ഹരിത ട്രൈബ്യൂണല്‍ വിധിയുടെ മറവില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സൈബര്‍ ആക്രമണം: വാസ്തവമെന്ത്?
പൊതുഭൂമിയില്‍ കച്ചവടതാല്‍പ്പര്യാര്‍ത്ഥം നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാതെ ഐടി വികസന പ്രവര്‍ത്തനങ്ങളെ ഈ ഉത്തരവ് ബാധിച്ചിട്ടില്ല. ഐ ടി തൊഴില്‍ അവസരങ്ങള്‍ക്ക് ഈ ഉത്തരവ് തടസ്സം നിന്നിട്ടുമില്ല.
ടെക്‌നോ പാര്‍ക്ക് വികസന പദ്ധതിയുടെ മറവില്‍ റിയല്‍ എസ്‌റ്റേറ്റ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനു പിന്നാലെ, ഏഷ്യാനെറ്റ് ന്യൂസിനെതിരെ സൈബര്‍ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ കാരണം കേരളത്തിന് 30,000 ഐടി തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ് പ്രചാരണം. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത അനൂപ് ബാലചന്ദ്രന്‍ എഴുതുന്നു
ഇക്കഴിഞ്ഞ മെയ് 30-നാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസനവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സുപ്രധാനമായ ഒരു ഉത്തരവ് വരുന്നത്. മൂന്നാം ഘട്ട പദ്ധതി അനുമതിയില്ലാതെ വികസിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ കമ്പനിയായ ടോറസിന്റെ അനുബന്ധകമ്പനി ഡ്രാഗണ്‍ സ്‌റ്റോണ്‍ റിയാലിറ്റിക്കുള്ള പാരിസ്ഥിതിക ക്ലിയറന്‍സ് ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത്. നിയമലംഘനത്തിന് 15കോടി പിഴയിട്ട ഹരിത ട്രൈബ്യൂണല്‍ ഈ തുക തണ്ണീര്‍ത്തടങ്ങള്‍ക്കായി വിനിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പാരിസ്ഥിതിക അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ട്രൈബ്യൂണല്‍ നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടം. അമേരിക്കന്‍ കമ്പനിയായ ടോറസിന്റെ ഇന്ത്യന്‍ പതിപ്പായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സാണ് ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗണ്‍ സ്റ്റോണ്‍ റിയാലിറ്റിയാണ് മൂന്ന് ഹെക്ടറിലേറെ സ്ഥലത്ത് നിര്‍മ്മാണങ്ങള്‍ നടത്തുന്നത്. ഈ നിര്‍മാണത്തില്‍ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ നടപടി. പദ്ധതി പ്രദേശത്ത് 1,33,491 ചതുരശ്ര മീറ്ററില്‍ നിര്‍മ്മാണങ്ങള്‍ക്കാണ് കമ്പനി നേരത്തെ അനുമതി നേടിയിരുന്നത്. എന്നാല്‍ ഇതിന് പുറമെ 1,37,673 ചതുരശ്ര മീറ്ററില്‍ കൂടി കമ്പനി അധിക നിര്‍മ്മാണങ്ങള്‍ക്ക് നടപടി തുടങ്ങി. ഇത് ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകനായ തോമസ് ലോറന്‍സ് നല്‍കിയ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി.
ടെക്‌നോപാര്‍ക്ക് മൂന്നാ ഘട്ട വികസനത്തിന്റെ ഭാഗമായി തണ്ണീര്‍ത്തടങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നതായി സര്‍ക്കാര്‍ സമിതികള്‍ തന്നെ കണ്ടെത്തിയിരുന്നു. പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാത പ്രശ്‌നങ്ങളും വെളിച്ചത്തുവന്നു. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. തണ്ണീര്‍ത്തടം നികത്തിയുള്ള നിര്‍മ്മാണങ്ങള്‍ ഇടക്ക് സ്റ്റേ ചെയ്‌തെങ്കിലും പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി കമ്പനി പ്രവര്‍ത്തനം തുടര്‍ന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി വന്നത്. എന്നാല്‍, ഇതിനു പിന്നാലെ, വസ്തുതകള്‍ വളച്ചൊടിച്ച്, ഏഷ്യാനെറ്റ് ന്യൂസിനു നേര്‍ക്ക് സൈബര്‍ ഇടങ്ങളില്‍ വ്യാപക ആക്രമണം ആരംഭിച്ചു. സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയെ അട്ടിമറിച്ചു, ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകളെ തുടര്‍ന്ന് 30,000 ഐടി തൊഴില്‍ അവസരങ്ങള്‍ നഷ്ടമായി എന്നിങ്ങനെയാണ് ഇടത് സൈബര്‍ ഗ്രൂപ്പുകളുടെ പ്രചാരണം.
എന്താണ് ഇതിന്റെ വാസ്തവം? എന്താണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്? എന്താണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നത്? കേരളത്തിന് ഐടി തൊഴിലവസരങ്ങള്‍ ഇതു മൂലം നഷ്ടപ്പെട്ടോ? ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നിലെ വാസ്തവം എന്താണ്? ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തയ്യാറാക്കിയ ആളെന്ന നിലയ്ക്ക് ഇക്കാര്യം; അന്വേഷിക്കുകയാണ് ഇവിടെ.
ലക്ഷ്യമിട്ടത് ഐടി വികസനമല്ല, പൊതുസ്വത്തിലെ റിയല്‍ എസ്റ്റേറ്റ് കച്ചവട സാധ്യതകള്‍
ഐടി വികസനത്തിനെന്ന പേരിലാണ് ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ട പദ്ധതി ആദ്യം വിഭാവനം ചെയ്യുന്നത്. ഇതിനായി ടെക്‌നോപാര്‍ക്ക് ഏറ്റെടുത്ത ഏഴ് ഏക്കറോളം ഭൂമിയാണ് ഡ്രാഗണ്‍ സ്‌റ്റോണ്‍ റിയാലിറ്റിയുടെ കൈവശം ഇപ്പോഴുള്ളത്. ഇത് കമ്പനി കാശുകൊടുത്ത് വാങ്ങിയതല്ല. പൊതു ആവശ്യത്തിനായി ഏറ്റെടുത്ത, നമ്മുടെ പൊതുസ്വത്തായ ഈ ഭൂമി, പദ്ധതിയുടെ ഭാഗമായി ചെറിയ തുക പാട്ടത്തിന് ടോറസ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സിന് നല്‍കുകയായിരുന്നു. ഐടി വികസനത്തിനല്ല, ടൗണ്‍ഷിപ്പ് വികസനമെന്ന പേരില്‍ ഈ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനായിരുന്നു കമ്പനിയുടെ നീക്കം.
ഡ്രാഗണ്‍സ്റ്റോണിന്റെ കൈവശമുള്ള ഈ പാട്ടഭൂമിയില്‍ വരാന്‍ പോകുന്നത് സ്വകാര്യ ഫ്‌ളാറ്റ് സമുച്ചയവും മള്‍ട്ടിപ്ലക്‌സുകളും ഷോപ്പിംഗ് മാളുമാണ്. പൊതുആവശ്യത്തിനെന്ന പേരില്‍ തണ്ണീര്‍ത്തടവും നിലവും നികത്തി ഈ ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് നീക്കം. കേരള പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിയുടെ ഇപ്പോള്‍ വിവാദമായ ഉത്തരവില്‍ ഈ ഭൂമിയിലെ 'Mixed use' പരാമര്‍ശിക്കുന്നുണ്ട്. ഈ ഭൂമിയില്‍ 1,33,491 ചതുരശ്ര മീറ്റര്‍ നിര്‍മാണത്തിന് അനുമതി വാങ്ങിയതിന് പിന്നാലെ, 1,37,673 ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ കൂടി നിര്‍മ്മാണം നടത്താനുള്ള നീക്കമാണ് ഡ്രാഗണ്‍സ്റ്റോണ്‍ കമ്പനിക്ക് തിരിച്ചടിയായത്. എന്നാല്‍, ഇതിനു സമീപം ഐടി വികസന ആവശ്യങ്ങള്‍ക്കായി ടോറസ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് നടത്തുന്ന കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ബാധകമല്ല. അതായത്, പൊതുഭൂമിയില്‍ കച്ചവടതാല്‍പ്പര്യാര്‍ത്ഥം നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാതെ ഐടി വികസന പ്രവര്‍ത്തനങ്ങളെ ഈ ഉത്തരവ് ബാധിച്ചിട്ടില്ല. ഐ ടി തൊഴില്‍ അവസരങ്ങള്‍ക്ക് ഈ ഉത്തരവ് തടസ്സം നിന്നിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട ജസ്റ്റിസ് പുഷ്പ സത്യനാരായണയുടെ ഉത്തരവ് ആര്‍ക്കും ലഭ്യമാണ്.
അന്വേഷണ പരമ്പരയിലേക്ക് എത്തിയത് ഇങ്ങനെ
തണ്ണീര്‍ത്തടം നികത്തി ഡ്രാഗണ്‍സ്റ്റോണ്‍ നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്കെതിരെ തിരുവനന്തപുരം സ്വദേശി തോമസ് ലോറന്‍സാണ് നിയമപോരാട്ടം നടത്തിയത്. തുടര്‍ന്ന്, 2020-ല്‍ സുപ്രിംകോടതി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തു. ടോറസ് ഡൗണ്‍ടൗണ്‍ പോലെ ഒരു പ്രധാനപദ്ധതിക്ക് എന്ത്‌കൊണ്ട് ഇത് സംഭവിച്ചു എന്ന അന്വേഷണത്തിലേക്ക് അപ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസ് കടക്കുന്നത്. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ ആളെന്ന നിലയ്ക്ക് ഈ ലേഖകന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, റവന്യുമന്ത്രിയുടെ ഓഫീസ്, ടെക്‌നോപാര്‍ക്ക് സിഇഒ, ടോറസ് പ്രതിനിധി, രണ്ട് സര്‍ക്കാരുകളുടെ കാലത്തെ നടപടികളായതിനാല്‍ വിരമിച്ചതും സര്‍വീസിലുള്ളതുമായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായും ബന്ധപ്പെട്ടിരുന്നു. അവര്‍ സൂചിപ്പിപ്പിച്ച തിരുത്തലുകള്‍ ഉള്‍ക്കൊണ്ടാണ് ഈ വിഷയത്തെ സമീപിച്ചത്.
സര്‍ക്കാര്‍ രേഖകളില്‍ തന്നെ ഇവിടത്തെ പരിസ്ഥിതി നാശം വ്യക്തമായിരുന്നു. കൃഷി വകുപ്പ്, റവന്യുവകുപ്പ്, സര്‍ക്കാരിന്റെ പ്രാദേശികതല നിരീക്ഷണ സമിതി, സംസ്ഥാന തല നിരീക്ഷണസമിതി, റിമോട്ട് സെന്‍സിംഗ് സെന്റര്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകള്‍ പദ്ധതി പ്രദേശത്ത് നടന്ന പാരിസ്ഥിതിക നിയമലംഘനങ്ങള്‍ കണ്ടെത്തി. (ഈ രേഖകള്‍ പൊതുമധ്യത്തില്‍ ലഭ്യമാണ്.) പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി, കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആദ്യം നിലകൊണ്ടതും കുഴപ്പം സൃഷ്ടിച്ചതും വാസ്തവത്തില്‍ ഈ സര്‍ക്കാര്‍ സംവിധാനങ്ങളാണ്. എന്നാല്‍ ഈ തടസങ്ങള്‍ മറികടന്നുള്ള പ്രത്യേക ഉത്തരവുകളും (GO 40/2018), അനുമതികളും നേടി പദ്ധതിയുടെ ഭാഗമായ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കമ്പനി മുന്നോട്ട് പോയി. ഇതിനിടയിലാണ് 2020-ല്‍ സുപ്രീംകോടതി സ്റ്റേ വന്നത്. എന്നാല്‍, പിന്നീട് സ്റ്റേ നടപടി നീങ്ങി. നിര്‍മ്മാണം തുടരുന്നതിന് അനുകൂലമായ ഉത്തരവ് കമ്പനി നേടി. ടോറസിന് അനുകൂലമായ ഈ സുപ്രീംകോടതി ഉത്തരവും ഏഷ്യാനെറ്റ് ന്യൂസ് വളരെ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ടോറസ് കമ്പനിയ്ക്ക് വിനയായതെന്ത്?
തലസ്ഥാന നഗരത്തില്‍ പൊതുഭൂമികള്‍ വേറെയുമുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങി 2016-ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോയ പദ്ധതിക്കായി അമേരിക്കന്‍ കമ്പനിയെ ആനയിച്ചത്' പ്രകൃതിദത്ത ജലസംഭരണികള്‍ ഉള്‍ക്കൊള്ളുന്ന ആറ്റിപ്രയിലെ ഭൂമിയിലേക്കാണ്. തണ്ണീര്‍ത്തട സമ്പന്നമായിരുന്ന ഭൂമിയിലേക്ക് ഇത്തരമാരു പദ്ധതി വന്നതാണ് അമേരിക്കന്‍ കമ്പനി തുടക്കം മുതല്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം. കുളങ്ങള്‍ മൂടി മണ്ണടിച്ചത് അടക്കമുള്ള അടിസ്ഥാനപരമായ കാര്യങ്ങളില്‍ ടെക്‌നോപാര്‍ക്കിനും വീഴ്ച സംഭവിച്ചു.
പദ്ധതി തുടങ്ങിയതിന് ശേഷം ടോറസ് ഇന്‍വസ്റ്റ്മെന്റ് ഹോള്‍ഡിംഗ്‌സിന്റെ ഭാഗത്തുനിന്നുണ്ടായ ചില നടപടികള്‍ക്കും കോടതികളില്‍ തിരിച്ചടി ലഭിച്ചു. പൂര്‍ണ്ണമായ പിന്തുണ കൊടുത്ത് പദ്ധതി മുന്നോട്ട് കൊണ്ടുപോയപ്പോഴും സര്‍ക്കാറിന് ഹരിത ട്രൈബ്യൂണലില്‍ ഇക്കാര്യങ്ങള്‍ നിയമപരമാണെന്ന് സ്ഥാപിക്കാനും ഇപ്പോള്‍ കഴിഞ്ഞില്ല. ഇതൊക്കെ ചേര്‍ന്നാണ് കമ്പനിക്ക് എതിരായ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായത്. ഇതൊന്നും പരിഗണിക്കാതെ ഏഷ്യാനെറ്റ് ന്യൂസിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ വാസ്തവത്തില്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്റെ തെറ്റായ വ്യാഖ്യാനമാണ്.
ഐടി അവസരങ്ങള്‍ നഷ്ടപ്പെടുമോ?
ടോറസ് ഇന്‍വസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സിന്റെ അനുബന്ധ കമ്പനിയായ വിന്റര്‍ഫെല്ലാണ് മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ ഐ ടി കെട്ടിടങ്ങളുടെ നിര്‍മ്മാണം നടത്തുന്നത്. ടോറസിന്റെ വമ്പന്‍ വിദേശ നിക്ഷേപമെന്ന് പറഞ്ഞാണ് ഇത് കൊട്ടിഘോഷിച്ച് കൊണ്ടു വന്നത്. എന്നാല്‍ ടോറസ് സര്‍ക്കാര്‍ ഒത്താശയോടെ ഈ ഭൂമിയില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയെ പങ്കാളിയാക്കി. വിദേശ നിക്ഷേപം എന്ന ആനുകൂല്യത്തില്‍ ഇന്ത്യന്‍ കമ്പനിയും നമ്മുടെ പൊതുഭൂമിയില്‍ അവകാശം തരപ്പെടുത്തി. ബംഗലുരുവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ ടെക്നോപാര്‍ക്ക് ഫേസ് ത്രീയില്‍ ഈ ഐടി കെട്ടിടങ്ങളുടെ നിര്‍മാണം ഇപ്പോഴും മുന്നോട്ടുപോവുന്നുണ്ട്. ട്രൈബ്യൂണല്‍ ഉത്തരവ് അതിനെ ബാധിക്കില്ല. ടോറസിന്റെ ഐ ടി കെട്ടിടങ്ങള്‍ മുന്‍നിശ്ചയപ്രകാരം പ്രവര്‍ത്തന സജ്ജമായാല്‍ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്ന പ്രശ്നം ഉദിക്കുന്നില്ല.
എന്നാല്‍, തൊട്ടടുത്തുള്ള ഡ്രാഗണ്‍സ്റ്റോണ്‍ ടൗണ്‍ഷിപ്പ് ഭൂമിയില്‍ പാരിസ്ഥിതിക ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ അമേരിക്കന്‍ കമ്പനി പ്രതിസന്ധിയിലാകും. ഇവിടെ നടക്കുന്നത് ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ്. ടോറസിന് തങ്ങളുടെ നടപടികള്‍ ചട്ടപ്രകാരമെന്ന് ന്യായീകരിക്കാന്‍ കഴിയുമെങ്കില്‍ നിയമവഴികള്‍ മുന്നിലുണ്ട്. ട്രൈബ്യൂണലില്‍ തിരിച്ചടിയായ എക്‌സ്റ്റന്‍ഷന്‍ മേഖലയില്‍ നിര്‍മ്മാണം തുടങ്ങിയിട്ടില്ലെന്നും ഉത്തരവ് പരിശോധിച്ച് തീരുമാനിക്കുമെന്നും ടോറസ് ഇന്‍വസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചിട്ടുണ്ട്. ടോറസിനെ പ്രതിസന്ധിയിലാക്കുന്ന ഈ ഭീമന്‍ പിഴത്തുകയില്‍ പാരിസ്ഥിതികാഘാത നിര്‍ണയ അതോറിറ്റിക്കും (SEIAA-K) ഉത്തരവാദിത്തമുണ്ട്. അതാണ് എന്‍ജിടി ഉത്തരവിലെ ആറാം ഭാഗം.
വ്യക്തമായി പറയുന്നത്: ' SEIAA Kerala which should have consider the project comprehensively and having treated the phase 3 as an expansion without application of mind is also liable for it's conduct.We are recommend MOEAF&CC to take appropriate action against to the authorities who were responsible in granting the Enviroment clearance for the Phase 3 project.''
ഇതാണ് വസ്തുത എന്നിരിക്കവെയാണ്, ഇക്കാര്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട്, കള്ളങ്ങളും അര്‍ദ്ധസത്യങ്ങളും വിളമ്പി ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഇപ്പോള്‍ സൈബര്‍ ആക്രമണം നടക്കുന്നത്.