കൊടുങ്കാറ്റിനെ പേടിയുള്ള കുഞ്ഞുമകൾ മരിച്ചപ്പോൾ മകളുടെ ശവക്കല്ലറയിൽ ആ അമ്മ ചെയ്തത്...

അങ്ങനെ, എല്ലെന്‍ മകളുടെ ശവകുടീരത്തിൽ ഒരു ചെറിയ ജാലകം ഘടിപ്പിച്ചു. ജാലകത്തില്‍ നിന്നും ആറടി താഴേക്ക് ഒരു ഇടുങ്ങിയ ഗോവണിയും നിർമ്മിച്ചു. 

Florence Irene Ford grave and story about the love of a mother

അച്ഛനമ്മമാർക്ക് മക്കളോടുള്ള സ്നേഹം വളരെ വലുതാണ്. അങ്ങനെയിരിക്കുമ്പോൾ വളരെ കുഞ്ഞു പ്രായത്തിൽ തന്നെ സ്വന്തം മകളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടാലോ? ഒരു മാതാപിതാക്കൾക്കും സഹിക്കാനാവില്ല അല്ലേ? അതുവരെ കൊഞ്ചിച്ചും ലാളിച്ചും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുവച്ച മക്കളുടെ മരണം സഹിക്കുക വലിയ വേദന തന്നെയാണ്. അവരുടെ ഇഷ്ടങ്ങളും പേടികളുമെല്ലാം അച്ഛനമ്മമാരുടെ മനസിൽ എപ്പോഴും ഉണ്ടാവും. ഒരുപക്ഷേ, മരണം വരെയും. ഇത് അങ്ങനെ ഒരു അമ്മയുടെ കഥയാണ്. അവരുടെ പ്രിയപ്പെട്ട മകളുടെ ശവക്കല്ലറ ചില പ്രത്യേകതകൾ കൊണ്ട് അറിയപ്പെടുന്നവയുമാണ്. ഇത് ആ അമ്മയേയും മകളെയും ആ കുഞ്ഞുമകളുടെ ശവക്കല്ലറയേയും കുറിച്ചാണ്. 

Florence Irene Ford grave and story about the love of a mother

പത്താമത്തെ വയസിലാണ് ഫ്ലോറന്‍സ് അയണ്‍ ഫോര്‍ഡ് മരിക്കുന്നത്. മകളുടെ മരണം അവളുടെ അമ്മയെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കുഞ്ഞുമകളെ അടക്കുന്നതിന് മുമ്പ് അന്ന് അവളുടെ അമ്മ വിചിത്രമായ ഒരു അഭ്യര്‍ത്ഥന നടത്തി. മകളുടെ ശവപ്പെട്ടിയുടെ തലഭാ​ഗത്തായി ഒരു കുഞ്ഞുജാലകം വയ്ക്കണം. അങ്ങനെ ഒരു ജാലകം പണിയുകയും ചെയ്തു. ആ ശവകുടീരത്തിനടുത്തൂകൂടെ ​ഗോവണിയിറങ്ങി ചെല്ലാനുള്ള ഒരു ചെറിയ വഴിയുണ്ട്. ആ വഴിക്ക് ഒരു വാതിലും. എന്തിനാണ് ഫ്ലോറൻസിന്റെ അമ്മ എല്ലെൻ അങ്ങനെ ചെയ്തത് എന്നല്ലേ? കാരണമുണ്ട്. 

ഫ്ലോറൻസിന്റേത് ഹ്രസ്വ കാലത്തെ ജീവിതമായിരുന്നു. 1861 സെപ്റ്റംബർ മൂന്നിനാണ് അവള്‍ ജനിക്കുന്നത്. മിക്ക കു‍ഞ്ഞുങ്ങളെയും പോലെ നമ്മുടെ കുഞ്ഞു ഫ്ലോറൻസിനും കൊടുങ്കാറ്റിനെ ഭയമായിരുന്നു. അതുകൊണ്ട്, കാറ്റിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ അവൾ അമ്മ എല്ലെന്റെ അടുത്തേക്ക് ഓടിച്ചെല്ലും. എല്ലെൻ അവളെ ചേർത്തു പിടിക്കും, കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ മറ്റ് അമ്മമാരെപ്പോലെ തന്നെ ആ അമ്മയും തന്റെ മകളെ ക്ഷമയോടെ ആശ്വസിപ്പിക്കും.

എന്നാൽ, അധികകാലമൊന്നും ആ അമ്മയ്ക്ക് തന്റെ മകളെ സ്നേഹിക്കാനോ അവളുടെ സ്നേഹവും കുസൃതിയുമൊന്നും ആവോളം അനുഭവിക്കാനോ ഒന്നും യോ​ഗമുണ്ടായിരുന്നില്ല. 1871 -ൽ, വെറും പത്താം വയസ്സിൽ, ഫ്ലോറൻസ് മഞ്ഞപ്പനി ബാധിച്ച് മരിച്ചു. അവളുടെ അമ്മ വല്ലാതെ വേദനിച്ചു. സ്വാഭാവികമായും മകളുടെ മരണം അസ്വസ്ഥയാക്കിയ അവളുടെ അമ്മ എല്ലെന്, തന്റെ കുഞ്ഞ് മാലാഖക്കുഞ്ഞ് ഫ്ലോറൻസിനെ അടക്കം ചെയ്യാൻ പോവുകയാണെന്നും കാറ്റിലും മഴയിലുമെല്ലാം ആ ശവക്കല്ലറയിൽ അവൾ തനിച്ചായിരിക്കുമെന്നൊക്കെയുള്ള ചിന്ത സഹിക്കാനായില്ല. കാരണം, കൊടുങ്കാറ്റിൽ അവളെ ആശ്വസിപ്പിക്കാൻ ആ അമ്മ എന്നത്തേയും പോലെ തന്നെ ആഗ്രഹിച്ചു. തന്‍റെ മകള്‍ വിശ്രമത്തിലായിരിക്കുമ്പോൾ പോലും അവളെ ഒരു കാറ്റും ഭയപ്പെടുത്തരുതെന്നായിരുന്നു അവരുടെ ഉള്ളില്‍. അങ്ങനെയാണ് മകളെ അടക്കാറായപ്പോൾ ഇങ്ങനെ ഒരു വിചിത്രമായ ആ​ഗ്രഹം എല്ലെൻ പറയുന്നത്. 

അങ്ങനെ, എല്ലെന്‍ മകളുടെ ശവകുടീരത്തിൽ ഒരു ചെറിയ ജാലകം ഘടിപ്പിച്ചു. ജാലകത്തില്‍ നിന്നും ആറടി താഴേക്ക് ഒരു ഇടുങ്ങിയ ഗോവണിയും നിർമ്മിച്ചു. എല്ലെൻ ഗോവണിക്ക് മുകളിൽ മെറ്റൽ ട്രാപ്ഡോർ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ കൊടുങ്കാറ്റിൽ ആ ഡോർ അടയ്ക്കാനും കാറ്റിൽ നിന്നും മഴയിൽ നിന്നും അവളെ സംരക്ഷിക്കാനും തനിക്ക് കഴിയുമെന്ന് എല്ലെൻ വിശ്വസിക്കുന്നു. മാത്രവുമല്ല, കാറ്റോ മഴയോ വരുമ്പോൾ മകളുടെ ശവപ്പെട്ടിക്കരികില്‍ ഇരിക്കാനും കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ അവിടെയിരുന്നു കൊണ്ട് അവള്‍ക്കുവേണ്ടി വായിക്കാനോ പാടാനോ ഒക്കെ കഴിയുമെന്നും എല്ലെൻ ഉറപ്പിച്ചു. 

Florence Irene Ford grave and story about the love of a mother

1871 മുതൽ ശവക്കല്ലറയ്ക്ക് വളരെ കുറച്ചു മാറ്റങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ശവക്കല്ലറയുടെ പിന്നിൽ ഇപ്പോഴും മെറ്റൽ ട്രാപ്‌ഡോർ കിടക്കുന്നുണ്ട്. അത് ഇന്നും തുറക്കാനും കഴിയും. അതിനാൽ സെമിത്തേരി സന്ദർശകർക്ക് കൊടുങ്കാറ്റിൽ ഫ്ലോറൻസിനെ ആശ്വസിപ്പിക്കാൻ കഴിയും. 1950 -കളുടെ മധ്യത്തിൽ ഗ്ലാസ് വിൻഡോ മറയ്ക്കുന്നതിനായി ഗോവണിപ്പടിയുടെ അടിയിൽ ഒരു കോൺക്രീറ്റ് മതിൽ കൂട്ടിച്ചേർത്തത് മാത്രമാണ് ഫ്ലോറൻസിന്റെ ശവകുടീരത്തിൽ ആകെ വന്ന മാറ്റം. 

ഫ്ലോറൻസിനെ അടക്കിയിരിക്കുന്ന നാച്ചസ് സെമിത്തേരി, മിസിസിപ്പി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മറ്റനേകം പ്രശസ്തമായ ശവക്കല്ലറകള്‍ ഇവിടെയുണ്ടെങ്കിലും ഒരമ്മയ്ക്ക് തന്റെ മകളോടുള്ള സ്നേഹത്തിന്‍റെയും കരുതലിന്‍റെയും സാക്ഷ്യമുള്ള ഒരു ശവക്കല്ലറ ഫ്ലോറൻസ് എന്ന ആ പത്തുവയസുകാരിയുടേത് മാത്രമാവും. 

Latest Videos
Follow Us:
Download App:
  • android
  • ios