഹം ചിതയിൽ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു എന്നാണ്. മരുമകൻ ജഗ്ഗി അങ്ങനെ പ്രവർത്തിച്ചത് മരണത്തിൽ അയാൾക്ക് പങ്കുള്ളതുകൊണ്ടാവാം എന്ന സംശയം ഗംഗണ്ണ പ്രകടിപ്പിക്കുന്നു. അങ്ങനെ ചെയ്യാൻ കാരണം, ആശ്രമത്തിലെ മറ്റൊരു യുവതിയുമായുള്ള ജഗ്ഗിയുടെ ബന്ധത്തെ തന്റെ മകൾ ചോദ്യം ചെയ്തതാവാം എന്നും ആ അച്ഛൻ ആരോപിച്ചിരുന്നു അന്ന്.
ഗംഗണ്ണയുടെ നിർദേശപ്രകാരം അന്ന് അതുമായി ബന്ധപ്പെട്ടുകൊണ്ട് ബാംഗ്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ആ കേസ് പിന്നീട് കോയമ്പത്തൂർ പൊലീസിന് കൈമാറുന്നു. എന്നാൽ അന്നും അത് ജഗ്ഗി വാസുദേവ് എന്ന യോഗാ ഗുരു, സദ്ഗുരു എന്ന ആധ്യാത്മികാചാര്യനായി മാറിക്കഴിഞ്ഞ കാലമായിരുന്നു. സദ്ഗുരു തന്റെ പ്രവർത്തനങ്ങൾ താമസിയാതെ അമേരിക്കയിലേക്കും വ്യാപിപ്പിച്ചു. ഈ പരാതിയും, കേസും മറവിയിൽ മാഞ്ഞു.
ഇന്ന് സദ്ഗുരു എന്ന ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷൻ ഒരു വലിയ സ്ഥാപനമായി വളർന്നു കഴിഞ്ഞു. പ്രോജക്റ്റ് ഗ്രീൻ ലാൻഡ്‌സ്, റാലി ഫോർ റിവേഴ്‌സ്, കാവേരി കാളിംഗ് എന്നീ പേരുകളിൽ നിരവധി പരിസ്ഥിതി പ്രോജക്ടുകൾ ഇഷാ ഫൗണ്ടേഷൻ നടത്തുന്നുണ്ട്. ഇഷാ വിദ്യ എന്ന പേരിൽ ഗ്രാമീണ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫൗണ്ടേഷന്റേതായുണ്ട്. സാധാരണ സന്യാസികളിൽ നിന്ന് വിരുദ്ധമായി സ്പോർട്സ് ജാക്കറ്റും കോട്ടും സൺ ഗ്ലാസസും ഒക്കെ ധരിച്ചുകൊണ്ട്, സൂപ്പർ ബൈക്കുകളിൽ സഞ്ചരിച്ചുകൊണ്ട്, പാശ്ചാത്യ ഉച്ചാരണ രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ജനങ്ങളെ കയ്യിലെടുക്കാൻ സദ്ഗുരു എന്ന ജഗ്ഗി വാസുദേവിന് സാധിച്ചു.
ജഗ്ഗി ഒരിക്കൽ പറഞ്ഞിട്ടുള്ളത് , " മനുഷ്യൻ മരിച്ചാലും പത്തുപതിനൊന്നു ദിവസത്തോളം അയാളുടെ വിരൽ നഖങ്ങൾ വളരുന്നുണ്ട്" എന്നാണ്. എന്നാൽ, ഹൃദയം നിലക്കുന്നതോടെ മനുഷ്യന്റെ നഖങ്ങളുടെ വളർച്ച നിന്നുപോവുന്നു എന്നതാണ് സത്യം. ബാക്കി ശരീരം ചുരുങ്ങുന്നതുകൊണ്ട് നഖങ്ങൾ വളരുന്നതായി തോന്നുകയാണ് ശരിക്കും ചെയ്യുന്നത്. ഇത് ഹിന്ദു മതത്തിലെ ശവസംസ്കാരത്തിനുള്ള കാരണമായിട്ടാണ് ജഗ്ഗി ചൂണ്ടിക്കാണിക്കുന്നത്. പതുക്കെയുള്ള മരണം വേദനാജനകമാണത്രെ. ഗ്രഹണ സമയത്ത് പാചകം ചെയ്ത ഭക്ഷണം വിഷമായി മാറുന്നു എന്നാണ് ജഗ്ഗിയുടെ വാദം. ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളുടെ ചുവടുപിടിച്ചു കൊണ്ട് ജഗ്ഗി പറയുന്നത്, കുരങ്ങൻ മനുഷ്യനായത് പോലെ, താൻ ശ്രമിക്കുന്നത് മനുഷ്യനെ ആധ്യാത്മിക പുരോഗമനത്തിലൂടെ കുറേക്കൂടി നല്ല ഒന്നാക്കി മാറ്റാനാണ് എന്നാണ്.
ഇഷാ യോഗാ ഫൗണ്ടേഷൻ പഠിപ്പിക്കുന്ന യോഗാ ടെക്നിക് അറിയപ്പെടുന്നത് ശാംഭവി മഹാമുദ്ര എന്നാണ്. അതിന്റെ മാർക്കറ്റിംഗിനായി കാലിഫോർണിയ യൂണിവേഴ്സിറ്റിയുടെ ഒരു പഠനത്തെ ജഗ്ഗി ഉദ്ധരിക്കാറുണ്ട്. പ്രസ്തുത പഠനം സൂചിപ്പിക്കുന്നത്, ഈ മഹാമുദ്ര പരിശീലിക്കുന്നവരിൽ സാധാരണക്കാരേക്കാൾ 241 ശതമാനം അധികം ന്യൂറോൺ റീജെനറേഷൻ ഉണ്ടാകുന്നുണ്ട് എന്നാണത്രെ.
സന്യാസിയുടെ രാഷ്ട്രീയം
ജഗ്ഗി വാസുദേവ് അഥവാ സദ്ഗുരുവിന്റെ രാഷ്ട്രീയം വലതുപക്ഷത്തിന്റേതുമായി ചേർന്ന് പോകുന്ന ഒന്നാണ്. ബാബരി മസ്ജിദിന്റെ തകർക്കലിനെ അനുകൂലിച്ചു പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുള്ള ജഗ്ഗി, ഗോവധനിരോധനത്തെയും അനുകൂലിക്കുന്നുണ്ട്. ബാലക്കോട്ടിൽ ആക്രമണം നടന്നപ്പോൾ അതിനെയും അനുകൂലിച്ചിരുന്ന ഇദ്ദേഹം പിന്നീടുവന്ന ജിഎസ്ടി, പൗരത്വ നിയമ ഭേദഗതി എന്നിവയുടെയും പതാകാവാഹകനാണ്.
ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രവുമായും ബന്ധമില്ലാത്തതിനാൽ താൻ ഒരിക്കലും രാഷ്ട്രീയ നിലപാട് എടുക്കില്ല എന്ന് പറയാറുണ്ടെങ്കിലും, മിക്കവാറും അത് ആർഷഭാരത സംസ്കാരത്തിൽ അധിഷ്ഠിതമാകാറുണ്ട്. തദ്വാരാ വലതുപക്ഷ രാഷ്ട്രീയത്തിലും. ഇഷാ യോഗ ആശ്രമത്തിലെ ആദിയോഗി പ്രതിമ അനാവരണം ചെയ്യാൻ 2017 -ൽ സദ്ഗുരു എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ ആയിരുന്നു.
ആൾക്കൂട്ട കൊലപാതകങ്ങളെപ്പറ്റിയും ജഗ്ഗി വാസുദേവിന് കൃത്യമായ ഒരു നിലപാടുണ്ട്. ഇന്ത്യയിൽ ഗോവധ നിരോധന നിയമം വേണ്ടത്ര കർക്കശമായി നടപ്പിലാക്കിയിരുന്നു എങ്കിൽ ഇവിടെ ആൾക്കൂട്ടക്കൊലകൾ നടക്കുമായിരുന്നില്ല എന്നാണ് ജഗ്ഗി പറയുന്നത്. പശുക്കൾ മനുഷ്യരെപ്പോലെ തന്നെയാണെന്നും, അവയ്ക്ക് മനുഷ്യരെപ്പോലെ സങ്കടം പോലും വരുമെന്നും, അവ കരയുമെന്നും ജഗ്ഗി പറയുന്നു. അതുകൊണ്ടുതന്നെ പശുക്കളെ കൊല്ലുന്നതും മനുഷ്യരെ കൊല്ലുന്നതും ഒരുപോലെ കുറ്റകരമാണ് എന്നും.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാടെടുത്ത് വീണ്ടും വിവാദത്തിൽ
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധിപ്പിച്ചുകൊണ്ട് ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിൽ സദ്ഗുരു കേന്ദ്ര സർക്കാരിനൊപ്പമാണ്. ഒരു രാജ്യം ഭരിക്കണമെങ്കിൽ അതിനുള്ളിൽ താമസിക്കുന്നവർ ആരൊക്കെ എന്ന് കൃത്യമായി അറിഞ്ഞിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെയുള്ളവർക്ക് വേണ്ട തൊഴിൽ നൽകാൻ കഴിയാതെ വരുമ്പോൾ, അതിനിടെ ബംഗ്ലാദേശിൽ നിന്നും മറ്റുമുള്ളവരെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്, "സ്വന്തം കുട്ടി പട്ടിണി കിടന്നു മരിച്ചാലും, മറ്റുള്ളവരുടെ കുട്ടികളെ ഊട്ടുന്നത് പോലെയാണ് " എന്നും സദ്ഗുരു പറയുന്നു.
Do hear this lucid explanation of aspects relating to CAA and more by @SadhguruJV.
— Narendra Modi (@narendramodi) December 30, 2019
He provides historical context, brilliantly highlights our culture of brotherhood. He also calls out the misinformation by vested interest groups. #IndiaSupportsCAA https://t.co/97CW4EQZ7Z
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളെ സദ്ഗുരു വിമർശിക്കുന്നു. രാജ്യത്തെ പൊതുമുതൽ നശിപ്പിക്കാൻ ഒരാൾക്കും അവകാശമില്ല എന്നാണ് കാരണമായി പറയുന്നത്. എന്നാൽ, 2018 -ൽ കർണി സേന പൊതുമുതൽ നശിപ്പിച്ചപ്പോൾ, ജനരോഷം പണ്ടുമുതല്ക്കുതന്നെ അങ്ങനെത്തന്നെയാണ് പ്രകടമാകാറ് എന്ന് പറഞ്ഞത് ഇതേ സദ്ഗുരു തന്നെയായിരുന്നു. എന്നാൽ, ഇന്ന് സദ്ഗുരു പറയുന്നത് പ്രതിഷേധങ്ങൾക്കിടയിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടത്, പ്രതിഷേധം നടത്തുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഉടനടി ഈടാക്കണം എന്നാണ്. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചുകൊണ്ട് സദ്ഗുരു ജഗ്ഗി വാസുദേവ് നടത്തിയ പ്രഭാഷണത്തിന്റെ ലിങ്ക് കഴിഞ്ഞ മാസം സാക്ഷാൽ നരേന്ദ്ര മോഡി തന്നെ പങ്കുവെക്കുകയുണ്ടായി. ആധ്യാത്മികതയിൽ നടത്തിയ ഗവേഷണങ്ങൾക്കും, യോഗാഭ്യാസത്തിനു നൽകിയ സേവനങ്ങൾക്കും ഉള്ള ആദരവായി നരേന്ദ്രമോദി സർക്കാർ 2017 -ൽ സദ്ഗുരു ജഗ്ഗി വാസുദേവിന് ഇന്ത്യയിലെ പരമോന്നത പദ്മ പുരസ്‌കാരമായ പദ്മവിഭൂഷൺ നൽകുകയുമുണ്ടായി.
എന്നാൽ ലോകമെമ്പാടും ആരാധകരും ഭക്തരുമുള്ള സദ്ഗുരുവിന് വിമർശകരും കുറവല്ല. കോൺഗ്രസ് വക്താവായ ദിവ്യസ്പന്ദന ഈയിടെ ജഗ്ഗി വാസുദേവിന്റെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. സദ്ഗുരു ഒരു മിസ്റ്റിക് ആണോ അതോ മിസ്റ്റേക്ക് ആണോ എന്നായിരുന്നു ദിവ്യയുടെ ചോദ്യം. കനയ്യകുമാറും സംഘവും ജയിലിൽ അടക്കപ്പെടേണ്ടവരാണ് എന്ന അർത്ഥത്തിൽ സദ്ഗുരു പ്രതികരിച്ചപ്പോൾ, സുപ്രസിദ്ധ നടി സ്വരാ ഭാസ്കറും സദ്ഗുരുവിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
How is this sick, violent and deeply prejudiced man @SadhguruJV a spiritual guru??????????????? https://t.co/8Hx0YJ3TQH
— Swara Bhasker (@ReallySwara) March 3, 2019