4 ലക്ഷം ചെലവ്, 1500 ആളുകൾ, പൂക്കളും പ്രാർത്ഥനയും, കാറിന് സംസ്കാരച്ചടങ്ങ് നടത്തി കുടുംബം
വീഡിയോയിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാർ വീട്ടിൽ നിന്നും ആളുകളുടെ അകമ്പടിയോടെ തോട്ടത്തിലെടുത്തിരിക്കുന്ന കുഴിയിലേക്ക് കൊണ്ടു വരുന്നത് കാണാം.
വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന, തങ്ങളുടെ പ്രിയപ്പെട്ട കാറിന് വ്യത്യസ്തമായ അന്ത്യയാത്രയൊരുക്കി ഗുജറാത്തിൽ നിന്നുള്ള ഒരു കുടുംബം. ഗുജറാത്തിലെ അമ്രേലി ജില്ലയിൽ നിന്നുള്ള ഒരു കുടുംബമാണ് അടുത്തിടെ തങ്ങളുടെ 12 വയസ്സുള്ള മാരുതി സുസുക്കി വാഗണ്‍ ആറിന് വ്യത്യസ്തമായ രീതിയിൽ ഒരു അന്ത്യയാത്ര ഒരുക്കിയത്.
തങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യമായിട്ടാണ് ഉടമ സഞ്ജയ് പൊൽറയും കുടുംബവും ഈ കാറിനെ കാണുന്നത്. അതുകൊണ്ട് തന്നെ പഴക്കം ചെന്ന കാർ നശിപ്പിച്ച് കളയാനായി നൽകുന്നതിന് പകരം സംസ്കാരം നടത്താനാണ് ഇവർ തീരുമാനിച്ചത്. അതും വെറുമൊരു അന്ത്യയാത്രയല്ല, നാലുലക്ഷം രൂപ ചെലവിട്ട് 1500 പേരെയും ക്ഷണിച്ചായിരുന്നു ചടങ്ങുകൾ. ആ അതിഥികളിൽ ആത്മീയനേതാക്കളും പെടുന്നു.
കാറിനെ അടക്കുന്നതിന് വേണ്ടി തന്റെ കൃഷിയിടത്തിൽ തന്നെയാണ് പൊൽറ 15 അടി ആഴത്തിൽ കുഴി എടുത്തിരുന്നത്. തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും തനിക്കായി കൊണ്ടുവന്നത് ഈ കാറാണ് എന്നും അത് തന്റെയും കുടുബത്തിന്റെയും ഭാഗ്യമാണ് എന്നുമാണ് പൊൽറ വിശ്വസിക്കുന്നത്.
കാറിനെ അടക്കുന്നതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. വീഡിയോയിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാർ വീട്ടിൽ നിന്നും ആളുകളുടെ അകമ്പടിയോടെ തോട്ടത്തിലെടുത്തിരിക്കുന്ന കുഴിയിലേക്ക് കൊണ്ടു വരുന്നത് കാണാം. നിരവധിപ്പേർ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിച്ചേർന്നിട്ടുമുണ്ട്. പിന്നീട്, ഈ കാർ കുഴിയിലേക്ക് വയ്ക്കുന്നതും അതിന് മുകളിലേക്ക് മണ്ണിട്ട് മൂടുന്നതുമാണ് കാണുന്നത്.
പച്ചത്തുണി കൊണ്ട് മൂടി, അന്ത്യപ്രാർത്ഥനകളും നടത്തിയ ശേഷമാണ് കാറിനെ അടക്കം ചെയ്യുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.