ഹീറോസ് തന്നെ, ഒന്നും നോക്കിയില്ല ഒത്തുപിടിച്ചു; 600 കിലോ ഭാരം, ചതുപ്പിൽവീണ കണ്ടാമൃഗത്തെ ചുമലിലേറ്റി ഉദ്യോഗസ്ഥർ
ഈ അസാധാരണ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഭൂമിയിലെ ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന് കാണിച്ചുതരുന്ന ഹൃദയസ്പർശിയായ ഒരു പ്രവൃത്തിയുടെ വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഒരു ചതുപ്പിൽ കുടുങ്ങിപ്പോയ കണ്ടാമൃഗത്തെ ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് തോളിൽ ചുമന്ന് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്.
600 കിലോയിൽ അധികം ഭാരമുള്ള കണ്ടാമൃഗത്തെയാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ രക്ഷപ്പെടുത്തിയത്. വന്യജീവി സംരക്ഷകരുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്ന ഈ രക്ഷാപ്രവർത്തനത്തിന് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 600 നും 700 നും ഇടയിൽ ഭാരമുള്ള കണ്ടാമൃഗമാണ് രക്ഷപ്പെടാൻ ആകാത്ത വിധം ചതുപ്പിൽ കുടുങ്ങിപ്പോയത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ഒരുകൂട്ടം വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടാമൃഗത്തെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കണ്ടാമൃഗത്തെ ഒരു പലകയിൽ കയറ്റി ചുമന്ന് സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയായിരുന്നു.
ഈ അസാധാരണ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോയ്ക്ക് ഒപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ അദ്ദേഹം ഓഗസ്റ്റിൽ നടന്ന ഒരു രക്ഷാപ്രവർത്തനമാണ് ഇതെന്നും രക്ഷപ്പെടുത്തിയ മൃഗത്തിന് 600- 700 കിലോയോളം ഭാരം ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തകരുടെ ഏകോപനത്തെയും അർപ്പണബോധത്തെയും ആളുകൾ സോഷ്യൽ മീഡിയയിൽ പ്രശംസിച്ചു. ഇന്ത്യയുടെ സമ്പന്നമായ വന്യജീവി പൈതൃകം സംരക്ഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ ശ്രമത്തെയും പ്രതിബദ്ധതേയും നിരവധി പേർ അഭിനന്ദിച്ചു. ജനുവരി ഒന്നിന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു.