മൂന്ന് കുട്ടികളുടെ അച്ഛന്‍ 1.91 കോടിക്ക് വേണ്ടി സ്വന്തം കണ്ണിന് പരിക്കേല്‍പ്പിച്ചു; പക്ഷേ ട്വിസ്റ്റ്
തൊഴില്‍ രഹിതനായ ഇയാള്‍ മൂന്ന് കുട്ടികളുടെ അച്ഛനാണ്. പണത്തിന് ആവശ്യം വന്നപ്പോള്‍ സ്വന്തം കണ്ണിന് തന്നെ പരിക്കേല്‍പ്പിച്ചു.
ഇന്‍ഷുറന്‍സ് പണം തട്ടാനായി മലേഷ്യക്കാരന്‍ സ്വന്തം കണ്ണിന് പരിക്കേല്‍പ്പിച്ചു. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി ഇയാളുടെ തട്ടിപ്പ് കണ്ടെത്തുകയും വഞ്ചനാ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഒരു ദശലക്ഷം റിയാൽ (ഏകദേശം 1.91 കോടി രൂപ) ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനാണ് മൂന്ന് കുട്ടികളുടെ അച്ഛനും ഭിന്നശേഷിക്കാരനുമായ മലേഷ്യന്‍ പൌരന്‍ ടാൻ കോക് ഗ്വാനാണ് ഈ കടുംകൈ ചെയ്തത്. പക്ഷേ, അതിപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറി.
ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുന്നതിനായി തൊഴിൽരഹിതനും 52 കാരനുമായ ടാൻ കോക് ഗ്വാൻ തന്‍റെ ഇടത് കണ്ണിന് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മലേഷ്യയിലെ പെനാങ്ങിലെ ബട്ടർവർത്തിലെ കംപുങ് പയയിൽ 2023 ജൂണിലായിരുന്നു സംഭവം. കണ്ണിന് പരിക്കേല്‍പ്പിച്ച ശേഷം പണത്തിനായി ഇയാള്‍ ഇൻഷുറൻസ് കമ്പനിയിൽ ഒരു ക്ലെയിം ഫയൽ ചെയ്തു. എന്നാല്‍ ടാൻ കോക് ഗ്വാന്‍റെ അവകാശവാദത്തില്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാര്‍ വഞ്ചനയ്ക്ക് ടാനിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
പെനാങ്ങിലെ ബട്ടർവർത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ഡിസംബര്‍ 30 -ാം തിയതിയാണ് കേസിലെ വാദം പൂര്‍ത്തിയായത് . ടാന്‍ കോടതിയില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ടാന്‍ തൊഴില്‍ രഹിതനാണെന്നും ഹൃദ്രോഗവും ഹൃദയാഘാതവും ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതിനിടെയാണ് ഇടത് കണ്ണ് നഷ്ടപ്പെടുന്നത്.
ഇത് അദ്ദേഹത്തിന്‍റെ ജീവിതം കൂടുതല്‍ ദുരിതപൂർണ്ണമാക്കിയെന്നും ആരോഗ്യവും വൈകല്യവും കാരണം ജോലി ചെയ്യാൻ കഴിയാന്‍ പറ്റാത്തതിനാല്‍ ടാനിന്‍റെ ഭാര്യയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ടാനിന് ജാമ്യം നല്‍കാന്‍ പോലും കോടതി തയ്യാറായില്ല. കേസില്‍ അടുത്ത വാദം 2025 ഫെബ്രുവരിയിലാണ് നടക്കുക. ഇയാൾക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.