ഇന്ത്യയും ഇന്ത്യക്കാരും വേറെ ലെവലാണ്, പൊളിയാണ്; ആതിഥ്യമര്യാദയും പ്രകൃതിസൗന്ദര്യവും വാഴ്ത്തി വിദേശി യുവാവ്
'മനോഹരമായ ആളുകളുള്ള മനോഹരമായ സ്ഥലം' എന്നാണ് ഇന്ത്യയെ കുറിച്ച് അദ്ദേഹം പറയുന്നത്. തങ്ങളുടെ സംഘത്തോട് നാട്ടുകാർ വളരെ നല്ല രീതിയിലാണ് പെരുമാറിയത് എന്നും ഹുബർ പറയുന്നു.
ഇന്ത്യയിലേക്ക് വിദേശത്ത് നിന്നും എത്തുന്ന ഒരുപാട് സഞ്ചാരികളുണ്ട്. അതിൽ ഇന്ത്യൻ സംസ്കാരം ഇഷ്ടപ്പെട്ടുവെന്നും ഇന്ത്യയിലെ ആളുകളുടെ ആതിഥ്യമര്യാദ ഇഷ്ടപ്പെട്ടുവെന്നും അഭിപ്രായപ്പെടുന്നവർ അനവധിയാണ്. അതുപോലെ, ഒരു യൂറോപ്യൻ ഡെവലപ്പർ അടുത്തിടെ ഇന്ത്യ സന്ദർശിച്ചു. തന്റെ ഇന്ത്യാ സന്ദർശനം താൻ ഈ വർഷം ചെയ്ത ഏറ്റവും മികച്ച കാര്യമാണ് എന്നാണ് ഇയാൾ പറയുന്നത്.
ധർമ്മശാലയിലെ ഫാർകാസ്റ്റർ ബിൽഡേഴ്‌സ് ഇൻ്റർനാഷണൽ ഫെല്ലോഷിപ്പിൽ പങ്കെടുക്കാൻ വേണ്ടിയാണ് ജർമ്മനിയിൽ നിന്നും സാമുവൽ ഹുബർ ഇന്ത്യയിലെത്തിയത്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയേയും, നമ്മുടെ രാജ്യത്തിന്റെ പ്രകൃതിസൗന്ദര്യത്തേയും പുകഴ്ത്തുകയാണ് ഇപ്പോൾ ഹുബർ. താൻ കണ്ടുമുട്ടിയ ആളുകളെയെല്ലാം ഹുബർ പ്രശംസിക്കുന്നുണ്ട്. ഒപ്പം 2025 -ൽ ഇന്ത്യയിലേക്ക് വീണ്ടും വരും എന്നാണ് അയാൾ പറയുന്നത്.
താൻ ധർമ്മശാലയും ഹിമാചൽ പ്രദേശും സന്ദർശിച്ചുവെന്നും ഓരോ മിനിറ്റും താൻ ആസ്വദിച്ചു എന്നുമാണ് ഹുബർ പറയുന്നത്. ഇവിടെ കണ്ടുമുട്ടിയവരെയെല്ലാം ഭായി എന്നാണ് ഹുബർ വിശേഷിപ്പിക്കുന്നത്.
എയർപോർട്ടിൽ നിന്നുള്ള യാത്രക്കിടെ വാഹനത്തിന്റെ ടയർ മാറ്റേണ്ടി വന്നതും ഡ്രൈവർ എത്ര എളുപ്പത്തിലാണ് അത് ചെയ്തത് എന്നതിനെ കുറിച്ചുമെല്ലാം ഹുബർ കുറിച്ചിട്ടുണ്ട്. ഒപ്പം ധർമ്മശാലയെത്തിയപ്പോൾ പ്രകൃതിസൗന്ദര്യവും ഹുബറിനെ ആകർഷിച്ചു. ഇവിടുത്തെ പ്രകൃതി സൗന്ദര്യത്തെ കുറിച്ചും അവിടെ കിട്ടുന്ന ഭക്ഷണത്തെ കുറിച്ചുമെല്ലാം ഹുബർ പുകഴ്ത്തുന്നുണ്ട്.
'മനോഹരമായ ആളുകളുള്ള മനോഹരമായ സ്ഥലം' എന്നാണ് ഇന്ത്യയെ കുറിച്ച് അദ്ദേഹം പറയുന്നത്. തങ്ങളുടെ സംഘത്തോട് നാട്ടുകാർ വളരെ നല്ല രീതിയിലാണ് പെരുമാറിയത് എന്നും ഹുബർ പറയുന്നു. മലമുകളിൽ വച്ച് ഫുട്ബോൾ കളിച്ചതിനെ കുറിച്ചും എല്ലാവർക്കുമൊപ്പം സന്തോഷത്തോടെ സമയം ചെലവഴിച്ചതിനെ കുറിച്ചുമെല്ലാം തന്റെ പോസ്റ്റുകളിൽ വാചാലനാവുന്നുണ്ട് ഹുബർ.
ഇന്ത്യക്കാരെയും ഇന്ത്യയിലെ പ്രകൃതിസൗന്ദര്യത്തേയും പുകഴ്ത്തി ഹുബർ പങ്കുവച്ച പോസ്റ്റുകൾക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്.