ജലദോഷവുമായി ആശുപത്രിയിലെത്തി, സിടി സ്കാനിൽ യുവതിയുടെ ശ്വാസകോശത്തിൽ കണ്ടത് മെറ്റൽ സ്പ്രിം​ഗ്

എന്നാൽ, പനിയും ജലദോഷവും വരുന്നുണ്ടായിരുന്നു എന്നല്ലാതെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിരുന്നില്ല എന്നും അവർ പറയുന്നു.

Ekaterina Badulina woman suffering with cold Finds Metal Spring In Lungs

ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഒരു റഷ്യൻ കണ്ടന്റ് ക്രിയേറ്ററുടെ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് മെറ്റൽ സ്പ്രിം​ഗ്. എകറ്റെറിന ബദുലിന എന്ന യുവതിക്ക് ഏറെ നാളായി മൂക്കൊലിപ്പുണ്ടായിരുന്നു. കൂടാതെ വിറയലോട് കൂടിയ പനിയും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു. അവസ്ഥ വഷളായപ്പോൾ അവൾ കരുതിയത് തനിക്ക് ന്യൂമോണിയയാണ് എന്നായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഞെട്ടിയത്. 

ന്യൂമോണിയയാണോ എന്ന സംശയം ബലപ്പെട്ടപ്പോഴാണ് ബദുലിന ആശുപത്രിയിൽ പോയേക്കാം എന്ന് തീരുമാനിക്കുന്നത്. ഡോക്ടർ അവളോട് പറഞ്ഞത് എക്സ്‍റേ എടുക്കാനാണ്. എക്സ്റേ കണ്ടപ്പോൾ ഡോക്ടറും യുവതിയും ഞെട്ടി. അവളുടെ ശ്വാസകോശത്തിൽ ഒരു മെറ്റൽ സ്പ്രിം​ഗ്! അവളുടെ ജീവന് തന്നെ ഭീഷണിയായി മാറുന്ന മട്ടിലാണ് അത് കിടന്നിരുന്നത്. മുൻപ് നടന്ന ഏതോ ഓപ്പറേഷന്റെ ബാക്കിയായിട്ടായിരിക്കും അത് ശ്വാസകോശത്തിലെത്തിയത് എന്നാണ് കരുതുന്നത്. 

എക്സ്റേ വിശ്വസിക്കാനാവാത്തതിനാൽ ബ​ദുലിന ഒരു സിടി സ്കാൻ കൂടി എടുത്തു. അതിൽ മെറ്റൽ സ്പ്രിം​ഗിന്റെ സാന്നിധ്യം വളരെ വ്യക്തമായിരുന്നു. ചിത്രത്തിൽ 5 മുതൽ 16 മില്ലിമീറ്റർ വരെ വലിപ്പമുള്ള ഒരുതരം മെറ്റൽ സ്പ്രിംഗാണ് ഡോക്ടർമാർ കണ്ടെത്തിയത്. അത് ശ്വാസകോശത്തിലായിരുന്നു എന്നാണ് യുവതി പറഞ്ഞത്. 

എന്നാൽ, പനിയും ജലദോഷവും വരുന്നുണ്ടായിരുന്നു എന്നല്ലാതെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്ക് ഇതുവരെ അനുഭവപ്പെട്ടിരുന്നില്ല എന്നും അവർ പറയുന്നു. അതിനാൽ തന്നെ അത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു എന്നാണ് യുവതി പറയുന്നത്. 

ത്രോംബോബോളിസം എന്ന ​ഗുരുതരമായ അവസ്ഥ കാരണം പല സർജറികളും അവൾക്ക് നേരത്തെ ചെയ്യേണ്ടി വന്നിട്ടുണ്ട്. തന്റെ അതിജീവനം തന്നെ അവൾ ഒരു അത്ഭുതമായിട്ടാണ് കാണുന്നത്. ഈ സ്പ്രിം​ഗ് ശ്വാസകോശത്തിലെത്തിയത് അറിഞ്ഞപ്പോൾ താൻ ഭയന്നു. എന്നാലും ജീവിതത്തിൽ ശുഭപ്രതീക്ഷകളാണ് വയ്ക്കുന്നത്. ഭയത്തിലും നിരാശയിലും കാര്യമില്ലല്ലോ ആരും ഏത് നിമിഷവും മരിക്കാം, നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല എന്നും അവർ പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)

ഒരു ജോലിക്ക് വേണ്ടി കുറേ അലഞ്ഞു, അവസാനം ഓട്ടോ വാങ്ങി; പോസ്റ്റുമായി ​ഗ്രാഫിക് ഡിസൈനറായ യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios