സ്ത്രീകളെ അധിക്ഷേപിച്ചാല്‍, ഭര്‍ത്താവാണെങ്കിലും ശരി ഒത്തുക്കി നിര്‍ത്താന്‍ 'വൈറ്റ് മാഫിയ' റെഡി
സുരക്ഷയോ സംരക്ഷണമോ തേടി സ്ത്രീകള്‍ എത്തുകയാണെങ്കില്‍ ആവശ്യമുള്ള സഹായം ചെയ്യാന്‍ വൈറ്റ് മാഫിയ റെഡി. സ്ത്രീ ബോക്സര്‍മാര്‍, റിട്ടയേർഡ് മിലിറ്ററി അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് വൈറ്റ് മാഫിയ.
സ്ത്രീകളെ അധിക്ഷേപിച്ചാല്‍, അത് ഭര്‍ത്താവോ, വാടക വീടിന്‍റെ ഉടമസ്ഥനോ, വഴിയാത്രക്കാരനോ... ആരാണെങ്കിലും ശരി ഇനി ചോദിക്കാനും പറയാനും ആളുണ്ട്. പക്ഷേ, അങ്ങ് ചൈനയിലാണെന്ന് മാത്രം. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഈ സംഘം അറിയപ്പെടുന്നത് 'വൈറ്റ് മാഫിയ' എന്നാണ്. ചൈനീസ് സമൂഹ മാധ്യമമായ ഡൗയിൻ ഏറെ ജനപ്രിയമായ ഒരു സംഘമാണ് വൈറ്റ് മാഫിയ. പേരില്‍ മാഫിയ എന്ന് ഉണ്ടെങ്കിലും ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു മാഫിയ സംഘമല്ല. മറിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം സ്ത്രീകളുടെ കൂട്ടായ്മയാണ്.
വൈറ്റ് മാഫിയ എന്ന സംഘത്തിലെ അംഗങ്ങള്‍ മുൻ മിലിട്ടറി ഓഫീസർമാർ, ബിസിനസ്സ് പ്രൊഫഷണലുകൾ, വനിതാ ബോക്സർമാർ എന്നിവരാണെന്നത് സംഘത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. 2022 ൽ നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ തങ്ങളെ സമീപിച്ചെന്ന് സംഘാംഗമായ ലീ പറയുന്നു. നിയമത്തിലെ പഴുതുകള്‍ കാരണം സ്ത്രീകള്‍ നേരിടുന്ന പല പ്രശ്നങ്ങളും പരമ്പരാഗത രീതിയില്‍ പരിഹരിക്കാന്‍ കഴിയില്ല. അങ്ങനെയാണ് ഞങ്ങള്‍ ദുര്‍ബലരായ സ്ത്രീകളെ സ്വന്തം നിലയില്‍ സഹായിക്കാന്‍ ശ്രമിക്കുന്നതെന്നും ലീ പറഞ്ഞതായി സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറ്റ് മാഫിയയുടെ സഹായം തേടിയെത്തുന്ന സ്ത്രീകളില്‍ അധികം പേരും 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇത്തരത്തില്‍ സഹായം തേടി എത്തുന്നവരില്‍ നിന്നും ആവശ്യപ്പെടുന്ന സേവനത്തിന് പകരമായി ഒരു തുക ഈടാക്കുന്നു. ഇത് ചിലപ്പോള്‍ 10,000 യുവാന്‍ (ഏകദേശം 1 ലക്ഷം രൂപ) കവിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ നിരന്തരം ശല്യം ചെയ്യുന്ന യുവാക്കളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നു. അത് പോലെ ഭൂഉടമ / വീട്ടുടമകളുമായുള്ള തര്‍ക്കത്തിലും വൈറ്റ് മാഫിയാ സംഘം ഇടപെടുന്നു. തങ്ങളുടെ പ്രവര്‍ത്തികളെല്ലാം നിയമാനുശ്രുതമാണെന്നും നിയമപരിധി ലംഘിക്കുന്ന യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നും വൈറ്റ് മാഫിയാ സംഘം പറയുന്നു. സ്വകാര്യ സുരക്ഷാ സംഘമായും പ്രവര്‍ത്തിക്കുന്ന വൈറ്റ് മാഫിയ അത്യാവശ്യ സന്ദര്‍ഭങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഇടങ്ങളിലും പോലീസിന്‍റെ സഹായം തേടുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.