നിരാശരാവേണ്ട, പ്രഭാതത്തിൽ ഈ 5 ശീലങ്ങളാവാം, ജീവിതത്തില്‍ പൊസിറ്റിവിറ്റി നിറയട്ടെ, ആത്മീയമായി ഉണർവുണ്ടാവട്ടെ
ഏതെങ്കിലും ദൈവത്തിനെ വിളിച്ച് എന്റെ ജീവിതം ഇങ്ങനെയാക്കൂ, എനിക്ക് ഇന്നതെല്ലാം തരൂ എന്നെല്ലാം പരാതിയും പരിഭവവും പറയുന്നത് മാത്രമല്ല പ്രാർത്ഥന. ചില നേരങ്ങളിൽ പ്രാർത്ഥനയ്ക്ക് ദൈവം പോലും വേണമെന്നില്ല. അത് നമ്മുടെ മനസിന്റെ മന്ത്രണങ്ങളാണ്.
രാവിലെകൾ നല്ലതായാൽ നമ്മുടെ ആ ദിവസം തന്നെ ചിലപ്പോൾ മനോഹരമാകാനും മതി. അല്ലെങ്കിലും നമ്മുടെ ദിനങ്ങളെ നല്ലതും ചീത്തയും ആക്കുന്നതിൽ നമുക്കും വലിയ പങ്കുണ്ട്. പലപ്പോഴും തിരക്കുകളാണ് നമ്മുടെ ദിവസത്തെ അപഹരിക്കാറ്. അതിനിടയിൽ വീടിനകത്തുനിന്നും പുറത്തുനിന്നും നേരിടേണ്ടിവരുന്ന അസ്വാരസ്യങ്ങളും. എന്നാൽ, ഒരാളുടെ ഏറ്റവും വലിയ ശത്രുവും മിത്രവും അവരുടെ മനസാണ്. എല്ലാത്തിനും നാം സമയം നൽകും, നമ്മുടെ മനസിനെ കേൾക്കാൻ നമുക്ക് സമയമുണ്ടാകില്ല. ആത്മീയമായി മനസിനെ ഉണർത്തിയാൽ ഒരുപരിധി വരെ നമ്മുടെ ദിവസങ്ങളും ജീവിതവും ശാന്തമായിത്തീരും.
അതേസമയം, ജീവിതം ആകസ്മികതകൾ കൂടി നിറഞ്ഞതാണല്ലോ? ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തായിരിക്കും. എങ്കിലും, പൊസിറ്റീവായി ദിവസങ്ങളെ കാണുക, ജീവിതത്തിൽ പൊസിറ്റിവിറ്റി നിറക്കുക എന്നതൊക്കെ നമുക്ക് ഒരു പരിധിവരെ ജീവിതത്തിൽ ചെയ്യാനാവുന്നതാണ്. എന്തൊക്കെ നേടിയാലും ഒരുവൻ തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ പ്രയോജനമില്ല അല്ലേ? അതിനാൽ ആത്മീയമായ ഉണർവിനുവേണ്ടി പ്രഭാതത്തില്‍ എന്ത് ചെയ്യാമെന്ന് നോക്കാം.
അതിരാവിലെ എഴുന്നേൽക്കാം: അതിരാവിലെ എഴുന്നേൽക്കുന്നത് നമ്മൾ രാത്രി എപ്പോൾ ഉറങ്ങി എന്നതിനെ ആശ്രയിച്ചിരിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നതാണ് ആരോഗ്യകരമായ ശീലം. 12 മണി കഴിഞ്ഞാലും ഉറങ്ങാത്തവരുണ്ട്. അതായത് അടുത്ത ദിവസമാണ് നമ്മൾ ഉറങ്ങാൻ പോകുന്നത് പോലും എന്നർത്ഥം. അതിനാൽ അല്പം നേരത്തെ ഉറങ്ങാൻ ശ്രമിക്കുക. കഴിയുന്നതും രാവിലെ എഴുന്നേൽക്കാൻ നോക്കുക. രാവിലെ നാല് മണി മുതൽ ആറ് മണിക്കുള്ളിലെങ്കിലും ഉണരാൻ ശ്രമിക്കാം.
മൗനമായിരിക്കുക: രാവിലെ എഴുന്നേറ്റാലുടനെ ഇന്ന് പലരും ചെയ്യുന്നത് ഫോൺ നോക്കലാണ്. നെറ്റ് ഓഫാണെങ്കിൽ ഓണാക്കുന്നു, മെസ്സേജുകൾ പരിശോധിക്കുന്നു, സോഷ്യൽ മീഡിയ പരിശോധിക്കുന്നു ഇതൊക്കെയാണ് പലരും ചെയ്യുന്നത്. ഇതൊന്നുമല്ലെങ്കിൽ വീട്ടുകാരോട് സംസാരിക്കുകയാവും ചെയ്യുന്നത്.
എന്നാൽ, ഉണർന്നാലുടനെ അല്പനേരം മൗനം അവലംബിക്കുന്നത് നല്ലതാണ്. ഒന്നും ചെയ്യാതെ, ഒന്നും മിണ്ടാതെ കുറച്ചുനേരം ഇരിക്കാം. വായിക്കുക പോലും വേണ്ടതില്ല. നമ്മൾ മാത്രമായി ഒരല്പനേരം. തിരക്കു കൂട്ടാതെ, തിരക്കുപിടിച്ചൊന്നും ചെയ്യാതെ ദിവസത്തിലെ ആ അരമണിക്കൂർ നേരം തികച്ചും മൗനമായി നമ്മുടെ മനസിനു പറയാനുള്ളതും കേട്ട് ചെലവഴിക്കാം. നമ്മുടെ തന്നെ ആത്മാവിനെ അനുഭവിച്ചറിയാം.
യോഗ/ ധ്യാനം: ഏകാഗ്രത വർധിപ്പിക്കാൻ മികച്ച മാർഗമാണ് യോഗയോ ധ്യാനമോ ഒക്കെ പിന്തുടരുന്നത്. അത് രാവിലെ തന്നെ ചെയ്യുന്നത് നിങ്ങളുടെ ദിവസത്തെ മികച്ചതാക്കി മാറ്റാൻ സഹായിക്കും. നമ്മുടെ മനസിനെ നിയന്ത്രണത്തിലാക്കുന്നതിനും സഹായിക്കും.
പ്രകൃതി: പ്രകൃതിയുമായി അല്പനേരം ചെലവിടുക എന്നതാണ് അടുത്തത്. എന്നാൽ, നഗരത്തിലെ ഫ്ലാറ്റിലൊക്കെ താമസിക്കുന്നവർക്ക് അത് ബുദ്ധിമുട്ടാണ്. എങ്കിലും നല്ല വായുവും അല്പം മരങ്ങളും പച്ചപ്പും സ്വാഭാവികമായ പ്രകൃതിയുടെ ശബ്ദവും എല്ലാം അനുഭവിക്കാൻ സാധിക്കുന്ന ഏതെങ്കിലുമിടത്ത് അല്പനേരം ചെലവഴിക്കാം.
പൊസിറ്റീവായ പ്രതിജ്ഞകൾ: നമ്മൾ നമുക്കുതന്നെ ചില വാക്കുകൾ നൽകുന്നത് എപ്പോഴും നല്ലതാണ്. രാവിലെ തന്നെ ഇത്തരത്തിൽ പൊസിറ്റീവായ കാര്യങ്ങൾ മനസിൽ ഉറപ്പിച്ച് പറയുക.
ഉദാഹരണത്തിന് ദിവസവും നമുക്ക് ഇടപെടേണ്ടി വരുന്ന നെഗറ്റീവായ ആളുകളുണ്ട് എന്ന് കരുതുക. അയാൾ എന്ത് ചെയ്താലും എന്നെ ബാധിക്കാൻ പോകുന്നില്ല, ഞാൻ കൂളായിരിക്കും എന്ന് മനസിൽ ഉറപ്പിക്കുക. തള്ളിക്കളയേണ്ടുന്നവയെ തള്ളിക്കളയുമെന്ന് ഉറപ്പിക്കാം, ഇന്ന് സ്വയം സ്നേഹിക്കും എന്ന് ഉറപ്പിക്കാം. അങ്ങനെ ദിവസം മുഴുവനും പൊസിറ്റീവായിരിക്കാം. ആത്മീയമായ നിങ്ങളുടെ ഉണർവിനെ അത് സഹായിക്കും.
പ്രാർത്ഥന: ഏതെങ്കിലും ദൈവത്തിനെ വിളിച്ച് എന്റെ ജീവിതം ഇങ്ങനെയാക്കൂ, എനിക്ക് ഇന്നതെല്ലാം തരൂ എന്നെല്ലാം പരാതിയും പരിഭവവും പറയുന്നത് മാത്രമല്ല പ്രാർത്ഥന. ചില നേരങ്ങളിൽ പ്രാർത്ഥനയ്ക്ക് ദൈവം പോലും വേണമെന്നില്ല. അത് നമ്മുടെ മനസിന്റെ മന്ത്രണങ്ങളാണ്.
വളരെ ശാന്തമായി രാവിലെ പ്രാർത്ഥിക്കുന്നത് മനസ് ശാന്തമായിരിക്കാനും നമ്മുടെ ആത്മീയതയെ ശക്തമാക്കാനും സഹായിക്കും. അത് ഏതെങ്കിലും ദൈവത്തോടാവണമെന്നില്ല. അവനവനോട് തന്നെയാവാം, പ്രകൃതിയോടാവാം അങ്ങനെ എന്തുമാവാം.
102 വയസൊക്കെ ചെറുപ്പം, സ്വപ്നം സ്ട്രോങ്ങാണെങ്കിൽ; 7 ഭൂഖണ്ഡങ്ങളും സന്ദർശിച്ച് ഡൊറോത്തി