ജീവിതം ആസ്വദിക്കണം; പ്രതിദിനം 12,000 രൂപ ചെലവഴിച്ച് ആഡംബര ഹോട്ടലിൽ താമസിച്ച് ഒരു കുടുംബം !
തങ്ങളുടെ പുതിയ ജീവിതരീതി വളരെയധികം ആസ്വാദ്യകരമാണന്നും അതിനാൽ ശിഷ്ടജീവിതവും ഇതുപോലെ തന്നെ ചെലവഴിക്കാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞു.
ചൈനയിൽ എട്ട് പേരടങ്ങുന്ന ഒരു കുടുംബം കഴിഞ്ഞ 229 ദിവസമായ ആഡംബര ഹോട്ടലിലാണ് താമസം. ഇതിനായി പ്രതിദിനം ഇവർ ചെലവഴിക്കുന്നത് 12,000 രൂപയാണ്. അതായത് ഇതുവരെ ഇവർ 28 ലക്ഷത്തോളം രൂപ ചെലവഴിച്ചു കഴിഞ്ഞു. ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇവരുടെ വിചിത്രമായ ആഡംബര ജീവിതം.
സെൻട്രൽ ഹെനാൻ പ്രവിശ്യയിലെ നൻയാങ് നഗരത്തിൽ നിന്നുള്ള ഈ കുടുംബം തങ്ങളുടെ ഫ്ലാറ്റിലെ താമസം ഉപേക്ഷിച്ചാണ് ഒരു ഹോട്ടൽ സ്യൂട്ട് സ്വന്തം വീടാക്കാൻ തീരുമാനിച്ചത്. ഒരു സ്വീകരണമുറിയും മറ്റ് രണ്ട് മുറികളുമുള്ള ഒരു ഹോട്ടൽ സ്യൂട്ടിലാണ് ഇപ്പോൾ ഈ എട്ടംഗ കുടുംബം താമസിക്കുന്നത്. തങ്ങളുടെ പുതിയ ജീവിതരീതി വളരെയധികം ആസ്വാദ്യകരമാണന്നും അതിനാൽ ശിഷ്ടജീവിതവും ഇതുപോലെ തന്നെ ചെലവഴിക്കാനാണ് തീരുമാനമെന്നും ഇവർ പറഞ്ഞതായാണ് സൗത്ത ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ഇവരുടെ മുറിയുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ടിവി, സോഫകൾ, കസേരകൾ, മേശകൾ എന്നിവ വൃത്തിയായി സജ്ജീകരിച്ചിരിക്കുന്ന ഹോട്ടൽ സ്വീകരണമുറി വീഡിയോയിൽ കാണാം. വസ്ത്രം, ഭക്ഷണം, വെള്ളം തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ കൊണ്ട് മുറി നിറച്ചിരിക്കുന്നതും കാണാം. പാർക്കിംഗ്, ഹീറ്റിംഗ്, വെള്ളം, വൈദ്യുതി എന്നിവയ്ക്ക് അധിക ചാർജുകൾ ഇല്ലാത്തതിനാൽ ഹോട്ടലിൽ നൽകേണ്ടി വരുന്ന വാടക തങ്ങൾക്ക് അധികമായി തോന്നുന്നില്ലെന്നാണ് കുടുംബാഗങ്ങളിൽ ഒരാളായ മു ക്സു പറയുന്നത്.
ഹൃദയാകൃതിയിൽ സ്ഫടികം, 80 കിലോ തൂക്കം; ഉറുഗ്വേ ഖനിത്തൊഴിലാളികളുടെ കണ്ടെത്തലിൽ ഞെട്ടി സോഷ്യൽ മീഡിയ !
കുടുംബസ്വത്തായി കിട്ടിയ ആറ് വസ്തുക്കളിൽ നിന്നും സമ്പാദിച്ച പണം ഉപയോഗിച്ചാണ് ഈ കുടുംബം മുന്നോട്ടുള്ള ജീവിതം ആഡംബരപൂർണ്ണമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും പുറത്ത് വന്ന ഒരു വാര്‍ത്ത, ചൈനയിലെ പ്രധാന നഗരങ്ങളില്‍ വാടക കൂടുന്നതിനാല്‍ ആളുകള്‍ കാറുകളും മറ്റ് വാഹനങ്ങളും സ്വന്തം വീടാക്കി മാറ്റുന്ന പ്രവണത വര്‍ദ്ധിക്കുന്നതിനെ കുറിച്ചായിരുന്നു.