വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം, ജീവനക്കാരിയോട് അതിക്രമം, കഞ്ചാവ് കഴിച്ച് 26 -കാരന്‍റെ പരാക്രമം, അറസ്റ്റ്
ഇയാൾ വിമാനം പറന്നു കൊണ്ടിരിക്കെ പലതവണ വാതിൽ തുറക്കാൻ ശ്രമിച്ചു. കൂടാതെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറുകയും ശാരീരികബന്ധത്തിന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
വിമാനത്തിൽ കയറി പ്രശ്നങ്ങളുണ്ടാക്കുന്ന അനേകം പേരുണ്ട്. എത്രയോ പേർ അതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് നടപടികളും നേരിടുന്നുണ്ട്. അതുപോലെ, കഴിഞ്ഞ ദിവസം അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ഒരു യാത്രക്കാരൻ കഞ്ചാവ് കഴിച്ച് ആകെ ബഹളം വയ്ക്കുകയും അനുചിതമായും അക്രമപരമായും പെരുമാറുകയും ചെയ്തതിന് പിന്നാലെ അറസ്റ്റിലായി.
ന്യൂജേഴ്‌സി നിവാസിയായ എറിക് നിക്കോളാസ് ഗാപ്‌കോ എന്ന 26 -കാരനാണ് അറസ്റ്റിലായത്. ഇയാൾ വിമാനം പറന്നു കൊണ്ടിരിക്കെ പലതവണ വാതിൽ തുറക്കാൻ ശ്രമിച്ചു. കൂടാതെ ഫ്ലൈറ്റ് അറ്റൻഡന്റിനോട് മോശമായി പെരുമാറുകയും ശാരീരികബന്ധത്തിന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ജൂലൈ 18 -ന് സിയാറ്റിലിൽ നിന്ന് ഡാളസിലേക്ക് പോകുന്ന 2101 വിമാനത്തിലാണ് ഇയാളുണ്ടായിരുന്നത്. ഫയൽ ചെയ്ത ക്രിമിനൽ പരാതി പ്രകാരം, ഗാപ്‌കോ തൻ്റെ ഷർട്ട് അഴിച്ചുമാറ്റി. വിമാനത്തിലെ ജീവനക്കാർക്ക് നേരെ ബഹളം വയ്ക്കുകയും അവരെ അക്രമിക്കാൻ തുനിയുകയും ചെയ്തു.
സംഭവത്തിൻ്റെ വീഡിയോ ഫൂട്ടേജുകളിലൊന്നിൽ, ഗാപ്‌കോ ഷർട്ടൊന്നും ധരിക്കാതെ 'എനിക്ക് സുബോധമുണ്ട്' എന്ന് അലറുന്നത് കാണാം. വിമാനത്തിന്റെ ശുചിമുറിക്ക് അരികിലെത്തിച്ച് ജീവനക്കാർ ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും, ഇയാൾ തൻ്റെ സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ അവൻ്റെ കൈകളും കാലുകളും ബന്ധിക്കുകയായിരുന്നു. അതേസമയം ക്യാപ്റ്റൻ സാൾട്ട് ലേക്ക് സിറ്റിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. വിമാനം ലാൻഡ് ചെയ്ത ശേഷം പ്രാദേശിക സമയം 11 മണിയോടെ പൊലീസ് ഗാപ്കൊയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെയും ഇതുപോലെ അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും മദ്യപിച്ചും മറ്റും ബോധമില്ലാതെയാണ് പലരും ഇതുപോലെയുള്ള
അതിക്രമങ്ങൾ വിമാനത്തിൽ കാണിക്കാറ്.