'അഞ്ച് കോടിയൊന്നും ഒരു വില അല്ലാതായി': ഫ്ലാറ്റ് വാങ്ങാന്‍ നോക്കിയ അനുഭവം പങ്കുവച്ച യുവാവിന്‍റെ കുറിപ്പ് വൈറൽ
അഞ്ച് കോടി രൂപ മുടക്കിയാലും ഇന്നത്തെ കാലത്ത് ഒരുവിധം നല്ല സ്ഥലം കിട്ടാനില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്
സ്വന്തമായൊരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരുപക്ഷേ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം പേരും ഒരു ജോലിയൊക്കെ കിട്ടിയാൽ ആദ്യ മുൻഗണന നൽകുന്നത് വീട് സ്വന്തമാക്കുക എന്നതിനാണ്. സ്ഥലം വാങ്ങി വീട് നിർമിക്കുക എന്നത് ഇന്നത്തെ കാലത്ത് ഒട്ടും എളുപ്പമല്ല. സ്ഥലത്തിന്‍റെയും നിർമാണ സാമഗ്രികളുടെയും വില കുതിച്ചുയരുകയാണ്.
ബോംബെ ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ കൽപിത് വീർവാൾ സ്ഥലം വാങ്ങാനിറങ്ങി പുറപ്പെട്ടപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. അഞ്ച് കോടി രൂപയ്ക്ക് ഇന്ന് ഒരു കോടിയുടെ മൂല്യമേയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്. അഞ്ച് കോടി രൂപ മുടക്കിയാലും ഇന്നത്തെ കാലത്ത് ഒരുവിധം നല്ല സ്ഥലം കിട്ടാനില്ല. മെട്രോ സിറ്റിയിലൊക്കെ ആണെങ്കിൽ ഒരു നല്ല ഫ്ലാറ്റ് പോലും കിട്ടില്ല എന്നാണ് കൽപിത് വീർവാൾ കുറിച്ചത്.
ഇതിനകം 12 ലക്ഷത്തിലേറെ പേർ കണ്ട ആ പോസ്റ്റ് ഒരു ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്തു. ചിലർ സമാന അനുഭവങ്ങള്‍ പങ്കുവെച്ചു. മറ്റു ചിലർ ചില നിർദേശങ്ങള്‍ മുന്നോട്ടുവെച്ചു. 20 വർഷം മുൻപായിരുന്നെങ്കിൽ ഒരു കോടി രൂപയ്ക്ക് പലതും കിട്ടുമായിരുന്നു. ഇന്ന് നോയിഡ പോലുള്ള നഗരത്തിൽ തരക്കേടില്ലാത്ത ഫ്ലാറ്റിന് ഇപ്പോൾ ഒരു കോടി വിലയുണ്ട്. ബെംഗളുരുവിലും മുംബൈയിലും ഫ്ലാറ്റോ സ്ഥലമോ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആവില്ല എന്നാണ് ഒരു സാമൂഹ്യ മാധ്യമ ഉപയോക്താവ് പറഞ്ഞത്.
അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന പ്രദേശത്ത് നിന്ന് കുറച്ച് ദൂരെ ഒരു കോടി രൂപയ്ക്ക് സ്ഥലം വാങ്ങുന്നതാണ് ബുദ്ധിയെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. മിക്ക മെട്രോ നഗരങ്ങളിലും റിയൽ എസ്റ്റേറ്റുകാർ വില മനപൂർവ്വം കൂട്ടുകയാണ്. വില കൂടിയും കുറഞ്ഞതുമായി നിരവധി സ്ഥലങ്ങളുണ്ട്. ഏത് പ്രദേശത്താണ് സ്ഥലം വാങ്ങുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും വില എന്നതാണ് മറ്റൊരാളുടെ കമന്‍റ്.
1994 ല്‍ 500 രൂപ കൊടുത്ത് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ഓഹരി; ഇന്നത്തെ വില അറിയാമോ? കുറിപ്പ് വൈറല്‍
പ്രതീക്ഷകള്‍ കൂടുന്തോറും സ്ഥലത്തിന്‍റെ വിലയും കൂടും. കൂടുതൽ ആഡംബരം ആഗ്രഹിച്ചാൽ വീട് നിർമിക്കാൻ സാധാരണയുള്ള ചെലവിന്‍റെ 50 മുതൽ 70 ശതമാനം വരെ കൂടുതൽ പണം ചെലവഴിക്കേണ്ടിവരും എന്നാണ് ഉയർന്നുവന്ന മറ്റൊരു അഭിപ്രായം. ഒരു കോടിയുണ്ടായിട്ടും മതിയാകാത്തവരുണ്ട്. 20 ലക്ഷത്തിന്‍റെ വീട്ടിൽ സന്തോഷമായി ജീവിക്കുന്നവരും ഉണ്ട് എന്നിങ്ങനെ പോസ്റ്റിന് താഴെ ഫിലോസഫി പങ്കിടുന്നവരെയും കാണാം.